'ആരുടെ മമ്മ? നിങ്ങളുടേയോ?'; കളിയാക്കിയ പാപ്പരാസിയോട് തട്ടിക്കയറി ശ്രുതി ഹാസൻ

#മൂവി ഡെസ്ക്
ശ്രുതി ഹാസൻ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | സ്ക്രീൻ​ഗ്രാബ്
ശ്രുതി ഹാസൻ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | സ്ക്രീൻ​ഗ്രാബ്

തന്നെ 'മമ്മ' എന്ന് വിളിച്ചതിനെത്തുടർന്ന് പാപ്പരാസിയോട് പ്രകോപിതയായി നടിയും ഗായികയുമായ ശ്രുതി ഹാസൻ. പൊതുവേ ക്യാമറകൾക്ക് മുന്നിൽ ശാന്തയായി പെരുമാറുന്ന താരത്തിന് ഒരു പാപ്പരാസിയുടെ പരാമർശം അതിരുകടന്നപ്പോഴാണ് തന്റെ നിയന്ത്രണം വിട്ടത്. അടുത്തിടെ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് ഈ അസ്വസ്ഥതയുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്.

ഒരു റസ്റ്ററന്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ശ്രുതിയെ ഫോട്ടോഗ്രാഫർമാർ വളഞ്ഞത്. ഫോട്ടോ എടുക്കുന്നതിനിടയിൽ ഒരു പാപ്പരാസി ശ്രുതിയെ 'മമ്മ' എന്ന് വിളിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ ശ്രുതി, "ആരാണ് മമ്മ? നിങ്ങളുടെ മമ്മയാണോ? നിങ്ങൾ എന്താണ് ഈ പുലമ്പുന്നത്?" എന്ന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. ഈ സംഭവത്തിന്റെ വീഡിയോ എക്സിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.

ശ്രുതിയുടെ ഈ പ്രതികരണത്തോട് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഭൂരിഭാഗം ആളുകളും ശ്രുതിയെ പിന്തുണയ്ക്കുകയും സെലിബ്രിറ്റികളോട് സംസാരിക്കുമ്പോൾ പാപ്പരാസികൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. സെലിബ്രിറ്റികളുമായി ഇടപഴകുമ്പോൾ ഫോട്ടോഗ്രാഫർമാർ പലപ്പോഴും അതിരുകൾ ലംഘിക്കുന്നുവെന്നും വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ ശ്രുതിയുടെ പ്രതികരണം അല്പം കടുപ്പമേറിയതായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സെലിബ്രിറ്റികളും പാപ്പരാസികളും തമ്മിലുള്ള തർക്കങ്ങൾ ഇതാദ്യമായല്ല സംഭവിക്കുന്നത്. ഇതിനുമുമ്പ് ജയ ബച്ചൻ, സൽമാൻ ഖാൻ, രൺബീർ കപൂർ, സെയ്ഫ് അലി ഖാൻ തുടങ്ങിയ താരങ്ങളും പാപ്പരാസികളുടെ പെരുമാറ്റത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, തന്റെ പുതിയ പ്രോജക്റ്റുകളുടെ തിരക്കിലാണ് ശ്രുതി ഹാസൻ . ദുൽഖർ സൽമാനോടൊപ്പം അഭിനയിക്കുന്ന 'ആകാശം ലോ ഒക താര' എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. കൂടാതെ പ്രഭാസിനൊപ്പമുള്ള 'സലാർ: പാർട്ട് 2' എന്ന ബിഗ് ബജറ്റ് ചിത്രവും ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights: Actress-singer Shruti Haasan lost her cool at a public event in Chennai after a photographer addressed her as "Mamma," leading to a heated exchange where she questioned the lack of professionalism and boundaries among the paparazzi.