'മാറി നിൽക്കങ്ങോട്ട്'; ഭാര്യയെ തള്ളിയ ആരാധകനു നേരെ അസഭ്യം പറഞ്ഞ് ടോം ഹാങ്ക്സ്

ടോം ഹാങ്ക്സ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ടോം ഹാങ്ക്സ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ആരാധകരാണെന്ന് വച്ച് അതിരുകടന്ന സ്നേഹപ്രകടനമൊന്നും വേണ്ട. പറയുന്നത് ഹോളിവുഡ് സൂപ്പർ താരം ടോം ഹാങ്ക്സാണ്. ന്യൂയോർക്കിൽ ബുധനാഴ്ചയാണ് ഹാങ്ക്സ് ആരാധകരേക്കൊണ്ട് പൊറുതിമുട്ടിയത്. സഹികെട്ട താരത്തിന് നിയന്ത്രണംതെറ്റി പെരുമാറേണ്ടിയും വന്നു.

ബുധനാഴ്ച രാത്രി ഒരു കെട്ടിടസമുച്ചയത്തിൽ നിന്ന് പുറത്തേക്കിറങ്ങി തങ്ങളെ കാത്തുകിടന്നിരുന്ന എസ്.യു.വിയിലേക്ക് നടന്നടുക്കുകയായിരുന്നു ടോം ഹാങ്ക്സും ഭാര്യ റീത്ത വിൽസണും. സൂപ്പർ താരത്തെ കണ്ടപ്പോൾ ചുറ്റും ആളുകൂടി. തിക്കിനും തിരക്കിനുമിടയിലൂടെ ബോഡി​ഗാർഡിന്റെ സഹായത്തോടെയാണ് ഇരുവരും കാറിനടുത്തേക്ക് നീങ്ങിയത്.

ഇതിനിടെ ടോം ഹാങ്ക്സിനോട് സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന ആരാധകൻ റീത്തയെ ശ്രദ്ധിക്കാതെ തട്ടുകയും അവർ നിലത്ത് വീഴാൻ തുടങ്ങുകയും ചെയ്തു.  ഇതോടെയാണ് താരത്തിന് ദേഷ്യം കയറിയത്. "ഇതെന്റെ ഭാര്യയാണ്, എന്റെ ഭാര്യയെ തള്ളിയിടുന്നോ" എന്നു ചോദിച്ചുകൊണ്ടാണ് ഹാങ്ക്സ് ആരാധകരോട് തട്ടിക്കയറിയത്. ഒപ്പം അസഭ്യവാക്കുകളും പ്രയോ​ഗിച്ചു.

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എൽവിസ് എന്ന ചിത്രമാണ് ടോം ഹാങ്ക്സിന്റേതായി ഇനി പുറത്തുവരാനുള്ളത്.
 

Content Highlights: Tom Hanks yells at fans, Tom Hank's fans cause wife Rita to trip