ആത്മകഥയിൽ അമിതാഭ് ബച്ചന്റെ മാതാപിതാക്കളെക്കുറിച്ച് വാചാലയായി സോണിയ ഗാന്ധി; അകൽച്ചയെക്കുറിച്ച് മൗനം

#മൂവീസ് ഡെസ്‌ക്
രാജീവ് ഗാന്ധിയും അമിതാഭ് ബച്ചനും അലഹാബാദിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ, സോണിയാ ഗാന്ധി ആത്മകഥയുമായി | Photo: X/ indianhistorypics, PTI
രാജീവ് ഗാന്ധിയും അമിതാഭ് ബച്ചനും അലഹാബാദിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ, സോണിയാ ഗാന്ധി ആത്മകഥയുമായി | Photo: X/ indianhistorypics, PTI

ഗാന്ധി- ബച്ചൻ കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ഓർമകൾ പങ്കുവെച്ച് സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോംഗിങ്: എ ജേർണി ഓഫ് ലവ്'. 1968 ജനുവരിയിൽ രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിനായി ഇറ്റലിയിൽനിന്ന് ഇന്ത്യയിലെത്തിയ തന്നെ സ്വാഗതം ചെയ്യുകയും വഴികാട്ടുകയും ചെയ്ത അമിതാഭ് ബച്ചന്റെ മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനെയും തേജി ബച്ചനെയും കുറിച്ചാണ് പുസ്തകത്തിൽ വിവരിക്കുന്നത്. അതേസമയം, ഇരുകുടുംബങ്ങളും തമ്മിൽ പിന്നീടുണ്ടായ അകൽച്ചയെക്കുറിച്ച് പുസ്തകം മൗനം പാലിക്കുന്നു.

അപരിചിതമായ രാജ്യത്തെ ഭാഷയും ആചാരങ്ങളും പുതിയ കുടുംബത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ടിരുന്ന കാലത്ത് ഇന്ദിര ഗാന്ധിയാണ് ഡൽഹിയിലെ ബച്ചൻ കുടുംബത്തിന്റെ വസതിയായ 13 വില്ലിങ്ടൺ ക്രസന്റിൽ സോണിയയ്ക്ക് താമസസൗകര്യം ഒരുക്കിയത്. വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ രാജീവ് ഗാന്ധിയുടെ സുഹൃത്തായിരുന്ന അമിതാഭ് ബച്ചനും ഉണ്ടായിരുന്നതായി സോണിയ ഓർക്കുന്നു.

ഒരു അമ്മയുടെ വാത്സല്യത്തോടെയാണ് തേജി ബച്ചൻ തന്നെ പരിഗണിച്ചതെന്ന് സോണിയ കുറിച്ചു. ഇന്ത്യൻ ആചാരങ്ങൾ മനസിലാക്കാൻ തേജി ബച്ചൻ സഹായിച്ചു. അസുഖബാധിതയായപ്പോൾ തന്നെ അവർ ശുശ്രൂഷിച്ചു. ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ ഒരു നായ്ക്കുട്ടിയെ സമ്മാനിച്ചതും സോണിയ ഓർത്തെടുക്കുന്നു.

ഹരിവംശ് റായ് ബച്ചൻ ഹിന്ദി പഠിക്കാൻ സഹായിക്കുകയും ഇന്ത്യയിലെ ജീവിതത്തെക്കുറിച്ച് ഉപദേശങ്ങൾ നൽകുകയും ചെയ്തു. 'സോണിയ ബേട്ടി, ഈ രാജ്യത്ത് നീ എന്താണെന്നതിലല്ല, മറിച്ച് ആളുകൾ നിന്നെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പിൽക്കാല ജീവിതത്തിൽ തനിക്ക് തിരിച്ചറിവായെന്ന് സോണിയ പുസ്തകത്തിൽ വ്യക്തമാക്കുന്നു.

രാജീവ് ഗാന്ധിയും അമിതാഭ് ബച്ചനും തമ്മിൽ കുട്ടിക്കാലം മുതൽ സൗഹൃദത്തിലായിരുന്നു. 1984-ൽ രാജീവ് ഗാന്ധിയുടെ നിർദേശപ്രകാരം അലഹബാദിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് അമിതാഭ് വൻഭൂരിപക്ഷത്തിൽ വിജയിച്ചു. എന്നാൽ, 1987-ലെ ബൊഫോഴ്സ് വിവാദത്തിൽ പേര് വലിച്ചിഴയ്ക്കപ്പെട്ടതോടെ അദ്ദേഹം എം.പി സ്ഥാനം രാജിവെച്ചു.

1991-ൽ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം ഇരുകുടുംബങ്ങളും തമ്മിലുള്ള അകൽച്ച കൂടുതൽ പ്രകടമായി. സമാജ് വാദി പാർട്ടി നേതാവായ അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചനും രാഹുൽ ഗാന്ധിയും 2004-ൽ തമ്മിൽ പരസ്യമായ വാക്‌പോരുകളും ഉണ്ടായി. എന്നാൽ, ഇത്തരം ഭിന്നതകളെക്കുറിച്ചോ അകൽച്ചയുടെ കാരണങ്ങളെക്കുറിച്ചോ സോണിയ ഗാന്ധി പുസ്തകത്തിൽ പരാമർശിക്കുന്നില്ല.

രാജീവ് ഗാന്ധിയുടെ ദീർഘകാല സുഹൃത്തായിരുന്ന അമിതാഭ് ബച്ചന്റെ പേര് പുസ്തകത്തിൽ മൂന്ന് തവണയാണ് പരാമർശിക്കുന്നത്. ജയ ബച്ചനെക്കുറിച്ച് പുസ്തകത്തിൽ ഒരിടത്തും പരാമർശമില്ല. അമിതാഭ് ബച്ചന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ ബൊഫോഴ്സ് വിവാദത്തെക്കുറിച്ചോ ഇരു കുടുംബങ്ങളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചോ സോണിയ ഗാന്ധി പുസ്തകത്തിൽ ഒന്നും പറയുന്നില്ല.

Content Highlights: Sonia Gandhi recalls her close bond with Amitabh Bachchan's parents, Teji Bachchan and Harivansh Rai Bachchan, in her memoir 'Belonging: A Journey of Love'. Upon arriving in India in January 1968 before her marriage to Rajiv Gandhi, Sonia stayed at the Bachchan family residence at 13 Willingdon Crescent. She fondly remembered Teji Bachchan's motherly care and Harivansh Rai Bachchan's guidance in helping her learn Hindi and adapt to Indian customs. Despite detailing their early warmth, the memoir remains silent on the later estrangement and political fallout between the Gandhi and Bachchan families. Amitabh Bachchan is mentioned three times in the book, while Jaya Bachchan is not mentioned at all.