മൂന്നുപേരെ ഇടിച്ചിട്ട് കടന്നുകളഞ്ഞു: നടി ദിവ്യാ സുരേഷിനെതിരേ കേസ്, കാര്‍ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: അമിതവേഗത്തിലെത്തിയ കാര്‍ ഇരുചക്രവാഹന യാത്രക്കാരെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. രണ്ട് യുവതികള്‍ ഉള്‍പ്പെടെ മുന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നത് നടിയും റിയാലിറ്റി ഷോ താരവുമായ ദിവ്യാ സുരേഷ് റാവു ആണെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കി. ഒക്ടോബര്‍ നാലിന് ബൈട്ടരായണപുരയില്‍ നിത്യ ഹോട്ടലിന് സമീപം പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. കേസെടുത്ത് ആഴ്ചകള്‍ക്കുശേഷമാണ് പ്രതിയെ തിരിച്ചറിയുന്നത്.
കാറപകടത്തില്‍ പരിക്കേറ്റ കിരണ്‍ ജി. എന്ന യുവാവിന്റെ പരാതിയില്‍ ഒക്ടോബര്‍ ഏഴിനായിരുന്നു കേസ് രജിസ്റ്റര്‍ചെയ്തത്. ബന്ധുക്കളായ അനുഷ, അനിത എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെ അമിതവേഗത്തിലെത്തിയ കാര്‍ തങ്ങളെ ഇടിച്ചിട്ട് കടന്നുകളഞ്ഞുവെന്നാണ് പരാതി. കിരണിന്റേയും അനുഷയുടേയും പരിക്കുകള്‍ ഗുരുതരമല്ല. കാലൊടിഞ്ഞതിനേത്തുടര്‍ന്ന് അനിതയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു.
സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അപകടം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാറോടിച്ചിരുന്നത് ദിവ്യാ സുരേഷ് ആണെന്ന് വ്യക്തമായി. കാര്‍ കസ്റ്റഡിയില്‍ എടുത്തെന്നും അന്വേഷണം തുടരുകയാണെന്നും ബെംഗളൂരു വെസ്റ്റ് ട്രാഫിക് ഡിസിപി ഡോ. അനൂപ് ഷെട്ടി അറിയിച്ചു.
കന്നഡ ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധേയയായ നടിയാണ് ദിവ്യാ സുരേഷ്. ഏതാനും കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2021-ലെ കന്നഡ ബിഗ് ബോസ് സീസണ്‍ എട്ട് മത്സരാര്‍ഥിയായിരുന്നു.
Content Highlights: Kannada Actor Divya Suresh Identified As Driver In Bengaluru Hit-And-Run