‘ഒരു ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കരുത്, ഇതല്ല ശരി’; വിജയ്ക്കും തൃഷയ്ക്കുമെതിരെ സനം ഷെട്ടി

#മൂവി ഡെസ്ക്
സനം ഷെട്ടി, വിജയ്‌യും തൃഷയും | Instagram, Screengrab
സനം ഷെട്ടി, വിജയ്‌യും തൃഷയും | Instagram, Screengrab

നടൻ വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനക്കേസ് നൽകിയത് തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കേയാണ് കഴിഞ്ഞദിവസം ഒരു വിവാഹച്ചടങ്ങിലേക്ക് വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് വിജയ്ക്കും തൃഷയ്ക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടി സനം ഷെട്ടി.

‘വേണ്ട! ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാനാവില്ല! ഏറെ കാലത്തെ ഒരു ആരാധിക എന്ന നിലയിൽ ഈ സമയം ഇങ്ങനെ കാണുന്നത് വളരെ നിരാശാജനകമാണ്!’’എന്നാണ് സനം ഷെട്ടി വീഡിയോ പങ്കുവെച്ചുകൊണ്ട് എഴുതിയത്. വിജയ് ആരാധകരടക്കം നിരവധിപ്പേരാണ് നടിയെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. ചില പ്രതികരണങ്ങൾക്ക് സനം തന്നെ മറുപടി നൽകിയിട്ടുമുണ്ട്.

അവർക്ക് എന്തുകൊണ്ട് സുഹൃത്തുക്കളായിക്കൂടാ? സംഗീത അവരുടെ ഈഗോയെ വേദനിപ്പിച്ചതുകൊണ്ടാണെങ്കിലോ ഇങ്ങനെയൊരു നീക്കമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് സനം ഷെട്ടി നൽകിയ മറുപടി ഇങ്ങനെ; "അതെ, അവർക്ക് അങ്ങനെ ആകാം... എന്നാൽ ദിവസങ്ങൾക്ക് മുൻപ് വലിയ ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഇത് ശരിയായ സമയമാണോ? പ്രത്യേകിച്ചും അവരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിൽ!

വിവാഹബന്ധം തുടരാനാവില്ലെങ്കിൽ വേർപിരിഞ്ഞതിനു ശേഷം നിയമപരമായി വിവാഹമോചനം നേടിയ ശേഷം മാത്രമേ അതിനെക്കുറിച്ച് പുറത്തറിയിക്കാവൂ. ധാർമ്മികമായും നിയമപരമായും ഇത് തന്നെയാണ് ശരിയായ മാർഗം." അവർ കൂട്ടിച്ചേർത്തു.

തമിഴിലെ പ്രശസ്ത നിർമാതാവും വ്യവസായിയുമായ കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിലാണ് വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിലാണ് ചടങ്ങ് നടന്നത്. ഒരുകാറിലെത്തിയ തൃഷയും വിജയും നവദമ്പതികൾക്ക് ആശംസനേർന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത് ഒന്നിച്ചാണ് മടങ്ങിയത്.

വിജയ്‌യിൽനിന്ന് വിവാഹമോചനമാവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണ്ണലിംഗം സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തുന്നത്. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അത് ലംഘിച്ചുവെന്ന് ഹർജിയിൽ സംഗീത വ്യക്തമാക്കിയിരുന്നു.

2004-ൽ 'ഗില്ലി'യിലാണ് തൃഷയും വിജയ്‌യും ആദ്യമായി ഒന്നിക്കുന്നത്. 'തിരുപ്പാച്ചി', 'ആദി', 'കുരുവി’, 'ലിയോ' എന്നീ ചിത്രങ്ങളിലും ഇരുവരും പിന്നീട് നായികാനായകന്മാരായി.

Content Highlights: Actress Sanam Shetty criticizes actors Vijay and Trisha for their joint public appearance., The appearance occurred amidst strong rumors of Vijay's divorce from his wife, Sangeetha., Sanam Shetty questioned the timing and appropriateness of their appearance., Vijay and Trisha attended a wedding together, arriving and leaving in the same car., Sangeetha's alleged divorce petition reportedly cites an extramarital affair as the reason.