ശരീരഭാരം 100 കിലോ വരെയെത്തി, ചെറിയ പടികൾ കയറാൻപോലും വിഷമിച്ചു, സഹായിച്ചത് മൗ തായ് പഠനം -വിസ്മയ

ബോഡി ടൈപ്പ് വെച്ച് ആളുകളെ വിലയിരുത്തുന്ന കാലം കുറച്ചൊക്കെ മാറിയിട്ടുണ്ടെന്ന് വിസ്മയ മോഹൻലാൽ. സത്യത്തിൽ ശരീരത്തിന്റെ ഭാരവും ഫിറ്റ്നസും തമ്മിൽ ബന്ധമില്ല. ശരീരഭാരമല്ല സത്യത്തിൽ ഫിറ്റ്നസ് നിർവചിക്കുന്നത്. തനിക്ക് 100 കിലോ വരെ ശരീരഭാരം എത്തിയിരുന്ന സമയമുണ്ടായിരുന്നു. ഇതുമൂലമുണ്ടായ പ്രശ്നങ്ങൾ മറികടക്കാൻ മൗ തായ് പഠനമാണ് സഹായിച്ചതെന്നും അവർ പറഞ്ഞു. തുടക്കം എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ടാ പ്ലസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.
"ബോഡി ടൈപ്പ് വച്ച് ആളുകളെ വിലയിരുത്തുന്ന കാലം കുറച്ചൊക്കെ മാറിയെന്നു തോന്നുന്നു. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്നുകരുതിയ കാലമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ മാറ്റമുണ്ടാകുന്നുണ്ട്. എല്ലാ പ്രേക്ഷകരും അങ്ങനെ ചിന്തിക്കണമെന്നില്ല. ഞാനും അക്കാര്യം മനസ്സിലാക്കുന്നു. യഥാർത്ഥത്തിൽ ശരീരഭാരവും ഫിറ്റ്നസും തമ്മിൽ ബന്ധമൊന്നുമില്ല. 90 കിലോ ഭാരമുള്ള ആൾക്കും ഫിറ്റ്നസ് ഉണ്ടാകാം. ശരീരഭാരമല്ല സത്യത്തിൽ ഫിറ്റ്നസ് നിർവചിക്കുന്നത്.
ഞാൻ ഏകദേശം 100 കിലോ ഭാരം വരെയൊക്കെ എത്തിയിരുന്നു. ചെറിയ പടികൾ പോലും കയറാൻ ബുദ്ധിമുട്ടിയിരുന്നു. എന്റെ ഈ ബുദ്ധിമുട്ട് കാണുമ്പോൾ സുഹൃത്തുക്കൾ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഞാനപ്പോൾ തായ്‍ലൻഡിലായിരുന്നു. ഈ സമയത്താണ് മൗ തായ് പരിശീലിക്കാൻ തുടങ്ങിയത്. ആ സമയത്ത് ഞാനൊട്ടും ആ ആയോധനകല ആസ്വദിച്ചിരുന്നില്ല. നല്ല ബുദ്ധിമുട്ടായിരുന്നു തുടക്കത്തിൽ. അപ്പോഴാണ് കോവിഡ് വരുന്നത്. ഞാനപ്പോൾ നാട്ടിലേക്ക് തിരിച്ചുവരാതെ തായ്‍ലൻഡിൽതന്നെ തുടർന്നു. പതിയെ ഞാൻ മൗ തായ് ആസ്വദിക്കാൻ തുടങ്ങി. എന്റെ ശരീരഭാരത്തിൽ വലിയ വ്യത്യാസം അത് കൊണ്ടുവന്നു." വിസ്മയയുടെ വാക്കുകൾ.
'2018' എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററിലെത്തും.
Content Highlights: Ahead of her acting debut in Jude Anthany Joseph's Thudakkam, Vismaya Mohanlal spoke candidly about body positivity, explaining how her weight once reached 100 kg and how learning Muay Thai in Thailand transformed her health and fitness.