ബൈസൺ കാളമാടൻ മാരി സെൽവരാജിന്റെ കരിയറിലെ മികച്ച ചിത്രം; പ്രശംസിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ കാളമാടൻ എന്ന സ്പോർട്സ് ഡ്രാമ ചിത്രം. കബഡിയുടെ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയം ശക്തമായി പറയുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. മാരി സെൽവരാജിന്റെ സിനിമാ യാത്രയിലെ മറ്റൊരു മികച്ച ചിത്രമാണ് ബൈസൺ സിനിമ എന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചു.
ചെറുപ്പക്കാരനായ കബഡി കളിക്കാരന്റെ കളിക്കളത്തിന് അകത്തും പുറത്തുമുള്ള പോരാട്ടങ്ങളുടെ കഥയെ അസാധാരണമായ സിനിമാറ്റിക് അനുഭവമാക്കി മാരി സെൽവരാജ് മാറ്റിയെന്ന് സ്റ്റാലിൻ കുറിച്ചു. സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യുന്ന മാരി സെൽവരാജിന്റെ ഓരോ ചിത്രങ്ങളും താൻ സൂക്ഷ്മമായി പിന്തുടരുന്നുണ്ടെന്നും സ്റ്റാലിൻ പറയുന്നു.
അദ്ദേഹത്തിന്റെ ഓരോ ചിത്രവും മൂർച്ചയുള്ള സന്ദേശം അവശേഷിപ്പിക്കുകയും മനസ്സുകളെ സ്വാധീനിക്കുകയും ചെയ്യുന്നതിൽ പരാജയപ്പെട്ടിട്ടില്ലെന്നും സ്റ്റാലിൻ കുറിച്ചു.
യുവാക്കൾ പിന്തുടരേണ്ട വഴിയെ മാരി സെൽവരാജ് വളരെ പക്വതയോടെ അവതരിപ്പിച്ചു. സഹോദരൻ മാരിയുടെ സിനിമാറ്റിക് ഭാഷയും കലാപരമായ മികവും കൂടുതൽ കൂടുതൽ മെച്ചപ്പെടുന്നു എന്നതിന്റെ ഉദാഹരമാണ് ബൈസൺ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മാരിയുടെ തിരക്കഥയ്ക്ക് ജീവൻ നൽകിയ ധ്രുവ് വിക്രം, പശുപതി, അനുപമ, രജിഷ തുടങ്ങി എല്ലാ അഭിനേതാക്കൾക്കും പിന്നണിയിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള നിരവധി സൃഷ്ടികൾ തമിഴ് സിനിമയ്ക്ക് നൽകാൻ മാരി സെൽവരാജിന് കഴിയട്ടെ എന്നാശംസിക്കുന്നു. - അദ്ദേഹം പറയുന്നു.
മാരി സെൽവരാജിനെയും ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച ധ്രുവ് വിക്രമിനെയും നേരിൽ കണ്ടതിന്റെ ചിത്രങ്ങളും സ്റ്റാലിൻ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
സ്റ്റാലിന്റെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് മാരി സെൽവരാജും മറുപടി കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തന്റെ ആദ്യചിത്രം പരിയെരും പെരുമാൾ മുതൽ കർണൻ, മാമന്നൻ, വാഴൈ തുടങ്ങി ഇപ്പോൾ ബൈസൺ വരെ കാണുകയും തന്റെ സൃഷ്ടികളിൽ വലിയ വിശ്വാസം കാക്കുകയും ചെയ്തതിനും നേരിട്ട് വിളിച്ചതിനും സ്നേഹത്തിനും വാത്സല്യത്തിനും നന്ദി അറിയിക്കുകയും ചെയ്താണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അർജുന അവാർഡ് ജേതാവായ കബഡി താരം മണത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് 'ബൈസൺ' ഒരുക്കിയിരിക്കുന്നത്.
Content Highlights: Tamil Nadu CM Stalin Lauds Mari Selvaraj's Kabaddi Sports Drama 'Bison'