Never Surrender Review | ജോൺ വിക്കും റാംബോയും ഒരാളായാൽ ഇങ്ങനെയിരിക്കും, അടിയുടെ പൊടിപൂരം

OTT റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ കണ്ട സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കി ഒരു ആക്ഷൻ ചിത്രം. സിദ്ധാർത്ഥ ടാറ്റ സംവിധാനംചെയ്ത Never Surrender (Serangan Balik) ആണ് ആ ചിത്രം. ലുക്മാൻ സാർദി, കാലിസ്റ്റ ആറം, സുൽത്താൻ ഹമോണോങ്കൻ, ഡെർബി റൊമേരോ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ചടുലമായ ആക്ഷൻ രംഗങ്ങളാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ ഹൈലൈറ്റ്.
മുൻപ് പല സിനിമകളിലും നമ്മൾ കണ്ട് പരിചയിച്ച കഥ തന്നെയാണ് ചിത്രത്തിന്റേത്. സെൻട്രൽ ജാവയിലെ ഒരു വിദൂര ഗ്രാമത്തിൽ ഒറ്റയ്ക്ക് ജീവിച്ചുവരുന്നയാളാണ് മുൻ കമാൻഡോ ആയ എയാങ് ഹാരി (ലുക്മാൻ സാർദി). ഒരു ദിവസം ഇദ്ദേഹത്തിന്റെ മരിച്ചുപോയ മകളുടെ ഭർത്താവ് അയാളുടെ രണ്ടുമക്കളായ പുത്രി, ദിമാസ് എന്നിവരെ ഹാരിയുടെ വീട്ടിലെത്തിക്കുകയാണ്. സ്വന്തം മക്കളെ അയാൾ ഇവിടെ എത്തിച്ചതിനു പിന്നിൽ മറ്റൊരു രഹസ്യംകൂടിയുണ്ട്. ആ രഹസ്യം തേടി ഒരു വലിയ അധോലോക സംഘം ഹാരിയുടെ വീട്ടിലേക്ക് എത്തുകയാണ്. ഇവരെ തുരത്താൻ ഹാരിയും രണ്ട് പേരക്കുട്ടികളും തയ്യാറെടുക്കുന്നതോടെ ആവേശക്കാഴ്ചകൾക്ക് തുടക്കമാകുന്നു.
ഒരുഭാഗത്ത് ആക്ഷനും വയലൻസും തകർത്താടുമ്പോൾ മറ്റൊരു ഭാഗത്തുകൂടി പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ഹൃദ്യമായ ബന്ധവും വൈകാരികമായ ഇഴയടുപ്പവും ചിത്രം കാണിച്ചുതരുന്നു. ഈ രണ്ട് ഘടകങ്ങളും ഒരു പ്രത്യേക അവസരത്തിൽ കൂട്ടിമുട്ടുമ്പോഴാണ് നെവർ സറണ്ടർ ത്രില്ലടിപ്പിക്കുന്ന ചലച്ചിത്രാനുഭവമായി മാറുന്നത്. ഹാരി എന്ന കഥാപാത്രത്തിന് കുറ്റബോധത്തിന്റേതായ ഒരു ഭൂതകാലമുണ്ട്. അതിന്റെ കെട്ടുപാടുകളെല്ലാം പൊട്ടിച്ചെറിഞ്ഞ് അയാളെ തിരിച്ചടിക്കാനും പോരാടാനും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഒരുക്കുക എന്ന രീതിയിലാണ് ഒരു ഘട്ടംവരെ ചിത്രം പോകുന്നത്. അതുകൊണ്ടുതന്നെ വില്ലന്മാരെ അവതരിപ്പിച്ചിരിക്കുന്നതും അത്രയേറെ ക്രൂരന്മാരായിട്ടാണ്. ഇവർക്ക് നായകന്റെ കയ്യിൽനിന്ന് രണ്ടെണ്ണം കിട്ടണം എന്ന് തോന്നിക്കുന്ന രീതിയിലാണ് വില്ലന്മാരെയും അവരുടെ ചെയ്തികളെയും കാണിച്ചിരിക്കുന്നത്. ഇവരെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ല എന്ന് പ്രേക്ഷകർക്ക് തോന്നുന്നിടത്താണ് സർവൈവൽ ത്രില്ലർ എന്നതും കടന്ന് ആക്ഷൻ ത്രില്ലറായി നെവർ സറണ്ടർ മാറുന്നത്.
നാടൻ തല്ലുമുതൽ സ്റ്റൈലിഷ് ആക്ഷനുകൾവരെ സമന്വയിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. നായകൻ പഴയ കമാൻഡോ കഥാപാത്രം ആയതിനാൽ സംഘട്ടനരംഗങ്ങൾ പ്രത്യേകം ഡിസൈൻ ചെയ്തിട്ടുണ്ടോ എന്നുചോദിച്ചാൽ തെറ്റുപറയാനാവില്ല. രണ്ട് മണിക്കൂർ 19 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. രണ്ടാം പകുതിയിലെ അവസാനത്തെ 45 മിനിറ്റാണ് കാണേണ്ട പൂരം. അമ്പിലും വില്ലിലുമാണ് തുടങ്ങുന്നത്. പിന്നെ കാണുന്നത് പലതരം ആയുധങ്ങളുടെ പ്രയോഗമാണ്. തോക്കുമാത്രം ഉപയോഗിച്ചുള്ള സ്റ്റണ്ട് രംഗങ്ങൾക്കായി കുറച്ചധികം സമയംതന്നെ നീക്കിവെച്ചിട്ടുണ്ട് സംവിധായകൻ. കായികപരമായ ഫെയ്സ്-ഓഫ് സീനുകൾ ഇതിനിടയിലൂടെ നടക്കുന്നുണ്ട്. ഇന്തോനേഷ്യയിൽനിന്നുള്ള ക്ലാസിക് ചിത്രമായ ദ റെയ്ഡ്, ഹോളിവുഡ് ചിത്രങ്ങളായ റാംബോ, ജോൺ വിക്ക് എന്നിവ ഒരുമിച്ച് കണ്ട പ്രതീതിയാണ് അവസാന 45 മിനിറ്റ് സമ്മാനിക്കുക. ഇതേ ചിത്രങ്ങളിലെ നായകന്മാരുടെ പോരാട്ടവീര്യം ഒരാളിൽ സന്നിവേശിപ്പിച്ചാൽ എങ്ങനെയിരിക്കും എന്ന രീതിയിലാണ് നായകനായ ലുക്മാൻ സാർദിയെ അവതരിപ്പിച്ചിരിക്കുന്നത്.
കഥാപശ്ചാത്തലം വെച്ചുനോക്കുകയാണെങ്കിൽ ഈയൊരു കഥ പറയാൻ ഇത്രയും ദൈർഘ്യം ആവശ്യമാണോ എന്ന് പ്രേക്ഷകർക്ക് തോന്നുന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. തുടക്കം കാണുമ്പോൾത്തന്നെ ക്ലൈമാക്സ് എന്താകുമെന്ന് പ്രവചിക്കാനും സാധിക്കുന്നുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെ ആക്ഷൻ രംഗങ്ങൾ ഡിസൈൻ ചെയ്തതിലൂടെയാണ് അണിയറപ്രവർത്തകർ മറികടക്കുന്നത്. ലുക്മാൻ സർദി പ്രധാന കഥാപാത്രമായ ഇയാങ് ഹാരിയായി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഖാലിദ് കഷോഗിയും സിദ്ധാർത്ഥ ടാറ്റയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഇൻഡൊനീഷ്യയിൽ നിന്ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഒന്നിലധികം ആക്ഷൻ ചിത്രങ്ങളിൽ ആദ്യത്തേതാണ് 'നെവർ സറണ്ടർ'. നവംബർ 12-ന് റിലീസ് ചെയ്ത ചിത്രം അതിവേഗമാണ് കാണികളെ ആകർഷിച്ചത്. ലോജിക്കൊന്നും നോക്കാതെ കയ്യടിച്ച് ആസ്വദിക്കാവുന്ന ചടുലമായ ആക്ഷൻ ചിത്രമാണ് നെവർ സറണ്ടർ.
Content Highlights: An action film, "Never Surrender (Serangan Balik)," directed by Siddharth Tata, set a record as the most-watched movie globally within a day of its OTT release. Starring Lukman Sardi, Kalista Aram, Sultan Hamonangan, and Derby Romero, this survival thriller is highlighted by its dynamic action sequences.