'അരസൻ' തമിഴ്സിനിമയുടെ 'ധുരന്ധർ' ആകും, വേഗത്തിൽ ഷൂട്ട് തീർക്കില്ല, വെട്രിമാരൻ പെർഫെക്ഷനിസ്റ്റ്-ചിമ്പു

തമിഴ് സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ചിലമ്പരശൻ ടി.ആർ (Silambarasan TR)-വെട്രിമാരൻ കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന 'അരസൻ' (Arasan). 2027 പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ചിമ്പു. സിനിമയുടെ ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ വേണ്ടിയാണിത്. തിടുക്കപ്പെട്ട് നിർമ്മാണം പൂർത്തിയാക്കുന്നത് വലിയൊരു തെറ്റായിരിക്കുമെന്നതിനാലാണ് ഈ തീരുമാനമെന്നും ചിമ്പു വ്യക്തമാക്കി.
ചെന്നൈയിലെ സത്യഭാമ കോളേജിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ചിമ്പു 'അരസൻ' സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചത്. ബോളിവുഡിൽ വൻ വിജയം കൈവരിച്ച രൺവീർ സിംഗ് ചിത്രമായ 'ധുരന്ധർ' ഹിന്ദി സിനിമയ്ക്ക് നൽകിയതുപോലെ വലിയ അഭിമാനവും ഇംപാക്ടും തമിഴ് സിനിമയ്ക്ക് നൽകാൻ 'അരസന്' സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'ധുരന്ധർ' ഇന്ത്യയിലുടനീളം ബോളിവുഡിന്റെ അന്തസ്സ് ഉയർത്തിയത് പോലെ, അതിന് സമാനമായ വലിയൊരു പരീക്ഷണമാണ് തങ്ങൾ അരസനിലൂടെ ലക്ഷ്യമിടുന്നതെന്നും താരം കൂട്ടിച്ചേർത്തു.
തിയേറ്ററുകളിലേക്ക് തികച്ചും റിയലിസ്റ്റിക്കായ ചിത്രമായിട്ടായിരിക്കും അരസൻ എത്തുകയെന്നും യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നതെന്നും ചിമ്പു പറഞ്ഞു. നായക കഥാപാത്രത്തിന്റെ ചെറുപ്പകാലം മുതൽ വാർദ്ധക്യം വരെയുള്ള വലിയൊരു ജീവിതയാത്രയിലൂടെ കടന്നുപോകുന്ന ചിത്രത്തിൽ സിമ്പുവിന് ആറ് വ്യത്യസ്ത ഗെറ്റപ്പുകൾ ഉണ്ട്. ഇതിൽ മൂന്ന് കഥാപാത്രങ്ങളുടെ ചിത്രീകരണം ഇതിനകം പൂർത്തിയായിക്കഞ്ഞെന്ന് ചിമ്പു വെളിപ്പെടുത്തി. "വെട്രി സാറിനെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ; അദ്ദേഹം പെർഫെക്ഷൻ ആഗ്രഹിക്കുന്ന ഒരു സംവിധായകനാണ്," സിനിമ വൈകുന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് ചിലമ്പരസൻ പറഞ്ഞു. ഈ കാത്തിരിപ്പ് വെറുതെയാകില്ലെന്നും, സിനിമ കാണുമ്പോൾ ആരാധകർക്ക് അഭിമാനം തോന്നുമെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകി.
ഇതിനകം ചിത്രീകരിച്ച ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ദി വേൾഡ് ഓഫ് അരസൻ (The World of Arasan) എന്ന പേരിലുള്ള ഒരു പ്രത്യേക വീഡിയോ വരാനിരിക്കുന്ന ദീപാവലിക്ക് പുറത്തുവിടുമെന്ന് ചിമ്പു അറിയിച്ചിട്ടുണ്ട്. വെട്രിമാരന്റെ പ്രശസ്തമായ 'വട ചെന്നൈ' സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ടതാണ് അരസൻ.
അരസൻ സിനിമയുടെ താരനിരയിലും സാങ്കേതികവിഭാഗത്തിലും വലിയൊരു ടീം തന്നെയാണ് ഒന്നിക്കുന്നത്. ഈ ചിത്രത്തിൽ വിജയ് സേതുപതി ഒരു പുതിയ കഥാപാത്രമായി എത്തുമ്പോൾ വട ചെന്നൈ യൂണിവേഴ്സിലെ താരങ്ങളായ ആൻഡ്രിയ ജെറമിയ, സമുദ്രക്കനി, കിഷോർ, അമീർ എന്നിവർ തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കും.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതവും, ആർ. വേൽരാജ് ഛായാഗ്രഹണവും, ആർ. രാമർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി.
Content Highlights: The release of the highly anticipated Tamil film 'Arasan', directed by Vetrimaaran and starring Silambarasan T.R. (Simbu), has been postponed to ensure high quality, with Simbu emphasizing the importance of not rushing production.