മരണമില്ലാത്ത മഹാകവി; മലയാളഭാഷയെ ചന്ദ്രകളഭമണിയിച്ച വയലാർ രാമവർമയുടെ വിയോഗത്തിന് 50 വർഷം

"വായനക്കാരേ, വരുന്നു ഞാൻ
നമ്മൾക്കൊ-
രായിരം കൂട്ടങ്ങളില്ലേ പറയുവാൻ
നമ്മൾക്കൊരുമിച്ചു പാടണം; ജീവനിൽ
ഉമ്മവെച്ചങ്ങനെ കൈകോർത്തു നീങ്ങണം
നിങ്ങളതിൻമുമ്പു വായിച്ചുതീർക്കുമോ
നിങ്ങൾക്കു ഞാൻ നൽകുമീ കഥാചിത്രണം
വേദനവിങ്ങും സമൂഹത്തിൽനിന്നു ഞാൻ
വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ
ഒക്കെ പകർത്താൻ കഴിഞ്ഞിരിക്കില്ലെനി-
ക്കഗ്ഗതികേടിന്നു മാപ്പുചോദിപ്പൂ ഞാൻ...’’
‘ആയിഷ’ എന്ന തന്റെ ഖണ്ഡകാവ്യത്തിന് അന്ന് യുവകവിയായിരുന്ന വയലാർ രാമവർമ പദ്യത്തിൽ എഴുതിയ മുഖവുരയിൽനിന്നെടുത്ത വരികളാണ് മുകളിൽ കൊടുത്തത്. വയലാർ എന്ന കവിയുടെ വ്യക്തിത്വവും ദർശനവും ഈ വരികളിലൂടെ ഇതൾ വിരിയുന്നു. പിന്നീട് കുറേക്കൂടി വിശാലമായ അർഥത്തിൽ കവി തന്റെ ലക്ഷ്യം വ്യക്തമാക്കിയിട്ടുണ്ട്.
‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും.’
കവിതയെ സ്നേഹിക്കുന്ന മലയാളികൾ തീർച്ചയായും ഈ വരികൾ കേട്ടിരിക്കും. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കാവ്യമെഴുതി കേരളത്തിൽ വിപ്ലവകവിതയ്ക്ക് ഉജ്ജ്വലമായ തുടക്കംകുറിച്ച പി. ഭാസ്കരനുശേഷം ആ വിപ്ലവവീര്യവും ആർജവവും അന്നത്തെ കമ്യൂണിസ്റ്റുകളും പുരോഗനവാദികളും വയലാറിന്റെ രചനകളിലാണ് കണ്ടത്. ആയിഷ, കത്രീന, രാവണപുത്രി തുടങ്ങിയ കാവ്യങ്ങൾ വയലാറിനെ മലയാളികളുടെ ആരാധ്യകവിയാക്കിത്തീർത്തു. കേരളത്തിൽ കഥാപ്രസംഗം എന്ന കല പ്രചുരപ്രചാരത്തിലിരുന്ന ആ കാലഘട്ടത്തിൽ വി. സാംബശിവനെപ്പോലെയുള്ള പ്രതിഭാശാലികൾ പ്രഭാഷണത്തിലൂടെയും സംഗീതത്തിലൂടെയും ആ വരികൾ കാവ്യാസ്വാദകരല്ലാത്ത സാധാരണക്കാരിലുമെത്തിച്ചു.
പാദമുദ്രകൾ, കൊന്തയും പൂണൂലും, എനിക്ക് മരണമില്ല, മുളങ്കാട്, ഒരു ജൂദാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകൾ, സർഗ്ഗസംഗീതം തുടങ്ങിയവയാണ് വയലാറിന്റെ പ്രധാന കവിതാസമാഹാരങ്ങൾ. ‘വയലാറിന്റെ കവിത ചങ്ങമ്പുഴക്കവിതയുടെ മാറ്റൊലിയാണ്’ എന്ന് നിരൂപകനായ പ്രൊഫ. എം. കൃഷ്ണൻനായർ പരിഹസിച്ചപ്പോഴാണ് തന്റെ പുതിയ കവിതാസമാഹാരത്തിന് ‘എന്റെ മാറ്റൊലിക്കവിതകൾ’ എന്ന് പേരിട്ടത്. പക്ഷേ, ‘മാറ്റൊലി’ക്ക് വയലാർ നൽകിയത് മറ്റൊരർഥമാണ്.
‘ഒരു മാറ്റൊലിക്കവി വന്നുനിൽക്കുന്നു മുന്നിൽ
കരളിൻ കൈക്കുമ്പിളിൽ ഈ പ്രപഞ്ചവുമായി’
എന്നുതുടങ്ങുന്ന കവിത എം. കൃഷ്ണൻനായർക്കുള്ള സൃഷ്ടിപരമായ മറുപടിയായിരുന്നു. കെപിഎസി അവതരിപ്പിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അടക്കമുള്ള നാടകങ്ങളിലൂടെ ഒഎൻവി കുറുപ്പും പരവൂർ ജി. ദേവരാജനും പ്രശസ്തിയിലേക്കുയർന്ന കാലഘട്ടത്തിൽ വയലാറും കമ്യൂണിസ്റ്റ്പാർട്ടിക്കുവേണ്ടിയും നാടകങ്ങൾക്കുവേണ്ടിയും ഗാനങ്ങളെഴുതാൻ തുടങ്ങി. സംഗീതസംവിധായകനായ എൽ.പി. വർമയുമായി ചേർന്ന് വയലാർ സൃഷ്ടിച്ച പല നാടകഗാനങ്ങളും യുവാക്കളെ ഹരംകൊള്ളിക്കുന്നവയായിരുന്നു. ‘പറന്നു പറന്നു പറന്നുചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ ഞാനൊരു പൂമരക്കൊമ്പിൽ...’ എന്ന ഗാനവും ‘കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു...എന്നഗാനവും അവിസ്മരണീയം. ഇതേ കാലഘട്ടത്തിൽത്തന്നെയാണ് പരവൂർ ദേവരാജനുമായിച്ചേർന്ന് ‘ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം പാല, സാഗരകന്യകൾ നട്ടുവളർത്തിയോരേഴിലം പാല...’ എന്ന ഗാനവും ‘ചക്കരപ്പന്തലിൽ തേന്മഴ ചൊരിയും...’ എന്ന പാട്ടും ‘ബലികുടീരങ്ങളേ... എന്ന വിപ്ലവഗാനവും അദ്ദേഹം സൃഷ്ടിച്ചത്.
1956-ലാണ് വയലാർ രാമവർമയുടെ സിനിമാപ്രവേശം. ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത ‘കൂടപ്പിറപ്പ്’ ആയിരുന്നു ചിത്രം. സിനിമയിൽ വയലാറിന്റെ ആദ്യഗാനങ്ങൾക്ക് സംഗീതം നൽകിയത് കെ. രാഘവനാണ്. ഈ ചിത്രത്തിലെ മിക്കവാറും എല്ലാഗാനവും ജനപ്രീതി നേടി.
തുമ്പീ തുമ്പീ വാ, തുമ്പത്തണലിൽ വാ വാ..., അങ്ങാടീൽ തോറ്റു മടങ്ങിയ മുറിമീശക്കാരാ..., മാനസറാണീ മാനസറാണീ..., എന്തിനു പൊൻകനികൾ കിനാവിൻ മുന്തിരിവള്ളികളേ... തുടങ്ങിയ ഗാനങ്ങൾ. സംവിധായകൻ ജെ.ഡി. തോട്ടാൻതന്നെയാണ് വയലാർ-ദേവരാജൻ കൂട്ടുകെട്ടിനെ മലയാളസിനിമയിൽ അവതരിപ്പിച്ചത്.
ഭാര്യ, നിത്യകന്യക തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളോടെ വയലാർ അജയ്യനായി മാറി. ഭാര്യ എന്ന സിനിമയിലെ പെരിയാറേ പെരിയാറേ..., മുൾക്കിരീടമിതെന്തിന് നൽകി സ്വർഗസ്ഥനായ പിതാവേ..., പഞ്ചാരപ്പാലുമിട്ടായി... തുടങ്ങിയ ഗാനങ്ങളും ‘നിത്യകന്യക’യിലെ കണ്ണുനീർമുത്തുമായ് കാണാനെത്തിയ..., എന്തെന്തു മോഹങ്ങളായിരുന്നു... തുടങ്ങിയ പാട്ടുകളും വൻ ഹിറ്റുകളായി. വയലാർ-ദേവരാജൻ കൂട്ടുകെട്ട് വിജയസോപാനമേറുമ്പോൾത്തന്നെ ദക്ഷിണാമൂർത്തി, ബാബുരാജ്, എം.ബി. ശ്രീനിവാസൻ, സലിൽ ചൗധരി, എം.എസ്. വിശ്വനാഥൻ തുടങ്ങിയവരുമായിച്ചേർന്നും വയലാർ അതിമനോഹരഗാനങ്ങൾ സൃഷ്ടിച്ചു. ‘ചെമ്മീനി’ലെ പാട്ടുകൾ ഒരു പുതിയ ചരിത്രംതന്നെ രചിച്ചു. മന്നാഡെയുടെ ഗരിമയുള്ള ശബ്ദത്തിൽ പിറന്ന ‘മാനസമൈനേ വരൂ...’ എന്ന ഗാനം മലയാളി എങ്ങനെ മറക്കും!
സ്വാഭാവികമായും വയലാറിന്റെ കൂടുതൽ സമയവും ഗാനങ്ങൾ കൈയടക്കി. കവിതകളുടെ എണ്ണം കുറഞ്ഞു. പ്രണയം, കുടുംബം, ശാസ്ത്രം, തത്ത്വചിന്ത എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ വയലാറിന്റെ ഭാവന നിറഞ്ഞൊഴുകി.
ഭാഷാപണ്ഡിതനും കവിയും പത്രാധിപരുമായ എൻ.വി. കൃഷ്ണവാരിയർ അഭിപ്രായപ്പെട്ടതുപോലെ ‘മലയാളകവിതയ്ക്ക് നഷ്ടമായത് മലയാളഗാനത്തിനു കിട്ടി.’
ഈ ചർച്ച നടക്കുമ്പോഴാണ് ‘സർഗ്ഗസംഗീതം’ പോലെയുള്ള പുതിയ കവിതകൾ രചിച്ചുകൊണ്ട് അദ്ദേഹം കാവ്യരംഗത്തേക്ക് ശക്തമായി തിരിച്ചുവരവ് നടത്തിയത്.വയലാറിന്റെ പല ഗാനവും ശുദ്ധകവിതകൾതന്നെയാണ്.
സ്വപ്നങ്ങൾ സ്വപ്നങ്ങൾ..., ചക്രവർത്തിനീ നിനക്കു ഞാനെന്റെ..., സ്വർണച്ചാമരം വീശിയെത്തുന്ന..., സന്ന്യാസിനീ നിൻ പുണ്യാശ്രമത്തിൽ..., രാജശില്പീ നീയെനിക്കൊരു..., ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം... തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ.
ശാസ്ത്രത്തിന്റെ വളർച്ചയെ പിന്തുടരുന്ന മഹാകവിയായിരുന്നു വയലാർ. മനുഷ്യൻ ചന്ദ്രനിലെത്തിയശേഷം അദ്ദേഹമെഴുതി. ‘തങ്കത്താഴികക്കുടമല്ല, താരാപഥത്തിലെ രഥമല്ല, ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ സ്വർണമയൂഖമല്ല’.
പ്രവാചകന്മാരേ പറയൂ
പ്രഭാതമകലെയാണോ...
വയലാർ രാമവർമ കമ്യൂണിസ്റ്റും നിരീശ്വരവാദിയുമാണെന്നാണ് ഭൂരിപക്ഷം മലയാളികളുടെയും വിശ്വാസം. ‘ഭരതക്ഷേത്രം’ എന്ന നാടകത്തിനുവേണ്ടി അദ്ദേഹമെഴുതി കെ. രാഘവൻ ഈണം പകർന്ന ഒരു ഗാനം ഈ ധാരണയ്ക്ക് അടിവരയിടുകയും ചെയ്തു.
‘ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതിമലയിലും
ഗുരുവായൂരിലും
തൃച്ചംബരത്തും കല്ല്
കല്ലിനെ തൊഴുന്നവരേ നിങ്ങൾ
കൽപ്പണിക്കാരെ മറക്കരുതേ...’
അതേസമയം, അദ്ദേഹം സിനിമയ്ക്കുവേണ്ടി രചിച്ച ഭക്തിഗാനങ്ങളെല്ലാം ഉദാത്തങ്ങളായിരുന്നു. ഒരു വലിയ ദൈവവിശ്വാസിയുടെ രചനകളായി അവ നില നിൽക്കുന്നു. ‘ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും
ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും’ എന്ന ഗാനം ഗുരുവായൂരിൽ പ്രവേശനം നിഷേധിക്കപ്പെട്ട യേശുദാസിനെ മനസ്സിൽക്കണ്ട് എഴുതിയതാണെന്ന് പറയുന്നുണ്ടെങ്കിലും രചനയിലെ ആത്മാർഥതയെ കണ്ടില്ലെന്നു നടിക്കാനാവില്ല. ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹമെഴുതിയ ‘ശബരിമലയിൽ തങ്കസൂര്യോദയം... എന്ന ഗാനവും ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പ, ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പാ... എന്ന ഗാനവും ഒരു നിരീശ്വരവാദി എഴുതിയതാണെന്ന് ആർക്കുപറയാൻ കഴിയും?
ജനനീ ജഗദ് ജനനീ ജനനമരണ ദുഃഖ നിവാരിണീ..., ബ്രഹ്മനന്ദിനീ സരസ്വതീ..., സ്വർഗപുത്രീ നവരാത്രീ... തുടങ്ങിയ ഗാനങ്ങളും ഓർമ്മിക്കുക. മതേതരത്വത്തിൽ വിശ്വസിക്കുകയും തന്റെ രചനകൾ മതേതരത്വത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങളാക്കി മാറ്റുകയുംചെയ്ത കവിയാണ് വയലാർ..
അദ്വൈതം ജനിച്ചനാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ
ആയിരം ജാതികൾ ആയിരം
മതങ്ങൾ
ആയിരം ദൈവങ്ങൾ... എന്ന ഗാനവും വയലാറിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ... എന്ന ഗാനവും മികച്ച ഉദാഹരണങ്ങൾ.
‘എനിക്ക് മരണമില്ല’ എന്നുപാടിയ കവിയാണ് വയലാർ.
കാലമാണവിശ്രമം പായുമെന്നശ്വ, സ്നേഹ-
ജ്വാലയാണെന്നിൽ കാണും ചൈതന്യം, സനാതനം...!
അദ്ദേഹം പറഞ്ഞത് കാലം ഏറ്റുപറയുന്നു: ‘വയലാർ എന്ന മഹാകവിക്ക് മരണമില്ല.’
Content Highlights: The Enduring Legacy of Vayalar Ramavarma: A Half-Century Tribute to a Literary Giant