‘മുഖ്യമന്ത്രിയായെങ്കിലും വിജയ്ക്ക് ഒരു മാറ്റവുമില്ല, അദ്ദേഹത്തിന്റെ ഏത് തീരുമാനവും നല്ലതായിരിക്കും’

#മൂവി ഡെസ്ക്
വിജയ്, ശിവ കാർത്തികേയൻ | ഫോട്ടോ: Facebook
വിജയ്, ശിവ കാർത്തികേയൻ | ഫോട്ടോ: Facebook

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് നടൻ ശിവ കാർത്തികേയൻ. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒരാൾ സംസ്ഥാനത്തിന്റെ ഉന്നത രാഷ്ട്രീയ പദവിയിലേക്ക് എത്തിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേയോൻ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെയ് 10-നാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

തന്റെ സിനിമാ സഹപ്രവർത്തകനായ വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് വലിയ സംതൃപ്തിയുണ്ടെന്ന് ശിവ കാർത്തികേയൻ പറഞ്ഞു. സിനിമാ വ്യവസായത്തിൽ നിന്നുള്ള ഒരാൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത് കാണുന്നത് വലിയ കാര്യമാണ്. വിജയത്തിന് ശേഷം താൻ വിജയ്‌യുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇത്രയും വലിയൊരു രാഷ്ട്രീയ വിജയം നേടിയെങ്കിലും വിജയ് എന്ന വ്യക്തിയിൽ മാറ്റമൊന്നുമില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. പഴയതുപോലെ തന്നെ ശാന്തമായ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. തന്റെ സുഖവിവരങ്ങൾ വിജയ് ചോദിച്ചറിഞ്ഞുവെന്നും ശിവ കാർത്തികേയൻ പറഞ്ഞു.

വിജയ് എന്ന വ്യക്തി അന്നും ഇന്നും ഒരുപോലെയാണെന്നും ശിവ കാർത്തികേയൻ അഭിപ്രായപ്പെട്ടു. വിജയ് തന്റെ പുതിയ രാഷ്ട്രീയ ദൗത്യം വളരെ ഭംഗിയായി കൈകാര്യം ചെയ്യുമെന്ന ആത്മവിശ്വാസവും ശിവകാർത്തികേയൻ പ്രകടിപ്പിച്ചു. "അദ്ദേഹം കൈക്കൊള്ളുന്ന ഏത് തീരുമാനവും നന്നായിട്ടായിരിക്കും നടപ്പിലാക്കുന്നത്. ഈ പുതിയ ഉത്തരവാദിത്തവും അതുപോലെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു." ശിവ കാർത്തികേയന്റെ വാക്കുകൾ.

വിജയ് നായകനായ 'ദ ഗോട്ട്' (GOAT) എന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഈ ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു തോക്ക് ശിവ കാർത്തികേയന് കൈമാറുന്ന രംഗം ഏറെ ചർച്ചയായിരുന്നു. സിനിമയിലെ വിജയ്‌യുടെ പിൻഗാമിയായി ശിവ കാർത്തികേയനെ അവരോധിക്കുന്നതിനെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന രംഗമാണിതെന്നാണ് അന്ന് ഉയർന്ന വിലയിരുത്തൽ. എന്നാൽ വിജയ്ക്ക് പകരക്കാരനാവാൻ മറ്റാർക്കും കഴിയില്ലെന്നാണ് ശിവ കാർത്തികേയൻ ഇതിനോട് പ്രതികരിച്ചത്.

Content Highlights: Sivakarthikeyan expresses pride in actor Vijay becoming Tamil Nadu Chief Minister., Vijay took the oath of office on May 10, 2026., Sivakarthikeyan confirms Vijay remains humble despite his new political position., Dismissal of rumors regarding Sivakarthikeyan replacing Vijay in cinema.