നടിയെ ആക്രമിച്ച കേസ്: അതിജീവിതയെ അപമാനിക്കുന്ന മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

#Movie Desk
മാര്‍ട്ടിൻ ആന്റണി | Photo: PTI
മാര്‍ട്ടിൻ ആന്റണി | Photo: PTI

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച മൂന്നുപേർ അറസ്റ്റിൽ. ഫേസ്ബുക്ക് പേജ് അഡ്മിൻമാരാണ് അറസ്റ്റിലായത്. കേസിൽ മാർട്ടിനെതിരെ നേരത്തേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

ആലപ്പുഴ, എറണാകുളം, തൃശൂർ സ്വദേശികളാണ് ഇപ്പോൾ അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിതയുടെ 72, 75, ഐടി ആക്ടിലെ 67 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന. വീഡിയോ ഇപ്പോഴും പ്രചരിക്കുന്ന പേജുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യാൻ അഡ്മിൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും പോലീസ് നൽകി. 

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അതിജീവിത പരാതി നൽകുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. 

മാർട്ടിൻ ജാമ്യത്തിലിറങ്ങിയപ്പോൾ ചിത്രീകരിച്ച വീഡിയോ ആണ് വിചാരണ കോടതിയുടെ വിധി വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിൽ മാർട്ടിൻ പറയുന്നത്. ഇതിനൊപ്പമാണ് ഇയാൾ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്. മാർട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വർഷം കഠിനതടവിന് വിധിച്ചിരുന്നു. 

Content Highlights: Three arrested for sharing Martin's video revealing survivor’s identity in actor assault case