സംസ്കാരച്ചടങ്ങിൽ യഷ് വരണമെന്ന് ആരാധകന്റെ ആത്മഹത്യാക്കുറിപ്പ്; പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞ് നടൻ

ആത്മഹത്യ ചെയ്ത ആരാധകന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാതിരുന്നത് തെറ്റായ സന്ദേശം നൽകാൻ ആഗ്രഹിക്കാത്തതിനാലാണെന്ന് കന്നഡ താരം യഷ്. അത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നതിനാലാണ് താൻ മാറിനിന്നതെന്നും നടൻ വ്യക്തമാക്കി. ഇന്ത്യ ടി.വിയുടെ 'ആപ് കീ അദാലത്' എന്ന പരിപാടിയിൽ അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു യഷ്.
2021 ഫെബ്രുവരിയിലാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള കൊടിദൊഡ്ഡി ഗ്രാമത്തിലെ രാമകൃഷ്ണ (25) എന്ന ആരാധകൻ ആത്മഹത്യ ചെയ്തത്. തന്റെ സംസ്‌കാരച്ചടങ്ങിൽ നടൻ യഷും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതായി ആത്മഹത്യാക്കുറിപ്പിൽ രാമകൃഷ്ണ വ്യക്തമാക്കിയിരുന്നു. സിദ്ധരാമയ്യ ചടങ്ങിൽ പങ്കെടുത്തുവെങ്കിലും യഷ് എത്തിയിരുന്നില്ല.
സംഭവത്തെക്കുറിച്ചായിരുന്നു ചോദ്യം. ഇത്തരം പ്രവൃത്തികൾ ആളുകളിൽ തെറ്റായ ചിന്താഗതി ഉണ്ടാക്കുമെന്ന് യഷ് പറഞ്ഞു. 'അവിടെ പോയാൽ, ഇതുപോലെയെന്തെങ്കിലും ചെയ്താൽ ഞാൻ വരുമെന്ന് മറ്റു പലരും കരുതാനിടയുണ്ട്. ആ ചിന്താഗതി തന്നെ തെറ്റാണ്. അവൻ മരിച്ചതിനു ശേഷം ഞാൻ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതുകൊണ്ട് എന്താണ് കാര്യം? അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. അവന്റെ മരണത്തിൽ എനിക്ക് വിഷമവും സങ്കടവും ഉണ്ടായിരുന്നു. എന്നാൽ ഞാൻ അവിടെ പോയിരുന്നെങ്കിൽ മറ്റുള്ളവരും അത് പിന്തുടരാൻ സാധ്യതയുണ്ടായിരുന്നു,' യഷ് വ്യക്തമാക്കി.
എന്തെങ്കിലും നേട്ടങ്ങൾ കൈവരിച്ച് തന്നെ കാണാൻ ആഗ്രഹിക്കുന്നവരുടെ അടുത്തേക്ക് പോകാൻ താൻ പരമാവധി ശ്രമിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. 'ആരെങ്കിലും എന്തെങ്കിലും നേട്ടം കൈവരിച്ച ശേഷം യഷ് വരണമെന്ന് ആവശ്യപ്പെട്ടാൽ, കഴിയുമെങ്കിൽ ഞാൻ പോകാൻ ശ്രമിക്കും. എന്നാൽ ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കമാകും. അതുകൊണ്ടാണ് ഞാൻ പോകാതിരുന്നത്,' യഷ് പറഞ്ഞു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ- അപ്‌സ്' ആണ് യഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരും അണിനിരക്കുന്ന ചിത്രം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ എത്തുന്നത്.
Content Highlights: Kannada superstar Yash addressed why he skipped the funeral of a 25-year-old fan, Ramakrishna, who died by suicide in Mandya in 2021. The fan's suicide note contained a specific final wish for Yash and former Karnataka Chief Minister Siddaramaiah to attend his last rites. Speaking on 'Aap Ki Adalat', Yash explained that attending would send the wrong message and potentially encourage similar extreme actions among fans. He emphasized that while he deeply mourned the loss, he prefers to meet fans when they achieve something meaningful rather than encouraging harmful behavior. On the professional front, Yash is preparing for his upcoming film 'Toxic: A Fairy Tale for Grown-ups', directed by Geetu Mohandas