സംഗീതത്തെ മതമായി കണ്ട സാക്കിര്‍ ഹുസൈന്‍ വിടപറയുമ്പോള്‍

സക്കീർ ഹുസെെൻ | photo: ani
സക്കീർ ഹുസെെൻ | photo: ani

വിഖ്യാത തബലിസ്റ്റ് സാക്കിര്‍ ഹുസൈന്‍ വിടപറയുമ്പോള്‍ അദ്ദേഹം സംഗീത രംഗത്ത് തീര്‍ത്ത വിസ്മയങ്ങള്‍ മഹാമേരു പോലെ തിളങ്ങി നില്‍ക്കുന്നു. സാക്കിര്‍ ഹുസൈന്‍ എന്ന കലാകാരനെ ഒറ്റ വാക്കില്‍ പറയുക സാധ്യമല്ല. തബലിസ്റ്റ്, സംഗീതജ്ഞന്‍, അഭിനേതാവ് തുടങ്ങി നിരവധി രംഗങ്ങളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സംഗീതജ്ഞനായ അല്ല റഖ- ഭവി ബീഗം എന്നിവരുടെ മകനായി 1951 മാര്‍ച്ച് 9നാണ് ജനിച്ചത്. വളരെ ചെറുപ്പം മുതല്‍ തന്നെ തബലയോട് ആഭിമുഖ്യം കാണിച്ചിരുന്നു. മുംബൈ സെന്റ് സേവ്യേര്‍സ് കോളേജില്‍ നിന്നായിരുന്നു ബിരുദം പൂര്‍ത്തിയാക്കിയത്.

മൂന്നാമത്തെ വയസ് മുതല്‍ അച്ഛനില്‍ നിന്ന് തബല വായിക്കാനായി പഠിച്ചു. 12 വയസ് മുതല്‍ പൊതു കച്ചേരികള്‍ അവതരിപ്പിക്കാന്‍ ആരംഭിച്ചു. നിരവധി പാശ്ചാത്യ സംഗീതഞ്ജരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. പ്രശസ്ത പോപ് ബാന്‍ഡ് ബീറ്റില്‍സ് അക്കൂട്ടത്തില്‍ ഉള്‍പ്പെടും.

മണ്‍ടോ, മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവ ഉള്‍പ്പെടെ കുറച്ചു  സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്‍ഡ് ഡസ്റ്റ്, ദ പെര്‍ഫെക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ കുറച്ചുചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്സില്‍  മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി  തയ്യാറാക്കിയ 'ദിസ് മൊമന്റ്' എന്ന ആല്‍ബം സ്വന്തമാക്കിയിരുന്നു. ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍, തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ദിസ് മൊമന്റ്' യാഥാര്‍ഥ്യമാക്കിയത്.  

കഥക് നര്‍ത്തകി ആന്റോണിയ മിനിക്കോളയാണ് ഭാര്യ. അനീസ് ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവരാണ് മക്കള്‍

Content Highlights: ustad zakir hussian demise