ബ്രൈഡല്‍ ഷവർ വീട്ടിൽ തന്നെയാക്കിയാലോ? എങ്ങനെ വേണം ഒരുക്കങ്ങൾ?, ടിപ്സ്

കല്യാണത്തിന് മുമ്പ് വധുവിന് ബ്രൈഡല്‍ ഷവര്‍ നടത്തുന്ന ട്രെന്‍ഡ് ഇപ്പോള്‍ വ്യാപകമാണ്. ഇത് ഔട്ട്ഡോറിലോ വീട്ടിനുള്ളിലോ എല്ലാം നടത്താവുന്നതാണ്. വീട്ടിലെ ലിവിങ് റൂമോ ഡൈനിങ് റൂമോ മറ്റോ അലങ്കരിച്ച് ബ്രൈഡല്‍ ഷവറിനായി ഒരുക്കാവുന്നതാണ്. ഏറ്റവും ആകര്‍ഷകമായ രീതിയില്‍ ബ്രൈഡല്‍ ഷവറിനായി വീടിനെ അണിയിച്ചൊരുക്കാന്‍ ധാരാളം വഴികളുണ്ട്:
ഒരു ഡിസര്‍ട്ട് ടേബിള്‍ തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. കപ്കേക്കുകളും മാക്കറോണുകളും ചോക്കളേറ്റില്‍ മുക്കിയ സ്ട്രോബറികളുമെല്ലാം കാഴ്ചയ്ക്ക് ആകര്‍ഷകമായ രീതിയില്‍ ഡിസ്പ്ലേ ചെയ്യാനാണിത്. കേക്ക്സ്റ്റാന്റുകള്‍, ഫ്ളോറല്‍ അറേഞ്ച്മെന്റുകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് ഇത് നമുക്ക് കൂടുതൽ മനോഹരമാക്കാം.
ചടങ്ങിന് ഒരു ഫോട്ടോ ഡിസ്പ്ലേ നടത്തുന്നത് നല്ല ആശയമായിരിക്കും. തികച്ചും വ്യക്തിഗതമായിരിക്കണം ഇത്. വധുവിന്റെ ഏറ്റവും സ്പെഷ്യന്‍ മൊമന്റുകള്‍ ഒരു ഫോട്ടോ ടേബിളില്‍ ആകര്‍ഷകമായ ഫ്രെയിമുകളും സ്ട്രിങ് ലൈറ്റുകളുമുപയോഗിച്ച് അവതരിപ്പിക്കുന്നത് സന്തോഷവും ഗൃഹാതുരത്വവും ഉണര്‍ത്തും.
വീടിനുള്ളില്‍ ഒരു ബലൂണ്‍ ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുന്നതാണ് അടുത്ത ആശയം. വ്യത്യസ്ത വലുപ്പത്തിലുള്ള ബലൂണുകള്‍ ഉപയോഗിച്ച് ഒരു കവാടം ഉണ്ടാക്കിയെടുക്കുകയോ പലയിടങ്ങളിലായി തൂക്കിയിടുകയോ ചെയ്യാം. ഇത് കാഴ്ചയ്ക്ക് ആകര്‍ഷകമായിരിക്കും.
കസ്റ്റമൈസ് ചെയ്ത ഒരു വെല്‍ക്കം ബോര്‍ഡ് കവാടത്തിനുമിുന്നില്‍ സ്ഥാപിക്കുന്നത് നല്ല ആശയമാണ്. ഒരു സ്‌പെഷ്യല്‍ ആശംസയെഴുതി അത് റിബ്ബണുകളോ ഫ്‌ളോറല്‍ ഡെക്കറേഷനുകളോ ഉപയോഗിച്ച് അലങ്കരിക്കാം. ഇത് എല്ലാവര്‍ക്കും ദീര്‍ഘനാള്‍ ഓര്‍ത്തിരിക്കുന്ന ഒരു അനുഭവം സമ്മാനിക്കും.
ഇനി നമ്മുടെ വീട്ടില്‍ ഒരു ബ്രൈഡല്‍ ഷവര്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
- ആദ്യം തന്നെ ഹോസ്റ്റിനെ തെരഞ്ഞെടുക്കണം. വധുവിന്റെ ഉറ്റസുഹൃത്തൊക്കെയാണ് സാധാരണഗതിയില്‍ ബ്രൈഡല്‍ ഷവറിന് ഹോസ്റ്റാകാറുള്ളത്. ചടങ്ങിലെ മുഴുവന്‍ പരിപാടികളും ക്രമീകരിക്കുന്നതും നടത്തുന്നതും ഹോസ്റ്റായിരിക്കും.
- ബ്രൈഡല്‍ ഷവറിന് വേണ്ട ഏകദേശ ചെലവ് മുന്‍കൂട്ടി വിലയിരുത്തി അതനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. പരിപാടിക്ക് ആവശ്യമായ ഭക്ഷണം, ഡെക്കറേഷന്‍ ചെലവുകള്‍, ഇവന്റ് പ്ലാനിങ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവയ്ക്കുള്ള തുക, മറ്റാവശ്യങ്ങള്‍ക്കായുള്ള ചെലവ് എന്നിവയുടെയെല്ലാം ഏകദേശകണക്ക് മുന്‍കൂട്ടി കാണണം.
- ഒരു തീം സെറ്റ് ചെയ്യുക എന്നതാണ് അടുത്തത്. വെറുതേ ഒരു ബ്രൈഡല്‍ ഷവര്‍ നടത്താതെ വധുവിന് ഇഷ്ടപ്പെട്ട കളര്‍ തീമോ അല്ലെങ്കില്‍ പാട്ടിന്റെ വരികളോ ഒക്കെ ഉപയോഗിച്ച് തികച്ചും കസ്റ്റമൈസ്ഡ് ആയി തീം സെറ്റ് ചെയ്യാവുന്നതാണ്.
- ചുരുക്കത്തില്‍ തീയതിയും സമയവും നിശ്ചയിക്കുന്നതുമുതല്‍ അതിഥികളുടെ പട്ടിക തയ്യാറാക്കല്‍, ഡ്രെസ് കോഡ് തീരുമാനിക്കല്‍, ഗെയിമുകള്‍ പ്ലാന്‍ ചെയ്യല്‍ തുടങ്ങി അനേകം കാര്യങ്ങള്‍ ബ്രൈഡല്‍ ഷവറിനു മുന്നോടിയായി വീട്ടുകാര്‍ക്ക് ചെയ്യാനുണ്ട്.
Content Highlights: tips to decorate your home for bridal shower