ടൈഗർ ഷ്റോഫിനുനേരെയുണ്ടായ വെടിവെപ്പ്: രണ്ട് ബോളിവുഡ് പ്രമുഖർക്ക് വൈ-പ്ലസ് സുരക്ഷ; താരങ്ങളുടെ പേര് പുറത്തുവിടില്ല

#മൂവി ഡെസ്ക്
നടൻ ടൈഗർ ഷ്രോഫ് | ഫോട്ടോ: AFP
നടൻ ടൈഗർ ഷ്രോഫ് | ഫോട്ടോ: AFP

മുംബൈ: ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിനുനേരെ അക്രമികൾ വെടിവെച്ച സംഭവത്തെത്തുടർന്ന്, ബോളിവുഡിലെ നിരവധി പ്രമുഖർക്ക് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി മുംബൈ പോലീസ്. ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഭീഷണികൾ തുടരുന്ന പശ്ചാത്തലത്തിൽ, രണ്ട് ബോളിവുഡ് നടന്മാർക്ക് വൈ-പ്ലസ് സുരക്ഷ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഏതൊക്കെയാണ് ആ താരങ്ങളെന്ന് വെളിപ്പെടുത്തേണ്ടെന്നാണ് പോലീസ് തീരുമാനം.

ഒരു മുൻനിര നടന്റെ സുരക്ഷാ കവറേജ് എക്സ് വിഭാഗത്തിൽനിന്ന് വൈ-പ്ലസ് ആയും മറ്റൊരു നടന്റേത് വൈ വിഭാഗത്തിൽനിന്ന് വൈ-പ്ലസ് ആയുമാണ് ഉയർത്തിയത് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ബിഷ്ണോയ് ഗാങ്ങിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ളവരുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന പ്രമുഖരുടെ സുരക്ഷയും കൂട്ടിയിട്ടുണ്ട്. ചില ബോളിവുഡ് താരങ്ങളുടെ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. വ്യക്തിഗത സുരക്ഷാ ഭീഷണികൾ വിലയിരുത്തിയശേഷം ചില കുടുംബാംഗങ്ങൾക്ക് എക്സ്-കാറ്റഗറി സുരക്ഷയും നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നേരിട്ട് ഭീഷണി നേരിടുന്ന സെലിബ്രിറ്റികളെ മാത്രമല്ല, അവരുമായി അടുപ്പമുള്ളവരെയും മുൻനിർത്തി സുരക്ഷയ്ക്ക് കൂടുതൽ വ്യാപകമായ സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.

Also Read: അമിതാഭ് ബച്ചന് വീടിന്റെ പുറത്തിറങ്ങാൻ ബുള്ളറ്റ്പ്രൂഫ്, സ്ഥിതി ആശങ്കാജനകം; പ്രധാനമന്ത്രിക്ക് കത്തയച്ച് AICWA

കഴിഞ്ഞമാസം 18-നാണ് ടൈഗർ ഷ്റോഫിനുനേരെ വെടിവെപ്പുണ്ടായത്. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് താരത്തിന്റെ ബിഎംഡബ്ല്യു കാറിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ നടൻ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ബൈക്കിലെത്തിയ അക്രമികൾ നടന്റെ കാറിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ബിഹാർ സ്വദേശിയായ ഋതിക് എന്ന റോഷൻ (22), ഹരിയാണ സ്വദേശികളായ രെഹാൻ (18), ഫൂൽ സിങ് (18) എന്നിവരാണ് ആക്രമണം നടത്തിയത്. ഇവർ പിന്നീട് പിടിയിലായിരുന്നു.

ആക്രമണത്തിനുപിന്നിലെ സൂത്രധാരൻ അനിൽ പണ്ഡിറ്റാണെന്ന് രാജസ്ഥാൻ പോലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട പ്രതിക്ക് അനിൽ പണ്ഡിറ്റ് 2.5 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ആക്രമണം നടത്താൻ പ്രതിയായ റെഹാന് 34,000 രൂപ വാഗ്ദാനം ചെയ്തതായും വിവരം ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരാണ് പോലീസ് പിടിയിലായത്.

Content Highlights: Following the October 18 firing incident targeting Tiger Shroff in Juhu and ongoing threats linked to the Lawrence Bishnoi gang, Mumbai Police have upgraded security to Y-Plus cover for at least two top Bollywood actors and extended protection to their families, shortly after Delhi Police thwarted a planned attack on Amitabh Bachchan and Tusshar Kapoor received a ₹5 crore extortion threat.