നായകന്റെ ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല, എന്നെ ആ സിനിമയിൽനിന്ന് മാറ്റി -താപ്സി പന്നു

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ വിവേചനങ്ങളെക്കുറിച്ചും അസമത്വങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ച് പലപ്പോഴും ശ്രദ്ധ നേടുന്ന ബോളിവുഡ് നടിയാണ് താപ്‌സി പന്നു. ഒരു സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് തനിക്ക് ലഭിച്ച ഏറ്റവും മോശമായ കാരണത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. സിനിമയിൽ നായകന്മാരുടെ താല്പര്യങ്ങൾക്കും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കും അനുസരിച്ച് നായികമാരെ മാറ്റുന്ന രീതി എത്രത്തോളം നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ അനുഭവങ്ങൾ. താപ്സിയുടെ പരാമർശങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്.
സിനിമകളിൽ നിന്ന് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ ഒഴിവാക്കിയ സംഭവങ്ങളെക്കുറിച്ച് നയൻദീപ് രക്ഷിതിന്റെ യൂട്യൂബ് ഷോയിലാണ് താപ്‌സി വെളിപ്പെടുത്തിയത്. നായകന്റെ നിർബന്ധപ്രകാരമാണ് തന്നെ ഒഴിവാക്കിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചെങ്കിലും, അതിന്റെ വ്യക്തമായ കാരണം തനിക്ക് നൽകിയിരുന്നില്ലെന്ന് അവർ ഓർത്തെടുത്തു. എന്നാൽ മറ്റൊരു സിനിമയിൽ നിന്ന് മാറ്റിയപ്പോൾ തനിക്ക് ലഭിച്ച മറുപടി "നായകന്റെ ഭാര്യക്ക് നിങ്ങളെ ഇഷ്ടമല്ല" എന്നതായിരുന്നുവെന്ന് താപ്സി ഓർത്തെടുത്തു. തനിക്ക് ലഭിച്ച ഏറ്റവും മോശമായ കാരണമെന്നാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്. എന്നാൽ ആ നടന്റെയോ ഭാര്യയുടെയോ പേര് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.
Also Read: ആര് നായികയാകണമെന്ന് തീരുമാനിക്കുന്നത് നായകൻ, മുൻഗണന ഹീറോയുടെ താത്പര്യത്തിന് - താപ്സി പന്നു
ചലച്ചിത്ര മേഖലയിലെ വാർപ്പുമാതൃകാപരമായ കാസ്റ്റിംഗ് രീതികളെക്കുറിച്ചും താപ്‌സി രൂക്ഷവിമർശനം ഉന്നയിച്ചു. ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യാനായി കുറച്ച് നടികമാരും, ഗൗരവമുള്ള സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്കായി വേറെ കുറച്ച് നടിമാരും എന്ന രീതിയിലാണ് പലപ്പോഴും അണിയറപ്രവർത്തകർ താരങ്ങളെ തരംതിരിക്കുന്നത്. ഇത്തരം സ്ഥിരം രീതികൾ സിനിമയുടെ പുതുമ ഇല്ലാതാക്കുകയും പ്രേക്ഷകർക്ക് കഥയുടെ അവസാനം എളുപ്പത്തിൽ ഊഹിക്കാൻ ഇടയാക്കുകയും ചെയ്യുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.
പ്രേക്ഷകർക്ക് കഥ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന തരത്തിലുള്ള സിനിമകളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, അത്തരം സിനിമകൾ നിരസിക്കാറുണ്ടെന്നും താപ്‌സി വ്യക്തമാക്കി. "ഇത്തരം കഥാപാത്രങ്ങളിൽ എന്നെ അഭിനയിപ്പിക്കരുത്, അത് നിങ്ങളുടെ സിനിമയ്ക്ക് തന്നെ ദോഷം ചെയ്യും" എന്ന് നിർമ്മാതാക്കളോട് തുറന്നു പറയാൻ താൻ മടിക്കാറില്ലെന്ന് അവർ പറഞ്ഞു.
Also Read: 'അഭിനയമല്ല, നടിയുടെ ശരീരം ക്യാമറയിൽ പകർത്താനാണ് അവർക്ക് താത്പര്യം'; വിമർശിച്ച് താപ്‌സി
ആര് നായികയാകണമെന്ന് തീരുമാനിക്കുന്നത് നായകനാണെന്ന് മുൻപ് താപ്സി പറഞ്ഞിട്ടുണ്ട്. സംവിധായകൻ ഉണ്ടെങ്കിലും ഭൂരിഭാഗം സമയത്തും നായകനാണ് തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷേ താരപദവിയുള്ള സംവിധായകരുടെ സിനിമയിൽ അവർ തന്നെയാണ് തീരുമാനമെടുക്കുന്നതെന്നും താപ്സി പറഞ്ഞു. ഡങ്കി എന്ന ചിത്രമാണ് അവർ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ 'ഗാന്ധാരി' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് താപ്‌സി കാഴ്ചവെച്ചത്.
Content Highlights: Actress Taapsee Pannu revealed that she was once dropped from a film project simply because the lead actor's wife did not like her, calling it the "worst reason" she had ever been given for being replaced in the film industry.