'ജനനായകൻ രണ്ടാഴ്ചയ്ക്കകം റിലീസ് ചെയ്യും'; വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിർമാതാവ്

#Entertainment Desk
'ജനനായകൻ' ട്രെയിലറിൽ വിജയ് | Photo: Jana Nayagan Trailer Screen Grab
'ജനനായകൻ' ട്രെയിലറിൽ വിജയ് | Photo: Jana Nayagan Trailer Screen Grab

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ ജനനായകൻ എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധമായ നിർണായക വിവരം പങ്കുവെച്ച് നിർമാതാവ്. സെൻസർ കുരുക്കിൽ പെട്ട് കോടതി കയറിയ ചിത്രം രണ്ടാഴ്ചയ്ക്കകം തിയേറ്ററുകളിലെത്തുമെന്ന് കെവിഎൻ പ്രൊഡക്ഷൻസിന്റെ സ്ഥാപകൻ വെങ്കട് കെ. നാരായണ പറഞ്ഞു. വിജയ്‌യുടെ സത്യപ്രതിജ്ഞാ വേദിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചിത്രത്തിന്റെ അന്തിമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒപ്പം ഞങ്ങൾ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയുമാണ്. ഞങ്ങൾക്ക് വളരെയധികം സന്തോഷവും ആവേശവുമുണ്ട്. ഏകദേശം 14 ദിവസത്തിനകം ജനനായകൻ തിയേറ്ററുകളിലെത്തും.' -വെങ്കട് കെ. നാരായണ പറഞ്ഞു. വിജയ്‌യുടെ അവസാന സിനിമ എന്ന നിലയിൽ ആരാധകർ ഉറ്റുനോക്കുന്ന ചിത്രമാണ് ജനനായകൻ. രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ ഭാഗമായാണ് വിജയ് അഭിനയജീവിതത്തിന് വിരാമമിട്ടത്.

'എനിക്ക് വിജയ് സാറിനെ വ്യക്തിപരമായി അറിയാം. അദ്ദേഹം വളരെ അച്ചടക്കവും സമർപ്പണബോധവുമുള്ളയാളാണ്. എന്താണോ അദ്ദേഹം വാഗ്ദാനം ചെയ്തത് അത് അദ്ദേഹം നടപ്പാക്കുക തന്നെ ചെയ്യും. അദ്ദേഹം വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും. ഇവിടെ പുതിയൊരു യുഗം തുടങ്ങുകയാണ്. അദ്ദേഹം (വിജയ്) ജനനായകനായി മാറി. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി. ' -അദ്ദേഹം തുടർന്നു. 

നേരത്തേ വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹത്തെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചുകൊണ്ട് ജനനായകന്റെ പുതിയ ടൈറ്റിൽ കാർഡ് റിലീസ് ചെയ്തിരുന്നു. ഉടൻ തിയേറ്ററുകളിൽ ആഘോഷിക്കാം എന്നാണ് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ടൈറ്റിൽ കാർഡിനൊപ്പം ഉണ്ടായിരുന്നത്. ഇത് ശരിവെക്കുന്നതാണ് നിർമാതാവിന്റെ പ്രഖ്യാപനം.

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് ജനനായകൻ വിവാദത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്. നേരത്തേ റിലീസ് നിശ്ചയിച്ച തിയ്യതിക്ക് ഒരുമാസം മുമ്പ് തന്നെ സർട്ടിഫിക്കറ്റിനായി ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മുമ്പാകെ സമർപ്പിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ചിത്രത്തിൽ തിരുത്തലുകൾ വേണമെന്നാണ് ബോർഡ് നിർദേശിച്ചത്. ഇതോടെ നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.

പിന്നാലെ ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു.

Content Highlights: Producer Venkat K. Narayana of KVN Productions announced that Thalapathy Vijay’s final film, Jananayakan, will release within 14 days. The political thriller, delayed by censor issues, is currently completing final certification.