ചോരക്കളിയുമായി ഷാരൂഖ് ഖാന്‍; പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം 'കിങ്ങി'ന്റെ വമ്പന്‍ അപ്‌ഡേറ്റ് | വീഡിയോ

'നൂറ് രാജ്യങ്ങളില്‍ ചീത്തപ്പേര്. ലോകം എനിക്ക് നല്‍കിയത് ഒരേയൊരു പേര് - കിങ്'. ഈ ക്യാപ്ഷനോടെയാണ് പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഗംഭീര അപ്‌ഡേറ്റ് ഷാരൂഖ് ഖാന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിവീല്‍ വീഡിയോയാണ് ഞായറാഴ്ച ഷാരൂഖ് പുറത്തുവിട്ടത്.
മാരകമായ വയലന്‍സും ചോരക്കളിയുമാകും ചിത്രത്തിലുണ്ടാകുക എന്ന സൂചനയാണ് ടൈറ്റില്‍ റിവീല്‍ വീഡിയോ നല്‍കുന്നത്. പതിവുപോലെ സ്റ്റൈലിഷായാണ് കിങ് ഖാന്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇതാദ്യമായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത് എന്ന പ്രത്യേകതയും കിങ്ങിനുണ്ട്.
മകള്‍ സുഹാനാ ഖാനും ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദീപികാ പദുക്കോണ്‍ അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 1994-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് ലിയോണ്‍: ദി പ്രൊഫഷണല്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിങ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: Shah Rukh Khan unveils the title reveal video for his new action thriller 'King' on his 60th birthday, confirming a violent, stylish role