'കമൽ അങ്കിൾ നിർമിക്കുന്ന ചിത്രത്തിൽ അപ്പ നായകനാകും'; ആരാധകരെ ത്രില്ലടിപ്പിച്ച്, പ്രതീക്ഷ വർധിപ്പിച്ച് സൗന്ദര്യ രജനീകാന്തിന്റെ സ്ഥിരീകരണം

കുറച്ചുനാളുകൾക്ക് മുൻപാണ് താനും രജനീകാന്തും ഒരുമിച്ച് ഒരു പടം ചെയ്തേക്കുമെന്ന് കമൽഹാസൻ അറിയിച്ചത്. അന്നുമുതലേ ഈ ചിത്രത്തേക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. രണ്ടുപേരും നായകന്മാരായി ഒരു ചിത്രം വരുമെന്ന തരത്തിലായിരുന്നു ആരാധകർ അവരുടെ പ്രതീക്ഷകൾ പങ്കുവെച്ചത്. ആരായിരിക്കും സംവിധായകനെന്നും ചർച്ചയുണ്ടായിരുന്നു. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണം നടത്തിയിരിക്കുകയാണ് രജനീകാന്തിന്റെ മകളും സംവിധായികയും നിർമാതാവും ഗ്രാഫിക് ഡിസൈനറുമായ സൗന്ദര്യ രജനീകാന്ത്.
ഗലാട്ട സംഘടിപ്പിച്ച ഒരു അവാർഡ്ദാന ചടങ്ങിൽ നടി ശ്രുതിഹാസനൊപ്പം വേദിയിൽ സംസാരിക്കുമ്പോഴാണ് സൗന്ദര്യ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തേക്കുറിച്ച് സംസാരിച്ചത്. രജനിയേയും കമലിനേയും വീണ്ടും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണെന്ന് അവതാരകർ പറഞ്ഞു. തങ്ങളും അത് ആഗ്രഹിക്കുന്നുവെന്നും കാത്തിരിക്കുകയാണെന്നുമാണ് ഇതിനോട് ശ്രുതിയും സൗന്ദര്യയും പ്രതികരിച്ചത്. സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ അവതാരകർ ഇരുവരേയും നിർബന്ധിച്ചു. അതിന് സൗന്ദര്യ നൽകിയ മറുപടി ഇങ്ങനെ:
"അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങളുടെ അച്ഛന്മാർ നൽകുന്നതാകും ശരി. പക്ഷേ, തീർച്ചയായും അപ്പ കമൽ അങ്കിളിന്റെ ബാനറിൽ (രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ) സിനിമ ചെയ്യും. അത് ഏത് തരം സിനിമയായിരിക്കും എന്നതടക്കമുള്ള വിവരങ്ങളെല്ലാം ചർച്ചയിലാണ്. അതുകൊണ്ട്, തലൈവർ തന്നെ അക്കാര്യം ഉടൻ വെളിപ്പെടുത്തും." സൗന്ദര്യയുടെ ഈ മറുപടിയെ കയ്യടിച്ചുകൊണ്ടാണ് സദസ്സ് സ്വീകരിച്ചത്.
ഈ വർഷം സെപ്റ്റംബറിൽ നടന്ന സൈമ അവാർഡ് ദാന ചടങ്ങിൽ, താൻ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമൽ വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, "ഇതൊരു 'തറമാന സംഭവം' (ഗംഭീര സംഭവം) ആകുമോ എന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ നല്ലതാണ്. അവർ സന്തോഷിച്ചാൽ ഞങ്ങൾക്കും ഇഷ്ടപ്പെടും. അല്ലെങ്കിൽ, ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത് ഒരുപാട് കാലമായി പ്രതീക്ഷിക്കുന്നതാണ്. ഞങ്ങൾ രണ്ടുപേർക്കും കൂടി ഒരു ബിസ്ക്കറ്റ് തന്നതുകൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. എന്നാൽ ആ പകുതി ബിസ്ക്കറ്റ് ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു, അതിനാൽ ഞങ്ങൾ ഒരുമിക്കും."
ഇതേ മാസം രജനികാന്തും ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. "രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസുമായി ചേർന്ന് ഞങ്ങൾ ഒരു സിനിമ ചെയ്യാൻ പോകുന്നു. സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. എനിക്കും കമലിനും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു കഥയും വേഷവും ലഭിച്ചാൽ ഞങ്ങൾ അഭിനയിക്കും." ഇങ്ങനെയാണ് കമൽഹാസനൊപ്പം സിനിമ ചെയ്യുന്നതിനെക്കുറിച്ച് രജനീകാന്ത് പറഞ്ഞത്. തഗ് ലൈഫ്, കൂലി എന്നിവയാണ് യഥാക്രമം കമൽഹാസനും രജനീകാന്തും നായകന്മാരായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രങ്ങൾ.
Content Highlights: Shruti Haasan and Soundarya Rajinikanth share updates on their fathers Kamal Haasan and Rajinikanth`s highly anticipated film. Details on the project revealed.