നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ; നഞ്ചിയമ്മയെ ചേർത്തുപിടിച്ച് സച്ചിയുടെ ഓർമയുമായി സിജി

സിജി സച്ചിയും നഞ്ചിയമ്മയും | ഫോട്ടോ: www.facebook.com/sijisen
സിജി സച്ചിയും നഞ്ചിയമ്മയും | ഫോട്ടോ: www.facebook.com/sijisen

അയ്യപ്പനും കോശിയും എന്ന ചിത്രം അതിന്റെ സകല വിജയസീമകൾക്കും അപ്പുറം നഞ്ചിയമ്മ എന്ന ഗായികയെ കൂടി അടയാളപ്പെടുത്തിയ ചിത്രമാണ്. അട്ടപ്പാടിയിലെ ഗോത്രസംസ്കാരത്തിന്റെ അടയാളം മലയാളത്തിന് അഭിമാനപൂർവ്വം നൽകിയ സച്ചി ഇന്ന് ഈ ഭൂമിയിൽ ഇല്ല. മികച്ച സംവിധായകനുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരം സച്ചിക്കാണ്. ഇതേ ചിത്രത്തിലെ ​ഗാനത്തിലൂടെ നഞ്ചിയമ്മ മികച്ച ​ഗായികയുമായി. സച്ചിക്കായി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ഭാര്യ സിജി, നഞ്ചിയമ്മയെ ചേർത്ത് നിർത്തിയ ഫോട്ടോക്കൊപ്പം കുറിച്ച വരികൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും.., നാഷണൽ അവാർഡ് വാങ്ങും.. അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും. ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും എന്ന് പറഞ്ഞുകൊണ്ടാണ് സിജി കുറിപ്പ് ആരംഭിക്കുന്നത്. ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽനിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം എന്നും അവർ കുറിച്ചു.

ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ എന്നുപറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlights: siji sachy's facebook post about sachy and nanjiyamma, ayyappanum koshiyum, national film awards