എട്ടാം വയസിൽ എനിക്ക് സംഭവിച്ചതാണ് ആ പാട്ടിൽ പറഞ്ഞിരിക്കുന്നത്; വിമർശനങ്ങളോട് ഗൗരി ലക്ഷ്മി

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പലവിധ ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ് ഗൗരി ലക്ഷ്മി ആലപിച്ച മുറിവ് എന്ന ഗാനം. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ രൂക്ഷമായ സൈബർ ആക്രമണമാണ് ഗാനവും ഗായികയും നേരിട്ടുകൊണ്ടിരിക്കുന്നത്. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന പാട്ടിലെ വരികളും സംഗീതവുമാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണം. ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഗൗരിലക്ഷ്മി.
മുറിവ് എന്ന ഗാനത്തിൽ പറയുന്നത് തന്റെ ജീവിതത്തിൽ നടന്ന കാര്യമാണെന്ന് ഗൗരി ലക്ഷ്മി വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആ ഗാനത്തിൽ എട്ടാം വയസിലും പതിമൂന്നാം വയസിലും ഇരുപത്തിരണ്ടാം വയസിലും നടന്നതായി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ അനുഭവിച്ചതാണ്. താൻ അനുഭവിച്ചത് മാത്രമേ അതിൽ എഴുതിയിട്ടുള്ളൂ, അല്ലാതെ സങ്കല്പിച്ചുണ്ടാക്കിയതല്ല. എട്ടാം വയസിൽ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കിൽ അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓർമയുണ്ടെന്നും ഗൗരി ലക്ഷ്മി പറഞ്ഞു.
വൈക്കത്തുനിന്ന് തൃപ്പൂണിത്തുറ ഹിൽപാലസിലേക്കാണ് പോകുന്നത്. ബസിൽ നല്ല തിരക്കുണ്ട്. അമ്മ എന്നെ സുരക്ഷിതയായി ഒരു സീറ്റിലേക്ക് കയറ്റി ഇരുത്തിയതായിരുന്നു. എന്റെ തൊട്ടു പുറകിൽ ഉള്ള വ്യക്തി എന്റെ അച്ഛനെക്കാൾ പ്രായമുള്ള ആളാണ്. എന്റെ ടോപ്പ് പൊക്കി അയാളുടെ കൈ അകത്തേക്ക് പോകുന്നത് എനിക്ക് മനസിലായി. ജീവിതത്തിൽ ആദ്യമായിരുന്നു അങ്ങനെയൊരനുഭവം. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. ഇത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായിരുന്നു. ഗായിക വ്യക്തമാക്കി
13-ാം വയസില്‍ ബന്ധുവീട്ടില്‍പ്പോയ കാര്യവും പാട്ടില്‍ പറയുന്നുണ്ട്. അതും എന്റെ അനുഭവമാണ്. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങിയതോടെ താൻ ആ വീട്ടിൽ പോകാതെയായെന്നും ഗൗരി ലക്ഷ്മി പറഞ്ഞു. ഒരു വർഷം മുൻപിറങ്ങിയ ഗാനമാണ് ഇപ്പോൾ ചൂടേറിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
Content Highlights: singer gowry lekshmi about murivu song and trolls