‘അമ്മയോടൊപ്പം അച്ഛനും ചേർന്നു, ശരീരം വിട്ടുപോയാലും എന്നിലൂടെ ജീവിക്കും’; പിതാവിന്റെ വിയോഗത്തിൽ യദു കൃഷ്ണൻ

പിതാവിന്റെ വിയോഗ വാർത്ത പങ്കുവെച്ച് നടൻ യദു കൃഷ്ണൻ. സാമൂഹികമാധ്യമങ്ങളിലെ വൈകാരിക കുറിപ്പിലാണ് താരം മരണവിവരം പങ്കുവെച്ചത്. ബുധനാഴ്ചയായിരുന്നു നടന്റെ പിതാവിന്റെ വിയോഗം.'അമ്മയോടൊപ്പം അച്ഛനും ചേർന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കിടപ്പായിരുന്നുവെങ്കിലും അങ്ങനെ പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛന് ഉണ്ടായിരുന്നില്ല', നടൻ കുറിച്ചു.
'അമ്മയുടെ ആണ്ടാണ് വരുന്ന ഏഴാം തീയതി. അതിനു മുൻപേ ഞാൻ പോകുമെന്നൊക്കെ പറയുമായിരുന്നെങ്കിലും, ഞങ്ങളാരും അതത്ര കാര്യമായിട്ടെടുത്തില്ല. ഈ കഴിഞ്ഞ ബുധനാഴ്ച പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ, നിമിഷ നേരത്തിനുള്ളിൽ അച്ഛൻ പോയി. സുഖമരണം. അച്ഛനാഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും.'-യദു കൃഷ്ണൻ കുറിച്ചു.
'ഒഴിമുറി എന്ന സിനിമ കണ്ടതിൽപ്പിന്നെ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, അച്ഛന്റെ ശീലങ്ങൾ, ഇഷ്ടങ്ങൾ, രുചികൾ, പെരുമാറ്റം, സ്‌നേഹം, ഇതൊക്കെ തന്നെയാണ് എന്നിലുമുള്ളത് എന്ന്. അതുകൊണ്ട് അച്ഛന്റെ ശരീരം വിട്ടുപോയാലും, എന്നിലൂടെ അച്ഛൻ ഇനിയും ഇവിടെ ജീവിക്കും.'-അദ്ദേഹം കൂട്ടിച്ചേർത്തു.
പിതാവിനൊപ്പമുള്ള ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്. സിനിമാ- സീരിയൽ ലോകത്തെ പ്രമുഖർ താരത്തിന് ആശ്വാസവാക്കുകളുമായെത്തി.
Content Highlights: Actor Yadu Krishnan announced the passing of his father on Wednesday. His father passed away peacefully shortly after having his meals. Yadu recalled his father's words about rejoining his late mother before her upcoming death anniversary. The actor drew parallels to the movie 'Ozhimuri', noting he shares his father's traits and preferences. Members of the film and serial fraternity extended their condolences to the actor.