പ്രണയം എന്നും നിലനിൽക്കണം; താലികെട്ടുന്നതോടെ തീരേണ്ടതല്ല, പങ്കാളിയെ എന്നും സ്‌നേഹിക്കണം- സൂര്യ

#Movies Desk
സൂര്യ | Photo: Screen grab/ YouTube: Aditya Music Tamil
സൂര്യ | Photo: Screen grab/ YouTube: Aditya Music Tamil

പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് തമിഴ് താരം സൂര്യ. 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

പ്രണയം എന്നത് വിവാഹത്തോടെ തീരുന്ന ഒന്നല്ലെന്നും ജീവിതത്തിലുടനീളം അത് നിലനിർത്തേണ്ടതുണ്ടെന്നും സൂര്യ അഭിപ്രായപ്പെട്ടു. 'പ്രണയം എന്നും നിലനിൽക്കേണ്ട ഒന്നാണെന്നാണ് ഞാൻ കരുതുന്നത്. താലികെട്ടുന്നതോടെ തീരേണ്ടതല്ല, പകരം ജീവിതത്തിൽ ഓരോ ദിവസവും പങ്കാളിയെ സ്‌നേഹിക്കണം. ഒരാളോടൊപ്പം 20 വർഷം ജീവിച്ചാലും ആ സ്‌നേഹം തുടരണം. പങ്കാളിയോട് എപ്പോഴും ബഹുമാനമുണ്ടായിരിക്കണം,' സൂര്യ പറഞ്ഞു.

പ്രായം കൂടുന്തോറും മനുഷ്യരിൽ സ്വാഭാവികമായ മാറ്റങ്ങൾ വരുമെന്ന് താരം ചൂണ്ടിക്കാട്ടി. 'പ്രായം കൂടുന്തോറും നമ്മൾ സ്വയവും പങ്കാളിയും മാറും. 20, 25, 30 വയസ്സുകളിൽ ഓരോഘട്ടത്തിലും നമ്മുടെ മുൻഗണനകൾ വ്യത്യസ്തമായിരിക്കും. ചിന്താഗതികൾ മാറാം, ജീവിതം ഏത് ദിശയിലേക്കും തിരിയാം. എന്നാൽ പങ്കാളിയോടുള്ള സ്‌നേഹവും കരുതലും ഒരിക്കലും മാറ്റമില്ലാതെ തുടരണം,' അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും അവരുടെ ത്യാഗങ്ങളെക്കുറിച്ചും സൂര്യ ചടങ്ങിൽ സംസാരിച്ചു. ജീവിതത്തിൽ ഒരു ലക്ഷ്യത്തിലെത്താൻ പുരുഷനേക്കാൾ കൂടുതൽ പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടി വരുന്നത് സ്ത്രീകൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. വീട്ടുകാര്യങ്ങൾ നോക്കാനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും, വലിയ വിട്ടുവീഴ്ചകളാണ് സ്ത്രീകൾ നടത്തുന്നത്. അതിനാൽ അവരുടെ ത്യാഗങ്ങളെ എപ്പോഴും ബഹുമാനിക്കണം. സ്‌നേഹത്തേക്കാൾ ഉപരിയായി ബഹുമാനവും പ്രകടിപ്പിക്കണമെന്നും സൂര്യ വ്യക്തമാക്കി.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'വിശ്വനാഥ് ആൻഡ് സൺസ്' ഓഗസ്റ്റ് 14-നാണ് റിലീസ് ചെയ്യുന്നത്. സൂര്യക്കൊപ്പം മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ, നാസർ, സുധ, കല്യാണി നടരാജൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Content Highlights: Tamil actor Suriya shared his deep personal perspectives on love, marriage, and lifelong commitment during the audio launch event of his upcoming movie Viswanath & Sons. He emphasized that love should not end with marriage but must be actively sustained every single day, even after spending decades together with one's partner. Highlighting human growth, Suriya noted that while priorities and mindsets naturally evolve with age, mutual affection and care should remain constant. The actor strongly advocated for respecting women, acknowledging the immense sacrifices and compromises they make for their families and children to reach their goals. Directed by Venky Atluri with music by G.V. Prakash Kumar, the family drama Viswanath & Sons co-starring Mamitha Baiju is scheduled for release on August 14.