ബത്ത, അക്ക, അവറാച്ചൻ ആൻഡ് സൺസ്, ഡോണ്ട് ട്രബിൾ ദ ട്രബിൾ ; OTTയിൽ ഈയാഴ്ചയിൽ സിനിമാപ്പൂരം

വ്യത്യസ്ത ജോണറുകളിലുള്ള വിവിധ ഭാഷകളിൽനിന്നുള്ള സിനിമകളും സീരീസുകളുമാണ് ഈയാഴ്ചയിലെ ഒടിടി റിലീസ്. വിജയ് സേതുപതി നായകനായ സൂപ്പർ ഹിറ്റ് ചിത്രമായ ബത്ത, ബിജു മേനോന്റെ അവറാച്ചൻ ആൻഡ് സൺസ്, ഫഹദ് ഫാസിലിന്റെ തെലുങ്ക് ചിത്രം ഡോണ്ട് ട്രബിൾ ദ ട്രബിൾ, തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്മ എന്നിവയാണ് ഈ വാരം ഒടിടി റിലീസാകുന്ന ചിത്രങ്ങൾ. കീർത്തി സുരേഷും രാധികാ ആപ്തേയും മുഖ്യവേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസായ 'അക്ക'യും ഈയാഴ്ചയിലെ പ്രധാന റിലീസാണ്.
നെറ്റ്ഫ്ലിക്സിലാണ് ഈയാഴ്ച ഏറ്റവും കൂടുതൽ റിലീസുകളുള്ളത്.
1. ബത്ത
നടുവിലെ കൊഞ്ചം പക്കത്തെ കാണോം, സീതാക്കാതി എന്നീ ചിത്രങ്ങൾക്കുശേഷം വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത ചിത്രമാണ് ബത്ത. ലിജോ മോൾ ജോസാണ് നായിക. അജയ് ഘോഷ്, വിഷ്ണു ഗോവിന്ദൻ, ബാലതാരം സായ് പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സായ് അഭ്യങ്കർ സംഗീതസംവിധാനം നിർവ്വഹിക്കുമ്പോൾ, സെൽവ കുമാർ എസ് കെ ഛായാഗ്രഹണം നിർവഹിക്കുന്നു. സംവിധായകൻ അറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം എ ഫോർ ആപ്പിൾ സ്റ്റുഡിയോസ്, സിനി1 സ്റ്റുഡിയോസ്, സ്റ്റാർ സ്റ്റുഡിയൊ18 എന്നിവയുടെ പിന്തുണയോടെയാണ് നിർമ്മിച്ചിരിക്കുന്നത്.
2. അവറാച്ചൻ & സൺസ്
ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനംചെയ്ത ചിത്രമാണ് അവറാച്ചൻ & സൺസ്. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉർവശി അതിഥി താരമായെത്തുന്നു. അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കിയത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ചിത്രം ലിസ്റ്റിൻ സ്റ്റീഫനാണ് അവതരിപ്പിച്ചത്.
3. ഡോണ്ട് ട്രബിൾ ദ ട്രബിൾ
ഫഹദ് ഫാസിൽ നായകനായ ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്നറാണ് 'ഡോണ്ട് ട്രബിൾ ദ ട്രബിൾ'. എസ്.എസ്. രാജമൗലി അവതരിപ്പിച്ച ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് ശശാങ്ക് യെലേറ്റിയാണ്. ഫഹദ് ഫാസിലിനൊപ്പം സ്സാര പലേക്കർ, സൗരഭ് സച്ച്ദേവ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്ട്രീറ്റ് മജീഷ്യനായ സൂരിയെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. യഥാർഥ മാന്ത്രികശക്തികളുള്ള ഒരു പെൺകുട്ടിയുമായി സൂരി കണ്ടുമുട്ടുന്നതോടെയാണ് കഥയുടെ രസകരമായ വഴിത്തിരിവുകൾ ആരംഭിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യത്തെ ലീഡ് തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും 'ഡോണ്ട് ട്രബിൾ ദ ട്രബിളി'നുണ്ട്. ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
4. സിഗ്മ
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ മകൻ ജേസൺ സഞ്ജയ്യുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് 'സിഗ്മ'. സന്ദീപ് കിഷൻ നായകനായ 'ചിത്രം ഹീസ്റ്റ് എന്റർടെയ്നറായാണ് ഒരുങ്ങിയത്. തമിഴ്നാട്ടിലും തായ്ലൻഡിലുമായാണ് ചിത്രീകരണം പൂർത്തിയായത്. എസ്. തമൻ സംഗീതം നൽകിയ ചിത്രത്തിൽ ഫരിയാ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപ് ദാസൻ, യോഗ് ജാപി, മഗാലക്ഷ്മി സുന്ദരം, ഷീല രാജ്കുമാർ, കമലേഷ്, കിരൺ കൊണ്ട തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
5. അക്ക
കീർത്തി സുരേഷും രാധികാ ആപ്തേയും മുഖ്യവേഷങ്ങളിലെത്തുന്ന വെബ് സീരീസാണ് അക്ക. അധികാരവും പാരമ്പര്യവും പ്രതികാരവും നിറഞ്ഞ ഗ്യാങ്സ്റ്റർ ലോകത്തിന്റെ പശ്ചാത്തലത്തിൽ, വ്യത്യസ്തമായ ലക്ഷ്യങ്ങളും വിശ്വാസങ്ങളുമുള്ള രണ്ട് കരുത്തുറ്റ സ്ത്രീകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സീരീസിന്റെ പ്രമേയം. 1980-കളുടെ പശ്ചാത്തലത്തിലുള്ള പെർണുരു എന്ന സാങ്കൽപ്പിക രാജ്യമാണ് 'അക്ക'യുടെ കഥാപരിസരം. കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്തെ രുദ്രയായും എത്തുന്നു. തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്കർ, മോണിക്ക പൻവാർ എന്നിവരും താരനിരയിലുണ്ട്. നെറ്റ്ഫ്ലിക്സും വൈ.ആർ.എഫ്. എന്റർടെയ്ൻമെന്റും ഒന്നിക്കുന്ന പുതിയ സീരീസ് സംവിധാനം ചെയ്യുന്നത് ധർമരാജ് ഷെട്ടി.
ജി.വി. പ്രകാശ് കുമാർ, കയാദു ലോഹർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഇമ്മോർട്ടൽ എന്ന ചിത്രം ഈയാഴ്ച ഒടിടി റിലീസ് ചെയ്യുന്നുണ്ട്. സോണി ലിവിലൂടെയാണ് സ്ട്രീമിങ്. ഗൗരി ജി. കിഷനും റംസാനും മുഖ്യവേഷങ്ങളിലെത്തുന്ന ലവ് ആൾവേയ്സ് എന്ന വെബ് സീരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെയും പുറത്തിറങ്ങും.
Content Highlights: This week's major OTT line-up features high-profile releases including Vijay Sethupathi's Tamil comedy-drama Bhatha, Fahadh Faasil's debut Telugu fantasy entertainer Don't Trouble The Trouble, Biju Menon's family drama Avarachan & Sons, Keerthy Suresh and Radhika Apte's Netflix gangster series Akka, and Jason Sanjay's directorial debut Sigma.