തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു

കൊച്ചി: മലയാള സിനിമയുടെ തിരക്കഥാജാതകം തിരുത്തിയ ജോൺ പോൾ അന്തരിച്ചു. 72 വയസായിരുന്നു. സ്ക്രീനിൽ അഗ്നിശോഭയോടെ തിളങ്ങിനിന്ന, മലയാളം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥാകൃത്തിന് വിട.
വർഷങ്ങളായി സിനിമയുടെ തിരക്കിൽ നിന്ന് വിട്ടുനിന്ന ജോൺപോളിന്റെ അന്ത്യം ആശുപത്രിയിൽവെച്ചായിരുന്നു. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോൺപോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിടചൊല്ലി. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി. ഇന്ന് ആശുപത്രിയിൽ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗൺഹാളിലും ചാവറ കൾച്ചറൽ സെന്ററിലും പൊതുദർശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്കാരം.
പ്രണയമീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ.
ജോണ്‍ പോളിന്റെ ആദ്യ തിരക്കഥ ഇന്ത്യന്‍ സിനിമയ്ക്ക് അന്നുവരെ അപരിചിതമായൊരു പ്രണയകഥയായിരുന്നു. 1980 ല്‍ ചാമരം എന്ന സിനിമയിലൂടെ മലയാളികള്‍ പരിചയപ്പെട്ടത് ശക്തമായ തിരക്കഥകളൊരുക്കി പിന്നീട് മലയാളിപ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആരാധകരാക്കി മാറ്റുകയും ചെയ്ത അപൂര്‍വ പ്രതിഭയെയായിരുന്നു. വിവിധഭാവങ്ങളിലും വികാരതലങ്ങളിലുമുള്ള അനവധി കഥകള്‍ അതിസമര്‍ഥമായി ജോണ്‍ പോള്‍ ആവിഷ്കരിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകര്‍ക്കായി നൂറോളം തിരക്കഥകളാണ് ജോണ്‍പോള്‍ എഴുതിയത്. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും ഏറ്റവും തിരക്കുള്ള സിനിമാഎഴുത്തുകാരനായിരുന്നു അദ്ദേഹം.
ആകര്‍ഷകമായും ആവര്‍ത്തനവിരസതയില്ലാതെയും തിരക്കഥ തയ്യാറാക്കുന്ന ജോണ്‍പോളിനെ സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ഏറെ പ്രിയമായിരുന്നു. തിരക്കഥയെഴുത്തില്‍ സെഞ്ച്വറി തികച്ചിട്ടും സ്വന്തമായി ഒരു വീട് പോലും അദ്ദേഹത്തിനുണ്ടായില്ല എന്നത് ഏറെ വിഷമകരമായ സംഗതിയാണ്. സാമ്പത്തികലാഭത്തിന് വേണ്ടി സിനിമാപ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നോ സാമ്പത്തികലാഭമുണ്ടാക്കാന് അദ്ദേഹത്തിന് ഒട്ടും മിടുക്കുണ്ടായിരുന്നില്ലെന്നോ നാം കരുതേണ്ടിയിരിക്കുന്നു. അവസാനനാളുകളില്‍ ജോണ്‍ പോളിന്റെ ചികിത്സക്കായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അഭ്യുദയകാക്ഷികളുടെ ദയ തേടേണ്ടി വന്നതും ഏറെ വിഷമിപ്പിക്കുന്നു.
തന്റെ സമര്‍ഥവും ശക്തവുമായ തിരക്കഥകളിലൂടെ മലയാളസിനിമാലോകത്ത് ജോണ്‍പോള്‍ നേടിയെടുത്ത സ്ഥാനത്തിന് മറ്റൊരവകാശി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. മാനുഷിക വികാരങ്ങളുടെ വ്യത്യസ്തതലങ്ങള്‍ കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്ഭങ്ങളിലൂടെയും സൃഷ്ടിക്കാന്‍ അതിസമര്‍ഥനായിരുന്നു ജോണ്‍ പോളെന്ന് ആദ്യ സിനിമയായ ചാമരം തന്നെ മികച്ച ഉദാഹരണമാണ്. ആദ്യ അവസരം നല്കിയ സംവിധായകന് ഭരതന് പിന്നീട് മര്മ്മരം, ഓര്‍മ്മക്കായ്, പാളങ്ങള്‍, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീല കുറിഞ്ഞി പൂത്തപ്പോള്‍, ഒരു സായാഹ്നത്തിന്റെ സ്വപ്നം, കേളി, മാളൂട്ടി, ചമയം, മഞ്ജീരധ്വനി തുടങ്ങിയ സിനിമകളില്‍ തിരക്കഥയൊരുക്കാന്‍ ജോണ്‍ പോളിന്റെ കൂട്ടുതേടി.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഫിലിം മേക്കറുകളിലൊരാളായ ഭരതന് തന്റെ സിനിമകളുടെ തിരക്കഥയൊരുക്കാന്‍ വിശ്വാസ്യതയോടെ ഏല്പിച്ചതാണ് ജോണ്‍ പോളിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. പാളങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയമായിരുന്നില്ല കാതോട് കാതോരം കൈകാര്യം ചെയ്തത്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും ഒരു സായാഹ്നത്തിന്റെ സ്വപ്നവും കേളിയുമൊക്കെ വ്യത്യസ്തമായിരുന്നു. മനുഷ്യവികാരങ്ങളില് ഏറ്റവും തീവ്രമെന്ന് വിശേഷിപ്പിക്കാവുന്ന ദുഃഖവും പ്രണയവും ജോണ്‍പോള്‍ കഥകളില്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു. പക്ഷെ ഒരു കഥയും മറ്റൊന്നിന്റെ ആവര്‍ത്തനമായിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ രചനാവൈഭവത്തെ കുറിച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന സംഗതി.
മോഹന്‍, പി. ചന്ദ്രകുമാര്‍, പി.ജി. വിശ്വംഭരന്, പി.എന്‍. മേനോന്, കെ.എസ്. സേതുമാധവന്, ഐ.വി. ശശി, ജോഷി, സത്യന് അന്തിക്കാട്, കമല്‍, സിബി മലയില്‍...ജോണ്‍ പോള്‍ ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരുടെ പട്ടിക നീളുന്നു. ബാലു മഹേന്ദ്രയ്ക്ക് വേണ്ടി ജോണ്‍ പോള്‍ ഒരുക്കിയ യാത്ര എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്നിന്റെ കഥാകാരനും ജോണ്‍ പോളായിരുന്നു. കെ. മധുവിനൊപ്പം പ്രവര്‍ത്തിച്ച ഒരുക്കം, രണ്ടാം വരവ് തുടങ്ങിയ സിനിമകള്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നു. ഇണ, അതിരാത്രം, വ്രതം, ഭൂമിക ഐ.വി. ശശിയ്ക്ക് വേണ്ടി എഴുതിയല്ലൊം ബിഗ് ഫ്രെയിം മൂവികളായിരുന്നു.
സത്യന് അന്തിക്കാടിന് വേണ്ട എഴുതിയ രേവതിക്കൊരു പാവക്കുട്ടി മലയാളസിനിമയിലെ ഏറെ നൊമ്പരമുണര്‍ത്തുന്ന സിനിമയില്‍ ഉള്‍പ്പെടുന്നു. ഭരത് ഗോപിയുടെ അസാമാന്യഅഭിനയപാടവവും സിനിമയെ വേറിട്ട് നിര്‍ത്തുന്നു. പി.ജി വിശ്വംഭരന്റെ ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നീ സിനിമകളുടെ ബാക്ബോണ്‍ അവയുടെ മികച്ച തിരക്കഥയായിരുന്നു, ഒരു പക്ഷെ കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമകള്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും നെടുമുടി വേണുവിനും തിലകനും മാത്രമല്ല നായികമാരായെത്തിയ മാധവി, ശോഭന, സെറീന വഹാബ്, സീമ, പാര്‍വതി...തങ്ങളുടെ അഭിനയ ജീവിതത്തില്‍ ഓര്‍ത്തുവെക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ ജോണ്‍ പോള്‍ നല്‍കിയിട്ടുണ്ട്.
ഒരു ചെറുകഥ പോലും എഴുതാതെയാണ് താന്‍ തിരക്കഥാരംഗത്തേക്ക് കടന്നുവന്നതെന്ന് ഒരഭിമുഖത്തില്‍ ജോണ്‍ പോള്‍ പറഞ്ഞിട്ടുണ്ട്. പി.എന്‍. മേനോന്റെ കഥയില്‍ അസ്ത്രം, തിക്കോടിയന് നാടകത്തിൽ നിന്ന്
ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കൊച്ചിന് ഹനീഫയുടെ കഥയില്‍ ഇണക്കിളി, ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കഥയില്‍ ഒരുക്കം, രവി വള്ളത്തോളിന്റെ രേവതിക്കൊരു പാവക്കുട്ടി, ബ്ലൂ ലഗൂണ്‍ എന്ന അമേരിക്കന്‍ സിനിമയുടെ മലയാള ആവിഷ്കാരം ഇണ... തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതെല്ലാം ജോണ്‍ പോള്‍ ഏറ്റവും മികച്ചതാക്കി.
സിനിമയെ പ്രണയിച്ച്, സിനിമയില്‍ ജീവിച്ച ഒരു കൂട്ടം കലാകാരന്മാര്ക്കൊപ്പം ഏറെ ആത്മാര്‍ഥയോടെ ജോണ്‍ പോള്‍ എന്ന നിസ്വാര്‍ഥനായ വലിയ മനുഷ്യന് നിലകൊണ്ടു, മികച്ച സിനിമകളുടെ ഭാഗമായി, തന്റെ ഭാഗം ഏറെ മികവുറ്റതാക്കി. അദ്ദേഹം അവസാനം തിരക്കഥയെഴുതിയത് തെരേസ ഹാഡ് എ ഡ്രീം എന്ന ബയോ പികിന് വേണ്ടിയായിരുന്നു. ഇംഗ്ലീഷിലായിരുന്നു തെരേസ ഹാഡ് എ ഡ്രീം ഒരുങ്ങിയത്. തിരക്കഥാ രചനയില്‍ മികവ് പുലര്‍ത്തിയെങ്കിലും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്നത് ഏറെ ദുഃഖകരമാണ്.
ചലച്ചിത്രരംഗത്ത് സജീവമാകുന്നതിന് മുമ്പ് ബാങ്കുദ്യോഗസ്ഥനായും മാധ്യമപ്രവര്‍ത്തകനായും ജോണ്‍ പോള്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമാരംഗത്ത് തിരക്ക് കുറഞ്ഞ ഇടവേളയില്‍ സിനിമയെ പുറത്തു പഠിക്കാനും പുസ്തകങ്ങളുടെ രചനയ്ക്കും സിനിമവിദ്യാര്ഥികള്ക്ക് തന്റെ അറിവുകള്‍ പകരാനുമാണ് അദ്ദേഹം സമയം ചെലവിട്ടത്. എം.ടി. വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരനോട് ഏറെ ആരാധനയും ആദരവുമുണ്ടായിരുന്ന ജോണ്‍ പോള്‍ എം.ടി. സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ഒരു ചെറുപുഞ്ചിരി എം.ടിയോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കി.
മധു ജീവിതം ദര്‍ശനം, ഒരു കടങ്കഥ പോലെ ഭരതന്, അടയാളനക്ഷത്രമായി ഗോപി, രുചി സല്ലാപം, സി.ജെ. തോമസും സി.ജെ. തോമസും, പരിചായകം, പി.എന്‍. മേനോന്- വിഗ്രഹഭഞ്ജകര്‍ക്കൊരു പ്രതിഷ്ഠ, പവിത്രം ഈ സ്മൃതി, സവിധം, കാലത്തിന് മുമ്പേ നടന്നവര്‍ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ജോണ്‍ പോള്‍. കെയര്‍ ഓഫ് സൈറാബാനു, ഗാങ്സ്റ്റര്‍ എന്നീ സിനിമകളില്‍ അഭിനേതാവായും ജോണ്‍ പോള്‍ തിളങ്ങി. മലയാള ചലച്ചിത്ര സാങ്കേതികകലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയാണ് ജോണ്‍ പോള്‍. മലയാള സിനിമാലോകത്തിലെ സഹൃദയനും വാഗ്മിയും അധ്യാപകനുമായ 'ഇമ്മിണി' വലിയൊരു മനുഷ്യനാണ് വിട പറഞ്ഞ് കടന്നു പോകുന്നതെന്നത് ഏറെ വേദനാജനകമാണ്.
Content Highlights: Scriptwriter John Paul passed away