പ്രിയദർശന്റെ വലിയ ആരാധകനാണ്, പെറ്റ് ഡിറ്റക്ടീവ് സീരീസിൽ കൂടുതൽ സിനിമകൾ വന്നേക്കാം -പ്രനീഷ് വിജയൻ | INTERVIEW

തിയേറ്ററുകളിൽ പുതിയ വിജയചരിത്രം രചിച്ച് മുന്നേറുകയാണ് ഷറഫുദ്ദീനെ നായകനാക്കി നവാഗതനായ പ്രനീഷ് വിജയൻ സംവിധാനംചെയ്ത ദി പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രം. ജയ് വിഷ്ണുവും സംവിധായകൻ പ്രനീഷ് വിജയനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിൽ നിറഞ്ഞ സന്തോഷത്തിലാണ് പ്രനീഷ്. ഓരോ സീനിലും ഫാമിലിയും കുട്ടികളും രസിച്ചിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദർശനും സിദ്ദിഖ്-ലാലുമെല്ലാം ഒരുക്കിയ ചിത്രങ്ങളാണ് പ്രനീഷിനെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. പ്രനീഷ് വിജയൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പെറ്റ് ഡിറ്റക്ടീവ് എന്ന സിനിമയ്ക്ക് യഥാർത്ഥ സംഭവങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?
സിനിമയുടെ ആശയം ഏകദേശം മൂന്ന് വർഷങ്ങൾക്കുമുൻപ്, കൊറോണ സമയത്താണ് ലഭിക്കുന്നത്. അന്ന് ഞാനും ഷറഫുദ്ദീനും കൂടി വേറൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു. പക്ഷേ അത് നടന്നില്ല. യഥാർത്ഥത്തിൽ ഷറഫിന്റെ ഒരു സുഹൃത്തിന്റെ നായയെ കാണാതായ സംഭവത്തിൽ നിന്നാണ് ഈ ആശയം ഉടലെടുക്കുന്നത്. നായയെ കിട്ടിയെങ്കിലും, ഇതുപോലുള്ള വളർത്തുമൃഗങ്ങളെ കാണാതായാൽ എന്ത് ചെയ്യും എന്നൊരു ചിന്ത വന്നു. അപ്പോഴാണ് ഷറഫ് വളർത്തുമൃഗങ്ങളെ മാത്രം നോക്കുന്ന ഒരു ഡിറ്റക്റ്റീവിന്റെ (പെറ്റ് ഡിറ്റക്റ്റീവ്) ആശയം മുന്നോട്ട് വെച്ചത്. ഈ വാക്കിൽ നിന്നാണ് പിന്നെ സിനിമ മൊത്തം കെട്ടിപ്പടുത്തത്.
ജയ് വിഷ്ണു എങ്ങനെയാണ് സഹരചയിതാവായി എത്തിയത്?
തിരക്കഥയുടെ മൂന്നോ നാലോ ഡ്രാഫ്റ്റുകൾക്ക് ശേഷമാണ് ജയ് വിഷ്ണു എഴുത്തിലേക്ക് എത്തുന്നത്. പ്രോജക്റ്റ് ഓൺ ആയ ശേഷം അദ്ദേഹം എഴുത്തിൽ പങ്കാളി ആവുകയായിരുന്നു. മധുര മനോഹര മോഹത്തിന് ശേഷമല്ല, മറിച്ച് അതിന് സമാന്തരമായിട്ടാണ് ജയ് വിഷ്ണു കൂടെ ഉണ്ടായിരുന്നത്.
ഡിറ്റക്ടീവ് കഥയാണെങ്കിലും കോമഡി കലർത്തി പറയണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നോ?
തീർച്ചയായും. കാരണം ഇത് നമ്മൾ കുട്ടികൾക്കും ഫാമിലിക്കും വേണ്ടിയുണ്ടാക്കുന്ന ചിത്രമാണ്. പല കാര്യങ്ങളും ഒളിപ്പിച്ചുവെക്കുന്ന ത്രില്ലറുകളേക്കാൾ കൂടുതൽ, ഓരോ സീനിലും ഫാമിലിയും കുട്ടികളും രസിച്ചിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് എഴുത്തുതുടങ്ങിയത്. ഷൂട്ട് ചെയ്തപ്പോഴും അങ്ങനെ തന്നെയായിരുന്നു.
അനുപമ പരമേശ്വരന്റെയും വിജയരാഘവന്റെയും വേഷങ്ങൾ ചെയ്യാൻ വേറെ ആരെയെങ്കിലും ആലോചിച്ചിരുന്നോ?
സത്യം പറഞ്ഞു കഴിഞ്ഞാൽ രണ്ടുപേർക്കും പകരം വേറെ ആരെയും സമീപിച്ചിട്ടില്ല. ആദ്യത്തെ ഡ്രാഫ്റ്റ് കഴിഞ്ഞശേഷം കഥ പറയാനായി ആദ്യം പോയ ആർട്ടിസ്റ്റ് അനുപമയാണ്. കൊറോണ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഫസ്റ്റ് നറേഷൻ നൽകുന്നത്. കഥ കേട്ടപ്പോൾ തന്നെ അവർ കമ്മിറ്റ് ചെയ്തു. പടം തുടങ്ങാൻ കുറച്ച് താമസം വന്നെങ്കിലും അത്രയേറെ ഇഷ്ടത്തോടെയാണ് അനുപമ ഈ ചിത്രത്തിലേക്ക് വന്നത്. അനുപമയുടെ കഥാപാത്രം നായകന്റെ നിഴലായി, അല്ലെങ്കിൽ നായകനെ പ്രേമിക്കാൻ വേണ്ടി മാത്രമുള്ളതല്ല. നായകനൊപ്പം അതേ ലെവലിൽ നിൽക്കുന്ന ഹീറോയിൻ ആണ്. ആക്ഷനും കോമഡിയും ചെയ്യുന്ന, വളരെ ബോൾഡായ, ഒരു കംപ്ലീറ്റ് പാക്കേജ് കഥാപാത്രം ആണിത്. അനുപമ വളരെ ബ്രില്യന്റ് ആയിട്ടാണ് ആക്ഷനും കോമഡിയും ഉൾപ്പെടെ ചെയ്തത്.
വിജയരാഘവൻ ചേട്ടന്റെ അടുത്ത് ഞാനും ജയ് വിഷ്ണുവുമാണ് കഥ പറയാൻ പോയത്. കഥ പറഞ്ഞപ്പോൾ അദ്ദേഹം വളരെ എക്സൈറ്റഡ് ആയി. സാറിന് പകരം മറ്റൊരു ഓപ്ഷൻ പോലും മനസ്സിൽ വെച്ചിട്ടുണ്ടായിരുന്നില്ല.
ജോമോൻ ജ്യോതിറിനെ ആ വേഷത്തിലേക്ക് എത്തിച്ചതെങ്ങനെ?
ഹലോ മമ്മി എന്ന ചിത്രത്തിൽ ഷറഫിനൊപ്പം ജോമോൻ ഉണ്ടായിരുന്നു. പെറ്റ് ഡിറ്റക്ടീവിന്റെ എഴുത്ത് നടക്കുമ്പോൾ ഞങ്ങൾ ഹലോ മമ്മിയുടെ സെറ്റിൽ പോകുമായിരുന്നു. അന്ന് ജോമോന്റെ സിനിമകളൊക്കെ വന്ന് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ജോമോന്റെ റെയ്ഞ്ച് അന്നേ മനസിലായിരുന്നു. ആ കഥാപാത്രമായി ജോമോൻ ആണ് കറക്റ്റ് എന്നുള്ളത് മനസ്സിലായി. ഹലോ മമ്മി റിലീസ് ചെയ്തപ്പോൾ ഷറഫുദ്ദീന്റെയും ജോമോന്റെയും കോമ്പിനേഷൻ ഭയങ്കര വർക്ക് ആയിരുന്നു.
നിഷാന്ത് സാഗറിനെക്കൊണ്ട് കോമഡി ചെയ്യിക്കാനുള്ള കാരണമെന്താണ്?
ഷാജി എന്ന കഥാപാത്രം ചെയ്യാൻ വേണ്ടി തിരഞ്ഞെടുത്തയാൾ പ്രീ-ജഡ്ജ്ഡ് ആവാൻ പാടില്ല എന്ന് നിർബന്ധമുണ്ടായിരുന്നു. കോമഡി മാത്രം ചെയ്യുന്ന ആർട്ടിസ്റ്റിനെ വെച്ചാൽ ആൾക്കാർ മുൻവിധിയോടെ എടുക്കും. എന്നാൽ ഈ കഥാപാത്രത്തിന് മറ്റൊരു ഷെയ്ഡ് കൂടി ചെയ്യാനുണ്ട്. കാണുന്നവർക്ക് ഇയാൾ ഇങ്ങനെയൊക്കെ ആവുമോ എന്ന് തോന്നുന്ന ഒരു കൗതുകം കിട്ടാൻ വേണ്ടിയാണ് നിഷാന്തേട്ടനിലേക്ക് എത്തിയത്. നിഷാന്ത് സാഗർ സന്തോഷവാനായിരുന്നു. ഷൂട്ടിന് മുമ്പുതന്നെ ഇടയ്ക്കിടെ വിളിച്ച് മീശ എങ്ങനെ വെക്കണം എന്നതുൾപ്പെടെയുള്ള ക്യാരക്ടർ റെഫറൻസുകൾ ചർച്ച ചെയ്യുമായിരുന്നു. ഇങ്ങനെ ഒരു കോമഡി റോൾ കിട്ടാൻ വേണ്ടി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. നമ്മൾ സോഷ്യൽ മീഡിയയിലൊക്കെ സ്ഥിരം കണ്ടുവരുന്ന ചില ആളുകളുമായി സാദൃശ്യം ഉള്ളതായിരുന്നു ഷാജി എന്ന കഥാപാത്രം.
പേടിച്ചുനിൽക്കുന്ന രഞ്ജി പണിക്കരുടെ കഥാപാത്രവും സെറ്റിൽ ജോളിയായ വിനായകനും
രഞ്ജി പണിക്കർ സാറും ആ കഥാപാത്രത്തിനായുള്ള ഫസ്റ്റ് ഓപ്ഷൻ ആയിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം ഗൗരവമുള്ള വേഷങ്ങളിൽ നിന്ന് മാറി, മെക്സിക്കോയിൽ നിന്ന് ഓടി വന്ന് പേടിച്ച് ജീവിക്കുന്ന ഒരു ഡിറ്റക്റ്റീവ് ആയുള്ള ആശയം അദ്ദേഹത്തിന് ഇഷ്ടമായി. രഞ്ജി പണിക്കർ സാറിനെപ്പോലെ ഒരാൾ പേടിച്ചു നിൽക്കുന്നത് തന്നെ ഒരു കോമഡിയായിരുന്നു. ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ അദ്ദേഹം സമ്മതിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. വിനായകന്റെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണ്. സിനിമയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന, എന്നാൽ കുറച്ച് സീനികൾ മാത്രമുള്ളതുമായ ഒരു കഥാപാത്രമാണിത്. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോൾ രണ്ട് ഷെയ്ഡുകളും രണ്ട് ലെയറുകളും ഉള്ളതുകൊണ്ട് വളരെ താൽപ്പര്യം തോന്നി. അദ്ദേഹം സെറ്റിൽ വളരെ ജോളിയായിരുന്നു. ഭഗത്തിന്റെ കാര്യവും അങ്ങനെതന്നെ. പേഴ്സണലി വളരെ ഇഷ്ടമുള്ള ഒരു ആർട്ടിസ്റ്റാണ് ഭഗത് മാനുവൽ. വളരെ ഈസിയായി ഇമോഷൻ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതിനാൽ അദ്ദേഹത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഡിറ്റക്ടീവ് സിനിമകൾ കാലത്തിനനുസരിച്ച് മാറ്റുക എന്നുള്ളത് മനപ്പൂർവ്വം വരുത്തിയതാണോ?
അതെ. അത് മനപ്പൂർവ്വം തന്നെ വന്നതാണ്. കാരണം നമ്മൾ എന്ത് കിട്ടാനും ആദ്യം സോഷ്യൽ മീഡിയയിലാണ് നോക്കുന്നത്. അപ്പോൾ ഇപ്പോഴത്തെ കാലത്തെ ഒരു ഡിക്ടറ്റീവ് എന്തായാലും ആ ഒരു വഴി എന്തായാലും തിരഞ്ഞെടുക്കണമല്ലോ. നമുക്ക് സോഷ്യൽ മീഡിയയിൽ കണ്ടു പരിചയമുള്ള കുറച്ച് റഫറൻസുകളൂടെ കിട്ടി കഴിഞ്ഞപ്പോൾ അതൊരു എന്റർടൈൻമെന്റ് മോഡിലേക്ക് മാറി.
മലയാളത്തിലെ പഴയകാല ഡിറ്റക്ടീവ് സിനിമകൾ പ്രചോദനം ചെലുത്തിയിട്ടുണ്ടോ?
എഴുത്തിൽ സ്വാധീനിച്ചിരുന്നില്ല. പക്ഷേ ഈ പ്രൊജക്റ്റ് ഡിസൈൻ ചെയ്യുന്ന സമയത്ത് ഡിക്ടറ്റീവ് സിനിമകൾ അല്ലെങ്കിൽഇൻവെസ്റ്റിഗേഷൻ കോമഡി ത്രില്ലേഴ്സ് എന്ന് പറയുന്ന ആ ജോണറിനെക്കുറിച്ച് ഒരുപാട് പഠനം നടത്തിയിരുന്നു. എഴുത്തിൽ മറ്റ് ഡിറ്റക്റ്റീവ് സിനിമകൾ നേരിട്ട് സ്വാധീനിച്ചിരുന്നില്ല. കഥാപാത്രങ്ങളെയും കഥയെയും ആശ്രയിച്ചായിരുന്നു എഴുത്ത്. എങ്കിലും, പ്രൊജക്റ്റ് ഡിസൈൻ ചെയ്യുന്ന സമയത്ത് ഇൻവെസ്റ്റിഗേഷൻ കോമഡി ത്രില്ലർ ജോണറുകൾ അതിന്റെ ഉയർച്ച താഴ്ചകൾ എങ്ങനെയാണെന്നും മേക്കിംഗ് എങ്ങനെയാണെന്നും മനസ്സിലാക്കാൻ വേണ്ടി ഒരുപാട് റെഫർ ചെയ്തിരുന്നു.
റിപ്പീറ്റ് ആയിട്ട് കാണുന്ന സിനിമകൾ ഉണ്ടോ?
ഉണ്ട്. ഹാർഡ്‌കോർ ഫാൻ ആയതിനാൽ പ്രിയദർശൻ സാറിന്റെ സിനിമകൾ എല്ലാം സ്വാധീനിച്ചിട്ടുണ്ട്. ചെയിൻ കോമഡിക്ക് പുറമേ, പ്രിയദർശൻ സാർ ചെയ്ത എല്ലാ ജോണറിലുള്ള സിനിമകളും സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സീൻ കൊറിയോഗ്രാഫിയും വർക്കുകളും ഞങ്ങളെ സ്വാധീനിക്കുകയും അത്തരം കാര്യങ്ങൾ പരീക്ഷിക്കാൻ കാരണമാവുകയും ചെയ്തു. സിഐഡി മൂസ ഞങ്ങളെല്ലാവരുടേയും ഓൾ ടൈം ഫേവറൈറ്റാണ്. സിദ്ദിഖ്-ലാൽ സാറിന്റെ റാംജി റാവ് സ്പീക്കിംഗ്, മന്നാർ മത്തായി സ്പീക്കിംഗ് പോലുള്ള സിനിമകളും സ്വാധീനിച്ചിട്ടുണ്ട്. അവരുടെ എഴുത്തും മേക്കിംഗ് രീതിയും ബ്രില്യന്റ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. നമ്മൾ അറിയാതെ നമ്മളെ ആ ഒരു സിനിമയുടെ ക്ലൈമാക്സ് വരെ എത്തിക്കുന്ന ഒരു രീതിയുണ്ട്. ഒന്നിലേറെ ലെയർ ഉണ്ടാവും അതിനെല്ലാം. അങ്ങനെയുള്ള ഒരു പാറ്റേൺ തന്നെയാണ് നമ്മളും സ്വീകരിച്ചിരിക്കുന്നത്.
ക്ലൈമാക്സ് ആക്ഷൻ സീക്വൻസ് എങ്ങനെയാണ് പ്ലാൻ ചെയ്തത്?
ക്ലൈമാക്സിലെ 20-25 മിനിറ്റോളം നീളുന്ന ചെയിൻ ആക്ഷൻ കോമഡി സീൻ സ്ക്രിപ്റ്റിൽ കൃത്യമായി പ്ലാൻ ചെയ്തതാണ്. കാന്താര 2 ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചെയ്ത ഫൈറ്റ് മാസ്റ്റർ മഹേഷ് മാത്യുവായിരുന്നു ആ സംഘട്ടനം ഒരുക്കിയത്. എല്ലാവരും ഒരുമിച്ചിരുന്ന് ക്ലൈമാക്സ് എങ്ങനെ ചെയ്യണം എന്ന് പ്ലാൻ ചെയ്തിരുന്നു. ഇതൊരു പക്കാ ആക്ഷൻ അല്ല, മറിച്ച് ആക്ഷനും കോമഡിയും ചേർന്ന സീനായിരുന്നു. പ്രേക്ഷകർക്ക് ബോറടിക്കാതെ എങ്ങനെ ആ രംഗം ഒരുക്കണം എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തകൾ ഉണ്ടായിരുന്നു.
പെറ്റ് ഡിറ്റക്ടീവിലെ ടോണി ജോസ് അലൂല എന്ന കഥാപാത്രത്തെ നായകനാക്കി കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കാമോ?
ടോണി എന്ന കഥാപാത്രത്തിന് ഇനിയും മുന്നോട്ട് ഒരുപാട് സാധ്യതകളുണ്ട്. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഇനിയും കുറെ ലൈഫ് ഉണ്ട്. ഇപ്പോൾ ഒരു ലെയർ മാത്രമാണ് പറഞ്ഞുപോയിട്ടുള്ളൂ. അതുകൊണ്ട് ഭാവിയിൽ ഈ സീരീസിൽ സിനിമകൾ സംഭവിക്കാൻ സാധ്യതയുണ്ട്.
പുതിയ പടങ്ങൾ ചെയ്യാൻ പ്ലാൻ ഉണ്ടോ? ഭാവി കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ടോ?
പുതിയ പടങ്ങൾ എന്തായാലും ചെയ്യും. ഒന്നുരണ്ട് തിരക്കഥകൾ എഴുതുന്നുണ്ട്. ഞാൻ ഇതിനു മുമ്പ് ഹാപ്പി വെഡിങ് എന്ന് പറഞ്ഞ മൂവിയുടെ റൈറ്റർ ആയിരുന്നു. സംവിധാനം ചെയ്യുന്ന പടങ്ങൾ ആലോചനയിലുണ്ട്.
Content Highlights: Director Praneesh Vijayan discusses the inspiration behind `The Pet Detective`, its family-friendly comedy, inspirations from Priyadarshan and Siddique-Lal, and potential future sequels.