മമ്മൂക്കയും ഇന്നസെന്റേട്ടനും കൊടുത്ത കാശുകൊണ്ട് ഇവർ ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം ഇന്നാണ് -എം.മോഹനൻ

ശ്രീനിവാസന്റെ വിവാഹവാർഷിക ദിനത്തിൽ നോവുന്ന കുറിപ്പുമായി സംവിധായകനും ഭാര്യാസഹോദരനുമായ എം. മോഹനൻ. ഇന്നാണ് ആ ദിവസം എന്ന് ഓർമിപ്പിക്കുകയാണ് മോഹനൻ. ഇരുവരുടേയും പഴയ ചിത്രവും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ വിമല നൽകുന്ന പിന്തുണയേയും സ്‌നേഹത്തേയും കുറിച്ച് ശ്രീനിവാസൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
"ഇന്നാണ് ആ ദിവസം, ജനുവരി-13.. മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശുകൊണ്ട്, ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ഇല്ലാതെ നിലവിളക്കിന്റെ വെളിച്ചമോ, ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാതെ ഇവർ, ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം.. എല്ലാ യാത്രകളും ഇങ്ങനെയാണ്, എവിടെവച്ചെങ്കിലും ഏതെങ്കിലും ഒരാൾ പെട്ടെന്നങ്ങ് പോകും.." എം. മോഹനൻ കുറിച്ചതിങ്ങനെ.
കണ്ണൂരിലെ കതിരൂരിലെ രജിസ്റ്റർ ഓഫീസിൽവെച്ച് 1984 ജനുവരി 13-നായിരുന്നു ഇരുവരുടേയും വിവാഹം. ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി എന്നാണ് വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ ശ്രീനിവാസൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. ആ വിവാഹത്തിന് സഹായിച്ചത് മമ്മൂട്ടിയും ഇന്നസെന്റുമായിരുന്നു.
ആ പ്രണയകഥ ഇങ്ങനെ:
അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്താണ് ശ്രീനിവാസൻ വിമലയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഡിഗ്രി പഠനത്തിനുശേഷം വരുമാനത്തിനായി ഒരു ട്യൂട്ടോറിയൽ കോളേജിലാണ് ശ്രീനിവാസൻ പഠിപ്പിച്ചിരുന്നത്. വീട്ടിൽ നിന്ന് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം വിമലയെ കാണുന്നത്. അന്ന് നിർമലഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിമല.
എന്നും വിമലയെ കാണുമ്പോൾ 'ബസിന്റെ സമയം എപ്പോഴാണ്?'., പഠനം എങ്ങനെ പോകുന്നു? എന്നെല്ലാം ശ്രീനിവാസൻ ചോദിക്കും. ഒറ്റവാക്കിലായിരിക്കും വിമലയുടെ ഉത്തരം. പിന്നീട് ആ കൂടിക്കാഴ്ച്ച പ്രണയത്തിലേക്ക് വളർന്നു. എന്നാൽ വീട്ടിലെ സാഹചര്യംകൊണ്ട് വിവാഹം എന്നതിനെ കുറിച്ച് ശ്രീനിവാസന് ചിന്തിക്കാനാകുമായിരുന്നില്ല.
ആ സമയത്താണ് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ശ്രീനിവാസന് ഒരു കോഴ്‌സ് പഠിക്കാനുള്ള അവസരം വരുന്നത്. ചെന്നൈയിലേക്ക് പോകുന്നതിന് മുമ്പ് ഇന്റർവ്യൂ പാസാകാൻ പ്രാർഥിക്കണമെന്ന് വിമലയോട് പറഞ്ഞു. അഡയാറിൽ സിനിമ പഠനം തുടങ്ങിയപ്പോൾ ഇരുവരുടേയും ആശയവിനിമയം കത്തിലൂടെയായി.
പിന്നീട് വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിവാസൻ നാട്ടിലെത്തുന്നത്. ഒരു സുഹൃത്തിനൊപ്പം വന്ന് വെള്ളിയാഴ്ച്ചയാണ് വിവാഹമെന്ന് വിമലയോട് പറയുകയായിരുന്നു. 'ഒരു കഥ ഒരു നുണക്കഥ' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നത്. അന്ന് ആ ചിത്രത്തിന്റെ നിർമാതാവ് കൂടിയായിരുന്ന നടൻ ഇന്നസെന്റിന്റെ കൈയിൽ നിന്ന് 400 രൂപ വാങ്ങി. അതായിരുന്നു ആകെയുണ്ടായിരുന്ന സമ്പാദ്യം. വിമലയ്ക്കുവേണ്ട സാരിയും മറ്റും വാങ്ങിയത് ആ പൈസ കൊണ്ടാണ്. എന്നാൽ വിവാഹത്തിന് സ്വർണമാലയും താലിയും വേണമെന്ന് അമ്മ പറഞ്ഞതോടെ എന്തുചെയ്യും എന്നറിയാത്ത അവസ്ഥയിലായി അദ്ദേബം.
ആ സമയത്താണ് കണ്ണൂരിൽ മമ്മൂട്ടി നായകനാകുന്ന 'അതിരാത്രം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് ശ്രീനിവാസൻ അറിഞ്ഞത്. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലിലെത്തി 'നാളെ എന്റെ വിവാഹമാണ്. എനിക്കൊരു രണ്ടായിരം രൂപ വേണം' എന്ന് ശ്രീനിവാസൻ മമ്മൂട്ടിയോട് പറഞ്ഞു. ആരേയും വിളിക്കുന്നില്ലെന്നും രജിസ്റ്റർ വിവാഹമാണെന്നും അറിയിച്ചു.
ഉടനെ മമ്മൂട്ടി 2000 രൂപ എടുത്തുകൊടുത്തു. എന്നിട്ട് കല്ല്യാണത്തിന് വരുമെന്നും പറഞ്ഞു. 'അങ്ങനെ വരരുത്, വിവാഹം മുടങ്ങും' എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. പക്ഷേ ഉറപ്പായും വരും എന്ന് തന്നെ മമ്മൂട്ടി പറഞ്ഞു. 'ആരേയും അറിയിക്കാതെ രജിസ്റ്റർ വിവാഹമാണ് നടത്തുന്നത്. എന്നെ ഇവിടെ ആർക്കും അറിയില്ല. എന്നാൽ താങ്കൾ അതുപോലെയല്ല. വലിയൊരു താരമാണ്. വിവാഹത്തിന് താങ്കൾ വന്നാൽ വിവാഹം എല്ലാവരും അറിയും. അതുകൊണ്ട വരരുത്' എന്ന് ശ്രീനിവാസൻ പറഞ്ഞു. ഒടുവിൽ വരില്ലെന്ന് മമ്മൂട്ടി സമ്മതിച്ചു. അങ്ങനെ മമ്മൂട്ടി കൊടുത്ത പണം കൊണ്ട് താലി വാങ്ങി വിമലയെ ശ്രീനിവാസൻ ജീവിതത്തിലേക്ക് കൂട്ടി.
Content Highlights: Sreenivasan's Humble Beginnings: The Generosity of Mammootty and Innocent on His Wedding Day