സ്ഥിരം ലൈംഗിക കുറ്റവാളികളെപ്പോലും ഒരു മടിയുമില്ലാതെ ആഘോഷിക്കുന്നു, സകല അവാർഡും കിട്ടിയ പടത്തിന് വാരിക്കോരി പുരസ്കാരം -ശ്രുതി ശരണ്യം

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തെ അതിരൂക്ഷമായി വിമർശിച്ച് സംവിധായിക ശ്രുതി ശരണ്യം. സ്ത്രീപക്ഷസിനിമകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് അവർ സോഷ്യൽ മീഡിയാ കുറിപ്പിൽ പറഞ്ഞു. കാൻ, സോള്‍ പോലുള്ള ചലച്ചിത്രമേളകളിൽ തരംഗം സൃഷ്ടിച്ച ചരിത്രപരമായ സ്ത്രീപക്ഷ സിനിമകൾ തഴയപ്പെട്ടു. ലൈംഗിക കുറ്റവാളികളെപ്പോലും യാതൊരു മടിയുമില്ലാതെ ആഘോഷിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
കേരള സ്റ്റേറ്റ് മസ്കുലിൻ അവാർഡുകൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ശ്രുതി ശരണ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്. മത്സരത്തിനെത്തിയവയിൽ പത്തുശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീപക്ഷ സിനിമകൾ എന്ന് ജൂറി ചെയർമാൻ തന്നെ സമ്മതിച്ചതായി ശ്രുതി ശരണ്യം ചൂണ്ടിക്കാട്ടി.
എന്നിട്ടും, ഇതിനോടകം പല ബഹുമതികളും തൂത്തുവാരിയ ഒരു നായികാ പ്രാധാന്യമുള്ള സിനിമയ്ക്ക് പുരസ്കാരങ്ങൾ വാരിക്കോരി നൽകുകയാണ് ജൂറി ചെയ്തത്. അതും പോരാതെ, സ്ഥിരം ലൈംഗിക കുറ്റവാളികളെപ്പോലും യാതൊരു മടിയുമില്ലാതെ ആഘോഷിക്കുന്നുവെന്ന് അവർ കുറിപ്പിൽ പറഞ്ഞു.
"ബഹുമാന്യ' ജൂറിക്ക് 'ആൺനോട്ടം' എന്ന ആശയം എന്താണെന്ന് മനസ്സിലാക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ലെന്ന് വ്യക്തം. അതേസമയം, കാനിലും സോളിലും അടക്കമുള്ള അന്താരാഷ്ട്രവേദികളിൽ തരംഗം സൃഷ്ടിച്ച, ചരിത്രപരമായ സ്ത്രീപക്ഷ സിനിമകൾ സൗകര്യപൂർവ്വം തഴയപ്പെട്ടു. അവൻ്റെ സിനിമ... അവൻ്റെ അവാർഡ്... അവൻ്റെ നോട്ടം." ശ്രുതി കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെ.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബാലതാരത്തിനുള്ള പുരസ്കാരം ആർക്കും നൽകിയിരുന്നില്ല. പരിഗണനാർഹമായ ചിത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ജൂറി ഇതിനുകാരണം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് വിവാദം ചൂടുപിടിക്കുമ്പോഴാണ് മറ്റൊരു സംഭവംകൂടി തലയുയർത്തിയിരിക്കുന്നത്.
Content Highlights: Director Shruthi Sharanyam criticizes the state film awards, alleging neglect of women-centric films and celebration of controversial themes. Read her sharp critique.