ബെറ്റിങ് ആപ്പുകളുടെ പരസ്യം: വിജയ് ദേവരകൊണ്ടയേയും ഇ.ഡി ചോദ്യം ചെയ്തു

വിജയ് ദേവരകൊണ്ട.|Photo credit: Facebook
വിജയ് ദേവരകൊണ്ട.|Photo credit: Facebook

ബെറ്റിങ് ആപ്പുകളുടെ പ്രചാരണാർഥം പരസ്യങ്ങളിൽ അഭിനയിച്ച നടൻ വിജയ് ദേവരക്കൊണ്ടയും ചോദ്യംചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. ഹൈദരാബാദിലെ ബഷീർബാഗിലാണ് നടനെ ചോദ്യം ചെയ്തത്. ബെറ്റിങ് ആപ്പുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിന്റെ ഭാഗമായാണ് പരസ്യങ്ങളിൽ അഭിനയിച്ച താരങ്ങളേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ താരത്തിന് ബന്ധമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ പേര് ഉയർന്നുവന്നിരുന്നു

വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്ന് വന്നതിനാലാണ് വിളിപ്പിച്ചതെന്നും താൻ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഗെയിമിങ് ആപ്പിന്റെ പ്രചാരണത്തിൽ മാത്രമേ പങ്കാളിയായിട്ടുള്ളൂവെന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായതിന് വിജയ് ദേവകൊണ്ട മാധ്യമങ്ങളോട് പറഞ്ഞു. അത് വാതുവെപ്പിനുള്ള ഒരിടമല്ല എന്നും വിജയ് മാധ്യമങ്ങളോട് പറഞ്ഞു. 'ബെറ്റിങ് ആപ്പുകളും ഗെയിമിങ് ആപ്പുകളുമായി യാതൊരു ബന്ധവുമില്ല. പല സംസ്ഥാനങ്ങളിലും ഗെയിമിങ് ആപ്പുകൾ നിയമപരമായി അംഗീകരിച്ചവയാണ്'അദ്ദേഹം വ്യക്തമാക്കി

ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ, ഗെയിമിങ് കമ്പനിയുമായുള്ള കരാറിന്റെ പകർപ്പ് തുടങ്ങി ആവശ്യമായ എല്ലാസാമ്പത്തിക രേഖകളും ഇ.ഡിക്ക് സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 

വിജയ് ദേവരകൊണ്ടയെക്കൂടാതെ നിരവധി തെലുങ്ക് ചലച്ചിത്ര താരങ്ങൾ ഓൺലൈൻ ഗെയിമിങിന്റെയും വാതുവെപ്പിന്റെയും പേരിൽ ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വന്നിരുന്നു. റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി എന്നീതാരങ്ങളേയും ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിരുന്നു.

ജൂലായ് മുപ്പതിന് ഹൈദരാബാദിൽ ഇ.ഡിക്ക് മുൻപിൽ ഹാജരായ പ്രകാശ് രാജ് 2016-ൽ ഒരു ഗെയിമിങ് ആപ്പിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമാക്കിയിരുന്നു. ധാർമ്മികത കണക്കിലെടുത്ത് പ്രകാശ് രാജ് അതിന് പണം വാങ്ങാതിരിക്കുകയും ഉടമ്പടി റദ്ദാക്കുകയും ചെയ്തു.
 

Content Highlights: Actor Vijay Deverakonda appeared before the Enforcement Directorate in Hyderabad