25 വർഷത്തിനുശേഷം ജ്ഞാനപീഠം തമിഴ് സാഹിത്യത്തിലേക്ക്, വൈരമുത്തുവിനെ അഭിനന്ദിക്കുന്നതിൽ അഭിമാനം-കമൽഹാസൻ

#മൂവി ഡെസ്ക്
വൈരമുത്തു, കമൽഹാസൻ | ഫോട്ടോ: വി. രമേഷ്\ മാതൃഭൂമി, PTI
വൈരമുത്തു, കമൽഹാസൻ | ഫോട്ടോ: വി. രമേഷ്\ മാതൃഭൂമി, PTI

ജ്ഞാനപീഠ പുരസ്കാരം നേടിയ കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിനെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. കാൽനൂറ്റാണ്ടിനുശേഷമാണ് തമിഴ് സാഹിത്യത്തെ തേടി ഈ പുരസ്കാരമെത്തുന്നതെന്ന് കമൽഹാസൻ എക്സിൽ കുറിച്ചു. കവികളിലെ ചക്രവർത്തി എന്നാണ് അദ്ദേഹം വൈരമുത്തുവിനെ കുറിപ്പിൽ വിശേഷിപ്പിച്ചത്.

"തമിഴ് സാഹിത്യം, അതിന്റെ ദീർഘകാല പാരമ്പര്യത്തോടെ, അഭിമാനകരമായ ജ്ഞാനപീഠം പുരസ്കാരം മൂന്നാം തവണയും നേടിയിരിക്കുന്നു. ജയകാന്തനു ശേഷം, കാൽ നൂറ്റാണ്ടിനു ശേഷം, എൻ്റെ പ്രിയ സുഹൃത്തും കവി ചക്രവർത്തിയുമായ വൈരമുത്തു ഈ മഹത്തായ ബഹുമതി തമിഴിന് നേടിത്തന്നിരിക്കുന്നു. "ആകാശം എനിക്കൊരു ബോധിവൃക്ഷമാണ്; അത് അതെന്നും എനിക്ക് സന്ദേശം നൽകുന്നു" എന്ന എൻ്റെ കാതുകളിൽ പതിഞ്ഞ, ഹൃദയത്തിൽ പ്രവേശിച്ച, സൗഹൃദത്തിൽ ലയിച്ച കവിതാശകലങ്ങളോടെ, ഈ സുഹൃത്തിനെ അഭിനന്ദിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു." കമൽഹാസൻ കുറിച്ചതിങ്ങനെ.

സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തമിഴിൽനിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു. 1975-ൽ അകിലൻ, 2002-ൽ ജയകാന്തൻ എന്നിവരാണ് ഇതിനുമുൻപ് ജ്ഞാനപീഠപുരസ്കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാർ.

ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. 50-ലേറെ വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. 7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സമ്പുഷ്‌ടമായ സാഹിത്യ സംഭാവനകളെ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

Content Highlights: Vairamuthu becomes the third Tamil author to receive the Jnanpith Award., Kamal Haasan praises Vairamuthu as a 'Poet Emperor' after a 25-year gap for Tamil literature., The award recognizes Vairamuthu's extensive contributions to literature and cinema., Vairamuthu's career includes 7,500+ songs, 7 National Awards, and Padma Bhushan honors.