'പിഴയോ നിയമനടപടിയോ ഇല്ല'; മെട്രോയിലെ പുൾ അപ്പ് വീഡിയോയിൽ വിശദീകരണവുമായി ടീം വരുൺ ധവാൻ

#Movie Desk
മുംബൈ മെട്രോ ട്രെയിനിലെ വരുൺ ധവാന്റെ വൈറൽ പുൾ അപ്പ് | Photos: instagram.com/official_mmmocl
മുംബൈ മെട്രോ ട്രെയിനിലെ വരുൺ ധവാന്റെ വൈറൽ പുൾ അപ്പ് | Photos: instagram.com/official_mmmocl

മുംബൈ മെട്രോ ട്രെയിനിലെ ഗ്രാബ് ഹാൻഡിലിൽ പിടിച്ച് പുൾ അപ്പ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ബോളിവുഡ് നടൻ വരുൺ ധവാൻ. ഇതിന്റെ വീഡിയോ വൈറലാകുകയും വിമർശനങ്ങൾ ഉയരുകയും ഒടുവിൽ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് പരസ്യമായി താക്കീത് നൽകുകയും ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം. വരുൺ ധവാന് വേണ്ടി അദ്ദേഹത്തിന്റെ ടീമാണ് ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കിയത്.

സംഭവത്തിൽ വരുൺ ധവാന് പിഴ ചുമത്തുകയോ താരത്തിനെതിരെ നിയമനടപടികൾ ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് ടീം വ്യക്തമാക്കി. തെറ്റിദ്ധാരണയുടെ പുറത്താണ് വിവാദമുണ്ടായത്. ഇപ്പോൾ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു.

പൗരന്മാർ പാലിക്കേണ്ട നിയമങ്ങളേയും പൊതുമുതലുകളേയും വരുൺ ധവാൻ പൂർണമായും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുംബൈ മെട്രോയുടെ പരിശ്രമങ്ങളെ പൂർണമായി താരം ഉൾക്കൊള്ളുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. തെറ്റിദ്ധാരണ നീക്കാൻ സഹകരിച്ച മുംബൈ മെട്രോയ്ക്കും വിവരങ്ങൾ കൃത്യമായി പങ്കുവെച്ച മാധ്യമങ്ങൾക്കും ടീം വരുൺ ധവാൻ നന്ദി പറഞ്ഞു.

Don’t Miss: 'മഹാ മുംബൈ മെട്രോയിൽ ഇത് ചെയ്യാൻ ശ്രമിക്കരുത്', വീഡിയോക്ക് പിന്നാലെ വരുൺ ധവാന് താക്കീത് | VIDEO

വരുൺ ധവാന്റെ പുൾ അപ്പ് വീഡിയോ വൈറലായതോടെയാണ് മുംബൈ മെട്രോ ഇതിനെതിരെ രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഔദ്യോഗികമായ പ്രതികരണം. 'മഹാ മുംബൈ മെട്രോയിൽ ഇത് ചെയ്യരുത്' എന്ന് വീഡിയോയിൽ എഴുതിയിരുന്നു. കൂടാതെ വീഡിയോയ്ക്ക് മുകളിൽ X ചിഹ്നവും ചേർത്തിരുന്നു. വരുൺ ധവാൻ ചെയ്തത് ശിക്ഷാർഹമായ കുറ്റമാണെന്ന് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് വിശദീകരിച്ചു.

'വരുൺ ധവാൻ, താങ്കളുടെ ആക്ഷൻ ചിത്രങ്ങളിലെ പോലെ ഈ വീഡിയോ ഒരു മുന്നറിയിപ്പോടെ (Disclaimer) ആണ് പ്രചരിക്കേണ്ടിയിരുന്നത് - 'മഹാ മുംബൈ മെട്രോയിൽ ഇത് ചെയ്യാൻ ശ്രമിക്കരുത്'. മെട്രോ ട്രെയിനിനുള്ളിൽ സമയം ചെലവഴിക്കുന്നത് രസമുള്ള കാര്യമാണെന്ന് ഞങ്ങൾക്ക് മനസിലാകും. എന്നാൽ ആ ഗ്രാബ് ഹാൻഡിലുകൾ തൂങ്ങിയാടാനുള്ളതല്ല.' -മുംബൈ മെട്രോ പോസ്റ്റിൽ പറഞ്ഞു.

'2002-ലെ മെട്രോ റെയിൽവേസ് (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) ആക്ടിലെ ശല്യമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് പിഴയീടാക്കുകയോ ജയിൽശിക്ഷ വരെയോ ലഭിക്കാം. അതുകൊണ്ട് സുഹൃത്തുക്കളേ, മെട്രോയിൽ സമയം ചെലവിട്ടോളൂ, പക്ഷേ തൂങ്ങിയാടരുത്. മഹാ മുംബൈ മെട്രോയിൽ ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യുക.' -മുംബൈ മെട്രോ തുടർന്നു.

Content Highlights: Varun Dhawan's team clarified that no fine or legal action was taken following his viral video of performing pull-ups in the Mumbai Metro. While the Metro authorities issued a public warning regarding safety rules, the team stated the issue has been resolved amicably.