വി.ഡി. മുഖ്യമന്ത്രിയാകുന്നതിൽ വൂഡി അലൻ സന്തോഷിക്കുമെന്ന് അനൂപ് മേനോൻ; സതീശന് ആശംസകളുമായി താരങ്ങൾ

#Entertainment Desk
വി.ഡി. സതീശൻ, അനൂപ് മേനോൻ
വി.ഡി. സതീശൻ, അനൂപ് മേനോൻ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് വി.ഡി. സതീശന് ആശംസകളുടെ പ്രവാഹമാണ്. രാഷ്ട്രീയത്തിന് പുറമെ വ്യത്യസ്ത മേഖലകളിലെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളറിയിച്ച് രംഗത്തെത്തിയത്. സിനിമാലോകത്തുനിന്ന് മമ്മൂട്ടിയും മോഹൻലാലും സതീശന് ആശംസകൾ നേർന്നു. ഇപ്പോഴിതാ കൂടുതൽ താരങ്ങൾ അദ്ദേഹത്തെ ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്ന് നടൻ നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു. സതീശന് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്ടുനിന്നു കോൺഗ്രസ് എംഎൽഎ കൂടിയായ നടൻ രമേഷ് പിഷാരടി നേരത്തേ തന്നെ സതീശനം അഭിവാദ്യങ്ങൾ അർപ്പിച്ച് പോസ്റ്റ് ഇട്ടിരുന്നു. 'ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ' എന്ന ക്യാപ്ഷനും അദ്ദേഹം കുറിച്ചിരുന്നു.

നേരത്തേ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പരസ്യമായി പറഞ്ഞ നടൻ സിദ്ദിഖും സതീശന് ആശംസകൾ നേർന്നു. പ്രഖ്യാപനമുണ്ടായ ഉടൻ വി.ഡി. സതീശന്റെ ചിത്രം പോസ്റ്റ് ചെയ്ത സിദ്ദിഖ്, മറ്റൊരു പോസ്റ്റിൽ 'ജനനായകന് അഭിവാദ്യങ്ങൾ' എന്നും കുറിച്ചു.

വലിയ വിജയത്തിന് കോൺഗ്രസ് പാർട്ടിക്കും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് വി.ഡി. സതീശനും ഹൃദയംനിറഞ്ഞ ആശംസകൾ നേരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായെത്തുമ്പോൾ ഹോളിവുഡ് നടനും സംവിധായകനുമായ വൂഡി അലന് സന്തോഷമാകുമെന്നാണ് അനൂപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചത്. 'സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്നതിൽ വൂഡി അലൻ സന്തോഷിക്കും. കഴിഞ്ഞവർഷം അദ്ദേഹം (വി.ഡി. സതീശൻ) വായിച്ച പുസ്തകങ്ങളുടെ എണ്ണം കണ്ട് അതിശയിച്ച് പോയി' എന്നാണ് അനൂപ് മേനോൻ കുറിച്ചത്.

Content Highlights: Actors Nivin Pauly, Siddique, and Unni Mukundan congratulated VD Satheesan on being named Kerala Chief Minister. Anoop Menon noted that filmmaker Woody Allen would be happy to see a bibliophile leader who read many books last year.