അരങ്ങേറ്റം കുറിക്കാൻ വിസ്മയ, ഒപ്പം മോഹൻലാൽ; തുടക്കം വെള്ളിയാഴ്ച തിയേറ്ററുകളിൽ

#മൂവി ഡെസ്ക്
മോഹൻലാൽ, തുടക്കം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Screengrab, Facebook
മോഹൻലാൽ, തുടക്കം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Screengrab, Facebook

വിസ്മയ മോഹൻലാൽ അഭിനയത്തിൽ അരങ്ങേറ്റംകുറിക്കുന്ന ചിത്രമായ ‘തുടക്കം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. 2018 എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം.

ഹൃദ്യമായ കുടുംബമുഹൂർത്തങ്ങളും ത്രില്ലർ രംഗങ്ങളുമൊക്കെ ഇഴുകിച്ചേർന്ന 'തുടക്കം' സിനിമയുടെ ട്രെയ്‌ലർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തിങ്കളാഴ്ച കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലാണ് ട്രെയ്‌ലർ പ്രകാശനം നടത്തിയത്. വിസ്മയ മോഹൻലാലിന്റെ അഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്പിലൂടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടക്കം.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡോ. എമിൽ വിൻസന്റും ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം അഖിൽ ജോർജും ജോമോൻ ടി. ജോണും നിർവഹിക്കുന്നു.

എഡിറ്റിങ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്‌സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlights: Vismaya Mohanlal is set to make her acting debut alongside Mohanlal in Jude Anthany Joseph's family thriller Thudakkam, produced by Aashirvad Cinemas, releasing in theatres this Friday.