Madhuvidhu Review | 'മധുവിധു': പൊട്ടിച്ചിരി നിറയ്ക്കുന്ന കുടുംബവും മധുരമൂറുന്ന പ്രണയങ്ങളും

#അരുൺ മധുസൂദനൻ
'മധുവിധു' ട്രെയ്ലറിൽനിന്ന് | Photo: Screen grab/ YouTube: Zee Music South
'മധുവിധു' ട്രെയ്ലറിൽനിന്ന് | Photo: Screen grab/ YouTube: Zee Music South

കോമഡി ട്രാക്കിൽ നായകനായി തുടർച്ചയായി മികച്ച ചിത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ഷറഫുദ്ദീൻ. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരുടെ അരങ്ങേറ്റ ചിത്രം. 'പൊന്മാൻ', 'സർക്കീട്ട്', 'മസ്തിഷ്‌കമരണം' തുടങ്ങിയ മികച്ച സിനിമകൾ മലയാളത്തിന് നൽകിയ ബാനർ- അജിത് വിനായക ഫിലിംസ്. ബിബിൻ മോഹൻ- ജയ് വിഷ്ണു എന്നിവരുടെ രചനയിൽ വിഷ്ണു അരവിന്ദ് സംവിധാനംചെയ്ത 'മധുവിധു' കാണാനുള്ള കാരണങ്ങളിൽ ചിലതുമാത്രമാണിത്. പ്രതീക്ഷകളോട് ഏറെക്കുറെ അടുത്തുനിന്ന് തിയേറ്ററിൽ നല്ലൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമെന്ന് 'മധുവിധു'വിനെ വിശേഷിപ്പിക്കാം.

കോമഡിക്ക് പ്രാധാന്യം നൽകി റൊമാന്റിക്- കോമഡി ഗണത്തിൽ രണ്ടുമണിക്കൂർ അഞ്ചുമിനിറ്റ് തിയേറ്ററിൽ പൊട്ടിച്ചിരി നിറയ്ക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. സ്ത്രീകൾ 'വാഴാത്ത' ഒരു കുടുംബവും അവിടുത്തെ ഇളംമുറയിലെ ഒരാൾ പ്രണയത്തിലാവുന്നതുമാണ് ഇതിവൃത്തം. തുടർന്നുണ്ടാവുന്ന സൃഷ്ടിപരമായ സംഘർഷങ്ങളെ മികച്ച രീതിയിൽ തന്നെ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

അമൃത് രാജ് അഥവാ അമ്മു എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിക്കുന്നത്. സ്‌നേഹ എന്ന കഥാപാത്രമായി കല്യാണി പണിക്കരുമെത്തുന്നു. അമ്മുവിന്റേയും സ്‌നേഹയുടേയും അച്ഛൻ വേഷങ്ങളിൽ ജഗദീഷും സായ്കുമാറുമാണ്. അസീസ് നെടുമങ്ങാട്, സുരേഷ് ബാബു, അമൽ ജോസ് എന്നിവർ, പുരുഷന്മാർ മാത്രമുള്ള ആഞ്ഞിലിമൂട്ടിൽ തറവാട്ടിലെ വിവിധ അംഗങ്ങളായി എത്തുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജു മധു, ശ്രീജയ, അനുശ്രയ, കൗമുദി, വിജിത വിജയകുമാർ, വിനീത് തട്ടിൽ, ജയൻ ചേർത്തല, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിൽ അപ്രതീക്ഷിത സാന്നിധ്യമായി വിനീത് ശ്രീനിവാസനും അദൃശ്യസാന്നിധ്യമായി ഉർവശിയുമുണ്ട്.

തറവാട്ടിൽ സ്ത്രീകൾ വാഴില്ലെന്ന നാട്ടുകാരുടെ അപവാദത്തെത്തുടർന്ന് 28 വിവാഹാലോചനകൾ മുടങ്ങിയ യുവാവിന്റെ വേഷമാണ് ഷറഫു കൈകാര്യം ചെയ്യുന്നത്. അപ്രതീക്ഷിതമായി പരിചയപ്പെട്ട സ്‌നേഹയ്ക്ക് അമ്മുവിനോട് പ്രണയം തോന്നുന്നു. രണ്ട് സമുദായങ്ങളിൽപ്പെട്ട ഇവർക്ക് പക്ഷേ അക്കാര്യത്തിൽ പ്രതീക്ഷിച്ച എതിർപ്പൊന്നുമില്ലാതെ തന്നെ കല്യാണംവരെയെത്താൻ സാധിക്കുന്നു. എന്നാൽ, അമ്മുവിന്റെ പിതാവുൾപ്പെട്ട ഒരു സംഭവത്തെത്തുടർന്ന് ഇരുവരുടേയും വിവാഹം യാഥാർഥ്യമാവാത്ത സാഹചര്യമെത്തുന്നു. ഓരോ തവണയും ഇരുവരും ഒന്നിച്ചുചേരാൻ ശ്രമിക്കുമ്പോൾ പുതിയ പ്രതിബന്ധങ്ങളുണ്ടാവുന്നു. അഭിമാനബോധവും വാശിയും പിണക്കങ്ങളുമാണ് ഓരോ സമയത്തും ഇരുവരും തമ്മിലെ അകൽച്ച വലുതാക്കുന്നത്. പിന്നീട് കഥയിലുണ്ടാവുന്ന പുരോഗതിയിൽ, വീണ്ടും ഇവർക്ക് എല്ലാവുരുടേയും സമ്മതത്തോടെ ഒന്നിക്കാൻ അവസരം ലഭിക്കുമെങ്കിലും അവിടേയും ചില പ്രതിബന്ധങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇത് എങ്ങനെ നേരിടുമെന്നതാണ് ആകെ കഥയെ മുന്നോട്ടുനയിക്കുന്നത്.

കല്യാണപ്രായമെത്തിനിൽക്കുന്ന, കപ്പിനും ചുണ്ടിനുമിടയിൽ ഓരോ അവസരങ്ങളും നഷ്ടപ്പെട്ടുപോകുന്ന കഥാപാത്രത്തെ ഷറഫുദ്ദീൻ നന്നായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. കോമഡി സിറ്റുവേഷനുകളിൽ ഷറഫുദ്ദീന്റെ കൈയടക്കം പ്രേക്ഷകർമുമ്പ് പലകുറി കണ്ടതാണ്. കൂടുതൽ മെച്ചപ്പെടുന്നുവെന്നല്ലാതെ ഷറഫുവിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. ആദ്യസിനിമയാണെന്ന യാതൊരു പോരായ്മകളുമില്ലാതെയാണ് കല്യാണി തന്റെ വേഷം ഭംഗിയായി ചെയ്തുവെക്കുന്നത്. എല്ലാ ഇമോഷനുകളും നന്നായി തന്നെ അവതരിപ്പിക്കാൻ നടിക്ക് സാധിക്കുന്നുണ്ട്. ശബ്ദത്തിൽ പലപ്പോഴും കല്യാണിയിൽ, പഴയ ബിന്ദു പണിക്കരെ കേൾക്കാനും കഴിയും.

ജഗദീഷിന്റേയും സായ് കുമാറിന്റേയും അച്ഛൻ വേഷങ്ങൾ എടുത്തുപറയേണ്ടതുണ്ട്. തിരക്കഥയിലുള്ള ആഴം ഒരുപടികൂടി മുകളിലായി ഇരുവരും അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട്. അടുത്തിടെയായി ജഗദീഷ് ചെയ്തുവരുന്ന, പെർഫോമൻസിന് സാധ്യതകളുള്ള കഥാപാത്രങ്ങളിൽ മറ്റൊന്നായി 'മധുവിധു'വിലെ രാജ്കുമാർ എന്ന വേഷത്തെ കാണാം. കഴിക്കാട്ടൂർ കൊച്ചുരാജ എന്ന പഴയകാല കാരണവരുടെ വേഷവും ജഗദീഷ് ചിത്രത്തിൽ കൈകാര്യംചെയ്യുന്നു. തിയേറ്ററിൽ അടിമുടിച്ചിരപ്പൂരം നിറക്കുന്നത് അസീസ് നെടുമങ്ങാടാണ്. അംബരീഷ് എന്ന ചിറ്റപ്പൻ കഥാപാത്രത്തെ അത്രയും വിശ്വസനീയമായി അവതരിപ്പിക്കാൻ അസീസിന് സാധിക്കുന്നു.

മുറുക്കമുള്ള, രണ്ടുമണിക്കൂർ അഞ്ചുമിനിറ്റിനോടടുത്ത് ഒരിക്കലും പ്രേക്ഷനെ മുഷിപ്പിക്കാത്ത തിരക്കഥയാണ് ചിത്രത്തിന്റെ പ്രത്യേകത. അത് മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ സംവിധായകൻ വിഷ്ണു അരവിന്ദിന് സാധിക്കുന്നുണ്ട്. 'ഷൈലോക്കി'ന് ശേഷം ബിബിൻ മോഹനും 'പെറ്റ് ഡിക്ടറ്റീവി'ന് ശേഷം ജയ് വിഷ്ണുവും തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമാണ് 'മധുവിധു'. അണിയറപ്രവർത്തകരിൽ ഒരുപക്ഷേ ആദ്യം പരാമർശിക്കപ്പെടേണ്ട പേര് ഹിഷാം അബ്ദുൾ വഹാബിന്റേതാണ്. റൊമാൻസിന് പ്രാധാന്യമുള്ള ചിത്രങ്ങളിൽ പാട്ടുകളും പശ്ചാത്തലസംഗീതവും തന്റെ ശക്തിമേഖലയാണെന്ന് ഹിഷാം പല തവണ തെളിയിച്ചതാണ്. അതിന്റെ പുതിയൊരു വേർഷൻ മാത്രമാണ് 'മധുവിധു'. ഹിഷാമിന്റെ ഐഡന്റിറ്റി നിലനിർത്തുമ്പോഴും മുൻ ചിത്രങ്ങളോട് ഒരിക്കലും സാമ്യതയില്ലെന്നതാണ് അദ്ദേഹത്തിന്റെ ഓരോ പാട്ടുകളുടേയും പ്രത്യേകത. പാട്ടിലും പശ്ചാത്തലത്തിലുമുള്ള ഫ്രഷ്‌നസ് എടുത്തുപറയേണ്ടതാണ്. ചിത്രത്തിന്റെ റൊമാന്റിക് മൂഡുകൾ പലപ്പോഴും ഉയർത്തുന്ന് ഹിഷാമിന്റെ പാട്ടുകൾ തന്നെയാണ്.

ഒരു റൊമാന്റിക്- കോമഡി ചിത്രം അർഹിക്കുന്ന ട്രീന്റ്‌മെന്റാണ് ഫ്രെയ്മുകളുടെ കാര്യത്തിൽ വിശ്വജിത്ത് ഒടുക്കത്തിലിന്റേത്. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യനും കൈയടി അർഹിക്കുന്നുണ്ട്. ചിത്രം മുഷിപ്പിക്കാതെ മുറുക്കത്തോടെ അവതരിപ്പിക്കുന്നതിൽ ക്രിസ്റ്റിയുടെ പങ്ക് വളരേ വലുതാണ്. കോസ്റ്റിയൂം ഡിസൈനർ ദിവ്യ ജോർജ്, കലാസംവിധായകൻ ഔസേപ്പ് ജോൺ, ചമയം നിർവഹിച്ച ജിതേഷ് പൊയ്യ എന്നിവരും പ്രത്യേക പരാമർശം അർഹിക്കുന്നു.

ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന റൊമാന്റിക്- കോമഡി ചിത്രമാണ് 'മധുവിധു'. കുടുംബത്തോടൊപ്പം മറ്റൊന്നും ചിന്തിക്കാതെ രണ്ടുമണിക്കൂർ പൂർണ്ണമായും ആസ്വദിച്ചു കണ്ടിരിക്കാവുന്ന ചിത്രം.

Content Highlights: A refreshing romantic-comedy featuring Sharafudheen and debutante Kalyani Panicker. Strong performances by veteran actors Jagadish and Sai Kumar. Directed by Vishnu Aravind with a tight, engaging screenplay. Excellent music and background score by Hesham Abdul Wahab. A perfect 2-hour-5-minute family entertainer for the season