'എന്റെ പ്രണയനൊമ്പരം നീ കാണുന്നില്ലേ?' സഖ്മെ ദില്‍ ശ്രദ്ധേയമാകുന്നു

ഒരുസംഘം അസാമാന്യ സംഗീതപ്രതിഭകള്‍ ഒത്തുചേര്‍ന്ന മനോഹരപ്രണയഗാനം സഖ്മെ ദില്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. ദ എയ്റ്റ്ത് നോട്ട് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോഗാനം റിലീസ് ചെയ്തിരിക്കുന്നത്. സുജിത് സുധി വരികളെഴുതി ഈണമിട്ട ഗാനം സംഗീതസംവിധായകന് കൂടിയായ വീത്രാഗ് ആണ് ആലപിച്ചിരിക്കുന്നത്. ദ എയ്റ്റത് നോട്ട് നേരത്തെ റിലീസ് ചെയ്ത ഗാനങ്ങളും സംഗീതപ്രണയികളുടെ റിപ്പീറ്റ് വാല്യൂ ലിസ്റ്റില്‍ ഇടം നേടിയവയാണ്.
ഗാനത്തിന്റെ പിന്നണിയിലെ ഗിറ്റാര്‍ പോര്‍ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത് സംഗീത് പവിത്രനാണ്. കൂടാതെ മ്യൂസിക് പ്രൊഡക്ഷന്‍, മിക്സിങ് & മാസ്റ്ററിങ് എന്നിവയും ഇദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ബേസ് ഗിറ്റാര്‍ വായിച്ചിരിക്കുന്നത് രാജു ജോര്‍ജാണ്. യുവകലാകാരിയായ മുഗ്ദ്ധയാണ് പിയാനോ പ്ലേ ചെയ്തിരിക്കുന്നത്. ഗിറ്റാര്‍, പിയാനോ എന്നീ സംഗീതോപകരണങ്ങളാണ് പ്രധാനമായും ഗാനത്തിന്റെ ബാക്ഗ്രൗണ്ടില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഗാനത്തിനോടൊപ്പം തന്നെ മികച്ചുനില്‍ക്കുന്നതാണ് ഗാനത്തിന്റെ വീഡിയോയും. മട്ടാഞ്ചേരിയുടെ മനോഹാരിത ഒട്ടും ചോരാതെ തന്നെ പകര്‍ത്തിയെടുക്കുന്നതില്‍ സിനിമോട്ടോഗ്രാഫര്‍ ഷിജുവും സഹായി ജിയാദും നൂറ് ശതമാനം വിജയിച്ചിരിക്കുന്നു. വീഡിയോ എഡിറ്റിങ്ങും ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റും കൈകാര്യം ചെയ്തിരിക്കുന്നത് ഉജ്ജ്വല്‍ എം. ആണ്. മട്ടാഞ്ചേരിയില്‍ മത്സ്യബന്ധനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷാഹുല്‍ ഹമീദ്, ഇസ്മയില്‍ ഇച്ചു എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഗാനരംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ഗാനം നേടുന്നത്.
Content Highlights: Zakhm-e-dil Song, Veetraag, Sujit Sudhi, New Releases, New Song, Music, Album Song