വാനപ്രസ്ഥത്തിലൂടെ മലയാളത്തില്‍; പിതാവിന്റെ വിയോഗം അറിയുന്നത് കോഴിക്കോട്ടെ പരിപാടിക്കിടയിൽ

ഉസ്താദ് സാക്കിർ ഹുസൈൻ | ഫോട്ടോ: മാതൃഭൂമി
ഉസ്താദ് സാക്കിർ ഹുസൈൻ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: വിടപറഞ്ഞ നാദവസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന്‍ കേരളത്തെയും ഇവിടത്തെ സംഗീതാസ്വാദകരെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം എന്ന ചിത്രത്തിന് സംഗീതംകൊടുക്കാനായത് മറക്കാനാകാത്ത അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോഴിക്കോട്ട് മലബാര്‍ മഹോത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് പിതാവ് അല്ലാരഖ ഖാന്റെ വിയോഗം അദ്ദേഹം അറിയുന്നത്. അതുകൊണ്ടുതന്നെ കേരളം സന്തോഷവും ദുഃവും കലര്‍ന്ന ഓര്‍മയായിരുന്നു അദ്ദേഹത്തിന്.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്കിര്‍ ഹുസൈന്‍ തനിക്ക് കേരളവുമായുള്ള ബന്ധത്തേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 'കേരളം ചിരിയും കണ്ണീരുംപുരണ്ട ഓര്‍മയാണെനിക്ക്. ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥത്തിന് സംഗീതംകൊടുക്കാനായത് മറക്കാനാവാത്ത ഒരു അനുഭവമാണ്. കഥകളിയെ ആസ്പദമാക്കി നിര്‍മിച്ച ആ പ്രോജക്ടില്‍ ലെജന്‍ഡുകളുടെ വലിയ ഒരു നിരതന്നെ ഉണ്ടായിരുന്നു.'

'മറ്റൊന്ന് കോഴിക്കോട്ടെ മലബാര്‍ മഹോത്സവമാണ്. താളത്തെയും തബലയെയും ഗസലുകളെയും ഹിന്ദുസ്ഥാനി സംഗീതത്തെയും ഭ്രാന്തമായി സ്‌നേഹിക്കുന്ന കലാസ്വാദകരുടെ ഒരു വലിയകൂട്ടായ്മ അന്ന് കോഴിക്കോട് കടല്‍ത്തീരത്ത് ഒത്തുകൂടിയത് ഞാനോര്‍ക്കുന്നു. എത്രവായിച്ചാലും നമുക്ക് മതിയാവില്ല. എത്രകേട്ടാലും ആസ്വാദകര്‍ക്കും മതിവരില്ല', കോഴിക്കോടിനേക്കുറിച്ച് അദ്ദേഹം പറഞ്ഞു.

'ദുഃഖകരമായ സംഭവം നടന്നതും കോഴിക്കോട്ട് മലബാര്‍ മഹോത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെത്തന്നെയായിരുന്നു -അബ്ബാജിയുടെ മരണം. എന്റെ ജീവിതത്തിലെ ഗുരുവും വഴികാട്ടിയും സ്‌നേഹിതനും അവസാനവാക്കും അദ്ദേഹമായിരുന്നു. എനിക്ക് കേരളം കണ്ണീരും ചിരിയും പുരണ്ട ഓര്‍മയാണെന്ന് പറഞ്ഞത് അതാണ്', അദ്ദേഹം അനുസ്മരിച്ചു.

Content Highlights: Legendary tabla maestro Zakir Hussain`s cherished memories of Kerala