കരൂർ റാലി, മമിതയുടെ മാല, വരികൾക്കുള്ളിലെ രാഷ്ട്രീയം; 'ദളപതി കച്ചേരി' ഡീകോഡ് ചെയ്ത് ആരാധകർ

വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രത്തിലെ ആദ്യഗാനം തരംഗമാകുന്നു. വിജയ് അഭിനയിക്കുന്ന അവസാനചിത്രമാകും ജനനായകൻ എന്നാണ് അഭ്യൂഹങ്ങൾ. കഴിഞ്ഞദിവസം പുറത്തുവന്ന ഗാനത്തിലെ വരികളും ദൃശ്യങ്ങളും ഡീകോഡ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുകയാണ്. ഗാനം വിജയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരമാണെന്നാണ് ആരാധകർ പറയുന്നത്. വിജയ്‌യുടെ സിനിമാ ജീവിതത്തെയും രാഷ്ട്രീയജീവിതത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ ഘടകങ്ങൾ ഗാനത്തിലുണ്ടെന്ന് അക്കമിട്ട് നിരത്തുകയാണ് അവർ.
നരച്ച താടിയുള്ള ലുക്കിലാണ് ഗാനരംഗത്തിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്. അടുത്തകാലത്തായി തന്റെ പാർട്ടിയായ ടിവികെയുടെ പരിപാടികളിൽ വിജയ് പങ്കെടുത്തത് ഈ ലുക്കിലാണെന്നാണ് ഗാനം ഡീകോഡ് ചെയ്തവർ കണ്ടെത്തിയിരിക്കുന്നത്. ഗാനം അരങ്ങേറുന്നത് ഒരു തെരുവിലാണ്. ഇവിടെയുള്ള കെട്ടിടങ്ങളിലെല്ലാം വിജയ്‌യുമായ ബന്ധപ്പെട്ട വിവരങ്ങളാണുള്ളത്. തിരുപ്പാച്ചി, മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ് അവതരിപ്പിച്ച കഥാപാത്രമായ ജെ.ഡിയുടെ പേരിലുള്ള കോളേജ്, നാൻ റെഡി എന്ന ഗാനത്തിന്റെ വരി, തുപ്പാക്കി, ബിഗിൽ എന്നീ ചിത്രങ്ങളുടെ പോസ്റ്റർ, ശിവകാശി, നൻബനിലെ ഓൾ ഈസ് വെൽ എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്ന ബോർഡുകൾ എന്നിവയെല്ലാം ഗാനത്തിൽ കാണാം.
ഹിറ്റ് ചിത്രങ്ങളായ ഗില്ലി, കത്തി, തുപ്പാക്കി പൂവേ ഉനക്കാക തുടങ്ങിയവയിൽനിന്നുള്ള വിജയ്‌യുടെ ലുക്കും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിൽ മറ്റൊരിടത്ത് വിജയ് അഭിനയിച്ച പ്രധാനപ്പെട്ട ചിത്രങ്ങളുടെ പേര് കാണിക്കുന്ന ഭാഗമുണ്ട്. ഇതിന്റെ പശ്ചാത്തലം കരൂരിലെ റാലിയോട് സാദൃശ്യമുള്ളതാണ്.
ഗാനം സംഗീത സംവിധായകൻ അനിരുദ്ധും വിജയ്‌യും അറിവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇതിൽ വിജയ് പാടുന്ന ഭാഗം തമിഴ്നാടിനെക്കുറിച്ചാണ്. കാൾ മാക്സ്, പെരിയോർ, അംബേദ്കർ എന്നിവരുടെ ചിത്രങ്ങളും പാട്ടിലുണ്ട്. ജാതിഭേദം ഏതുമില്ല എന്നർത്ഥമാക്കുന്ന വരികളാണ് ഇവിടെ കേൾക്കാനാവുക. വിജയ് തന്റെ രാഷ്ട്രീയ ചടങ്ങുകളിലെല്ലാം പെരിയോറെയും അംബേദ്കറെക്കുറിച്ചും സംസാരിക്കാറുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഈ ഭാഗത്തെ വരികൾ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പൂജ ഹെഗ്ഡേയും മമിതാ ബൈജുവുമാണ് ഗാനത്തിൽ വിജയ്ക്കൊപ്പമുള്ളത്. ചിത്രം ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനൊരു തെളിവും ഡീകോഡർമാർ ഗാനരംഗത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗാനത്തിൽ മമിത അണിഞ്ഞിരിക്കുന്ന മാലയാണത്. ഇതേ മാല ഭഗവന്ത് കേസരിയിൽ ശ്രീലീലയും അണിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ രണ്ട് കഥാപാത്രങ്ങളും ഒന്നാകാനാണ് സാധ്യതയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എച്ച്. വിനോദ് ആണ് ‘ജനനായകന്‍’ സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന റോളുകളിലെത്തുക. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.
Content Highlights: Fans decode Vijay`s `Jananayagan` song `Thalapathy Kacheri`, uncovering political and career references. Discover the hidden meanings and easter eggs!