വിജയ്ക്ക് തിരിച്ചടി; ‘ജനനായകൻ’ റിലീസ് മാറ്റി, സ്ഥീരീകരിച്ച് കെവിഎൻ പ്രൊഡക്ഷൻസ്

ജനനായകൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X
ജനനായകൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X

വിജയ് ചിത്രം 'ജനനായകൻ' ചിത്രത്തിന്റെ റിലീസ് വെള്ളിയാഴ്ച ഉണ്ടാകില്ല. റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.

ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി.

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് കോടതി കേസ് പരിഗണിച്ചപ്പോൾ, ചിത്രത്തിനെതിരായി ലഭിച്ച ഇ- മെയിൽ പരാതിയുടെ പകർപ്പ് സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയിൽ സമർപ്പിച്ചു. ചിത്രം സ്‌ക്രീനിങ് കമ്മിറ്റിക്ക് വിടുന്ന കാര്യം എന്തുകൊണ്ട് നിർമാതാക്കളെ അറിയിച്ചില്ലെന്ന് കോടതി ചോദിച്ചു. വിവരം നിർമാതാക്കളേയും പ്രാദേശിക സെൻസർ ബോർഡ് ഓഫീസിലും അറിയിച്ചിരുന്നതായി അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.

ഡിസംബർ 18-ന് ചിത്രം സെൻസർ സർട്ടിഫിക്കറ്റിനായി സമർപ്പിച്ചു. 2026-ൽ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചുവെന്നും അതിനാൽ ഉടൻ തീർപ്പാക്കണമെന്നും ആവശ്യപ്പെടാൻ അവർക്ക് കഴിയില്ല', എഎസ്ജി വാദിച്ചു. ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ അധികാരികൾക്ക് ദുരുദ്ദേശമൊന്നുമില്ലെന്നും സെൻസർ ബോർഡ് വാദത്തിനിടെ അറിയിച്ചു.

സെൻസർ ബോർഡ് അംഗത്തിന് തന്നെ എങ്ങനെയാണ് പരാതിക്കാരനാകാൻ കഴിയുകയെന്ന് നിർമാതാക്കൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ ചോദിച്ചു. നിർദേശിച്ച മാറ്റങ്ങൾ വരുത്തിയില്ലെന്ന് ബോർഡിന് വാദമില്ല. പുതിയ പരാതി ലഭിച്ചുവെന്ന് മാത്രമാണ് വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സ്‌ക്രീനിങ് കമ്മിറ്റിക്ക് വിടാനുള്ള അധികാരം ബോർഡ് അധ്യക്ഷനുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാൽ യു/ എ സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിച്ച ചെയർപേഴ്‌സന് പിന്നീട് എങ്ങനെയാണ് ചിത്രം റിവ്യൂവിന് വിടാൻ കഴിയുകയെന്ന് കോടതി ചോദിച്ചു.

ചെയർപേഴ്‌സൺ അധികാരം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് ബോർഡിന് വേണ്ടി എ.എസ്.ജി വാദിച്ചു. ഇരുഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് വെള്ളിയാഴ്ച രാവിലെ ഹർജിയിൽ വിധി പറഞ്ഞേക്കുമെന്നാണ് വിവരം.

Content Highlights: Vijay`s highly anticipated film `Janaganam` release is postponed due to censor board issues. KVN Productions announces a new date will be revealed shortly. Get the latest updates!