സ്നേഹത്തിൻ്റെയും കരുതലിൻ്റെയും അത്ഭുതങ്ങളുടേയും 'വിശേഷം' | REVIEW

ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. ആ പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയുന്നവർ തരണം ചെയ്യും, മുന്നോട്ട് കുതിക്കും. അത്തരത്തിൽ ഒരുപാട് പ്രശ്നങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ട് കുതിച്ച കുറച്ച് മനുഷ്യരുടെ കഥയാണ് ആനന്ദ് മധുസൂദനൻ തിരക്കഥ എഴുതി സൂരജ് ടോം സംവിധാനം ചെയ്ത 'വിശേഷം'. ആദ്യാവസാനം ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന ഒരു ഫീൽഗുഡ് കുടുംബചിത്രമെന്ന് ഒറ്റവാചകത്തിൽ ചിത്രത്തെ വിശേഷിപ്പിക്കാം.
കർഷകനും മോട്ടിവേഷണൽ സ്പീക്കറുമായ ഷിജു ഭക്തന്റെ ജീവിതം പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. നാട്ടുകാർക്ക് മുഴുവൻ മോട്ടിവേഷൻ നൽകുന്ന ഷിജു സ്വന്തം ജീവിതത്തിൻ്റെ താളം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഷിജുവിന്റെ ജീവിതത്തിലേയ്ക്ക് ഒരു പുഞ്ചിരിയോടെ പോലീസ് ഉദ്യോഗസ്ഥയായ സജിത കടന്നുവരുന്നതോടെ കഥയുടെ ഗതിമാറുകയാണ്. തുടർന്ന് ഇരുവരുടേയും ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം.
സജിതയായി ചിന്നു ചാന്ദ്നി വേഷമിടുമ്പോൾ ഷിജു ഭക്തനായി ആനന്ദ് മധുസൂദനൻ എത്തുന്നു. ചിത്രത്തിൻ്റെ തിരക്കഥാകൃത്തും ഗാനരചയിതാവും സംഗീത സംവിധായകനുമായി ആനന്ദ് മധുസൂദനന്റെ നായകനായുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിനുശേഷം ആനന്ദ് മധുസൂദനനും സൂരജ് ടോമും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിശേഷം'.
കല്യാണവും അതിനുശേഷം നാട്ടുകാരുടെ വകയുള്ള സ്ഥിരം ചോദ്യങ്ങളും കുത്തുവാക്കുകളും ഒക്കെ ഇവരുടേയും ജീവിതത്തിലേയ്ക്ക് കടന്നുവരുന്നുണ്ട്. താളം തെറ്റിത്തുടങ്ങിയ ജീവിതങ്ങൾ ഇരുവരും ചേർന്ന് സ്നേഹത്തിൻ്റെയും സഹനത്തിൻ്റേയും പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് സംവിധായകൻ പ്രേക്ഷകനായി പിന്നീട് ഒരുക്കിവെച്ചിരിക്കുന്നത്.
അത്ഭുതങ്ങളിൽ വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ് ചിത്രം. അത്ഭുതങ്ങൾ ആരുടെ ജീവിതത്തിലും സംഭവിക്കാം, അതിനായി ക്ഷമയോടെയും പരസ്പര സ്നേഹത്തോടെയും കാത്തിരിക്കുകയാണ് പ്രധാനമെന്ന് ചിത്രം കാണിച്ചുതരുന്നുണ്ട്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് കുതിക്കാനുള്ള ഊർജം പകരാനും ഈ ചിത്രത്തിലൂടെ സംവിധായകൻ ശ്രമിക്കുന്നുണ്ട്.
ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹവും കരുതലുമെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രശ്നങ്ങളിൽ ഭയന്നോടാതെ ഒരുമിച്ച് മുന്നോട്ട് സഞ്ചരിക്കണമെന്ന് പറഞ്ഞുവെക്കുകയാണ് സംവിധായകൻ ചിത്രത്തിലൂടെ. കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ബൈജു എഴുപുന്ന, ജോണി ആന്റണി, അൽത്താഫ് സലിം, കുഞ്ഞി കൃഷ്ണൻ, വിനീത് തട്ടിൽ, ശരത് സഭ, മാലാ പാർവതി, ഷൈനി രാജൻ, ജിലു ജോസഫ്, സരസ ബാലുശ്ശേരി, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവരടങ്ങുന്ന വലിയ താരനിരയും ഉണ്ട്.
വെെകാരിക നിമിഷങ്ങൾക്കൊപ്പം തമാശയ്ക്കും ഏറെ പ്രാധാന്യം നൽകിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ കഥാപാത്രങ്ങൾ മനോഹരമായി തിരശ്ശീലയിലെത്തിക്കാൻ ആനന്ദിനും ചിന്നുവിനും സാധിച്ചിട്ടുണ്ട്. അൽത്താഫ് അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതൽക്കൂട്ടാവുന്നുണ്ട്.
നല്ലൊരു പ്രമേയം മികച്ച രീതിയിൽ ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പ്രമേയത്തോട് ചേർന്നുനിൽക്കുന്ന ടെെറ്റിലും ചിത്രത്തിൻ്റെ ഭംഗി വർധിപ്പിക്കുന്നത്. മനോഹരങ്ങളായ ഒരുപിടി ഗാനങ്ങളാണ് ചിത്രത്തിൻ്റെ കാതൽ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് മാളവിക വി. എൻ ആണ്. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജാണ് 'വിശേഷ'ത്തിൻ്റെ നിർമാണം.
Content Highlights: Anand Madhusoodanan chinnu chandhni movie vishesham review