‘അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നത് ഇൻഷുറൻസ്’; പെൺകുട്ടികൾക്ക് രാംചരണിന്റെ ഭാര്യയുടെ ഉപദേശം, വിവാദം

ഐഐടി വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ വിവാഹത്തെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചും നടന്‍ രാംചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കമിനേനി നടത്തിയ പ്രസ്താവന വിവാദത്തില്‍. പുതിയ തലമുറയിലെ യുവതികളുടെ വിവാഹസങ്കല്‍പ്പങ്ങളെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള പരാമര്‍ശമാണ് വിവാദമായത്. സാമ്പത്തികമായി സ്വാശ്രയത്വം നേടിയ ശേഷം മാത്രം ദാമ്പത്യജീവിതത്തിലേക്ക് കടക്കാന്‍ ഉപാസന ഉപദേശിച്ചിരുന്നു.
ഉപാസന തന്നെ കഴിഞ്ഞ ദിവസം സംവാദത്തിന്റെ റീല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'നിങ്ങളുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുക എന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ ഇന്‍ഷുറന്‍സ്. അങ്ങനെയെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോള്‍ എപ്പോള്‍ വിവാഹിതരാവണമെന്നും കുട്ടികള്‍ എപ്പോള്‍ വേണമെന്നും സ്വയം തീരുമാനമെടുക്കാന്‍ കഴിയും. ഇന്ന് ഞാന്‍ സ്വന്തം കാലിലാണ് നില്‍ക്കുന്നത്. സ്വയം സമ്പാദിക്കുന്നു. ഞാന്‍ സാമ്പത്തിക സ്വാശ്രയത്വം നേടിയെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. ഈ സുരക്ഷിതത്വമാണ് ജീവിതത്തില്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നത്. 30 വയസ്സിന് മുമ്പുതന്നെ നിങ്ങള്‍ക്ക് ലക്ഷ്യമുണ്ടാവണം. സാമ്പത്തികമായും ആരോഗ്യപരമായും റിലേഷന്‍ഷിപ്പുകളുടെ കാര്യത്തിലും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എത്ര സമ്പാദിക്കണം എന്ന് ബോധ്യമുണ്ടാവണം', എന്നാണ് അവര്‍ പറഞ്ഞത്.
'ഹൈദരാബാദ് ഐഐടിയിലെ വിദ്യാര്‍ഥികളുമായി സംവദിച്ചത് ശരിക്കും ഒരു മികച്ച അനുഭവമായിരുന്നു. 'നിങ്ങളില്‍ എത്ര പേര്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്', എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളാണ് കൈയുയര്‍ത്തിയത്. സ്ത്രീകള്‍ തങ്ങളുടെ കരിയറില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവരായി തോന്നി. ഇതാണ് പുതിയ ഇന്ത്യ', വീഡിയോ പങ്കുവെച്ചുകൊണ്ട് അവര്‍ കുറിച്ചു.
പിന്നാലെ, ഉപാസനയെ വിമര്‍ശിച്ചും അവരുടെ അഭിപ്രായത്തോട് വിയോജിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവടക്കം നിരവധിപ്പേരാണ് ഉപാസനയുടെ പരാമര്‍ശത്തോട് പ്രതികരിച്ചത്. 'ഞാന്‍ കണ്ടുമുട്ടുന്ന യുവസംരംഭകരോട്, പുരുഷന്മാരായാലും സ്ത്രീകളായാലും, 20-കളില്‍ തന്നെ വിവാഹം കഴിക്കാനും കുട്ടികളുണ്ടാവാനും അത് നീട്ടിവെക്കാതിരിക്കാനും ഉപദേശിക്കാറുണ്ട്. സമൂഹത്തോടും പൂര്‍വ്വികരോടുമുള്ള കടമ നിര്‍വഹിക്കണമെന്ന് ഞാന്‍ പറയാറുണ്ട്. ഈ ധാരണകള്‍ വിചിത്രമോ കാലഹരണപ്പെട്ടതോ ആയി തോന്നാമെന്ന് എനിക്കറിയാം. എന്നാല്‍, ഈ ആശയങ്ങള്‍ കേള്‍ക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്', എന്നായിരുന്നു ശ്രീധര്‍ വെമ്പു എക്‌സില്‍ കുറിച്ചത്. ഉപാസനയുടെ വീഡിയോ പങ്കുവെച്ചാണ് വിമര്‍ശനം.
അതേസമയം, രാംചരണും ഉപാസനയും വിവാഹിതരാവുമ്പോഴുള്ള പ്രായവും അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി ഡോ. സുനിത സയമ്മഗാരു രംഗത്തെത്തി.
'ഉപാസനയും രാംചരണും കോളേജ് കാലംമുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. 2012-ല്‍ വിവാഹിതരാവുമ്പോള്‍ ഉപാസനയ്ക്ക് 23 വയസ്സും രാംചരണതിന് 27 വയസ്സുമായിരുന്നു. അവര്‍ ചെറുപ്പത്തില്‍ തന്നെ വിവാഹിതരായി, എന്നിട്ട് പെണ്‍കുട്ടികളോട് കരിയറില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഉപദേശിക്കുന്നു', അവര്‍ വിമര്‍ശിച്ചു.
'അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നത് സ്ത്രീകള്‍ക്ക് ഒരു ഇന്‍ഷുറന്‍സ് അല്ല. ഒരു സ്ത്രീ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചാലും, അത് വിജയകരമായ ഭ്രൂണമാറ്റത്തിലേക്കും ഗര്‍ഭധാരണത്തിലേക്കും നയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഒരു സ്ത്രീക്ക് പ്രായമാകുമ്പോള്‍, വിജയകരമായ ഭ്രൂണമാറ്റത്തിനും ഇംപ്ലാന്റേഷനും തടസ്സമാകുന്ന പല ആരോഗ്യപരമായ ഘടകങ്ങളുമുണ്ട്', അവര്‍ ചൂണ്ടിക്കാട്ടി. രാംചരണിനെ വിവാഹം കഴിക്കുമ്പോള്‍ 23 വയസ്സുള്ള പെണ്‍കുട്ടിയായിരുന്ന ഉപസാനയ്ക്ക് എന്തുകരിയറാണ് ഉണ്ടായിരുന്നതെന്ന് ചോദിച്ച സുനിത, വിവാഹശേഷമാണ് അവര്‍ കരിയര്‍ കെട്ടിപ്പടുത്തതെന്നും ഓര്‍മിപ്പിച്ചു.
അതേസമയം, ഉപാസനയെ അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്. ജീവിതത്തില്‍ സ്വന്തം നേട്ടങ്ങള്‍ക്കും സാമ്പത്തിക സ്വാശ്രയത്വത്തിനും മുന്‍ഗണന നല്‍കണമെന്ന സന്ദേശമാണ് ഉപാസന നല്‍കുന്നതെന്നാണ് പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.
2012-ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. 2023-ല്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് താരദമ്പതികള്‍. അപ്പോളോ ആശുപത്രിയുടെ സ്ഥാപകനായ ഡോ. പ്രതാപ് സി. റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. അപ്പോളോ ലൈഫ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിക്കുന്നു. ബി പോസിറ്റീവ് മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: Ram Charan`s wife, Upasana, advises young women to freeze eggs for financial independence and career focus. Her comments at IIT spark debate