‘സ്വാർത്ഥ താല്പര്യങ്ങൾ പാടില്ല, പാചകം അറിയുമെങ്കിൽ വളരെ നല്ലത്’; ഭാവി ജീവിതപങ്കാളിയെക്കുറിച്ച് സായി പല്ലവി

#മൂവി ഡെസ്ക്
സായി പല്ലവി | ഫോട്ടോ: ANI
സായി പല്ലവി | ഫോട്ടോ: ANI

തന്റെ ജീവിതപങ്കാളി എങ്ങനെയുള്ളയാളായിരിക്കണമെന്ന് തുറന്നുപറഞ്ഞ് നടി സായി പല്ലവി (Sai Pallavi). അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി 18 എന്ന ഷോയിലാണ് അവർ തന്റെ ജീവിതപങ്കാളിയെക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ പങ്കാളി ഏറ്റവും പ്രധാനമായി നല്ലൊരു മനുഷ്യനായിരിക്കണമെന്ന് സായി പല്ലവി പറഞ്ഞു. പങ്കാളിയിൽ ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങളെക്കുറിച്ചുള്ള അമിതാഭ് ബച്ചന്റെ ചോദ്യത്തിനോടാണ് സായി പല്ലവി പ്രതികരിച്ചത്. 'രാമായണ' സിനിമയിലെ സഹപ്രവർത്തകരായ രൺബീർ കപൂറും രവി ദുബെയും ഈ ചടങ്ങിൽ സായി പല്ലവിക്കൊപ്പം ഉണ്ടായിരുന്നു

സ്വാർത്ഥ താല്പര്യങ്ങൾ മാത്രം കൊണ്ടുനടക്കുന്ന ആളായിരിക്കരുത് ജീവിതപങ്കാളിയെന്ന് സായി പല്ലവി വ്യക്തമാക്കി. സ്വന്തം പ്രവൃത്തികളെ സ്വയം വിലയിരുത്തുന്നവനും, താൻ ജീവിതത്തിൽ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ഉൾക്കാഴ്ചയുള്ളവനുമായിരിക്കണം തന്റെ പങ്കാളിയെന്നും അവർ അഭിപ്രായപ്പെട്ടു. മനുഷ്യരെന്ന നിലയിൽ തെറ്റുകൾ സംഭവിക്കാമെങ്കിലും, ആ തെറ്റുകൾ മറ്റുള്ളവരുടെ മേൽ ചാരുന്നതിന് പകരം സ്വന്തം തെറ്റ് സമ്മതിക്കാനും അത് തിരുത്താനും തയ്യാറാകുന്ന ആളായിരിക്കണം തന്റെ പങ്കാളിയെന്നും സായി പല്ലവി വ്യക്തമാക്കി.

"ആദ്യം അദ്ദേഹം നല്ലൊരു മനുഷ്യനായിരിക്കണം. സ്വന്തം കാര്യങ്ങൾ മാത്രം ചിന്തിക്കുന്ന ആളാകരുത്. ആത്മപരിശോധന നടത്തുന്ന സ്വഭാവമുള്ളവരായിരിക്കണം. സ്വന്തം പ്രവൃത്തികളെക്കുറിച്ച് ബോധമുള്ളയാൾ. താൻ ജീവിതത്തിൽ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് ധാരണയുള്ള ഒരാൾ... തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാകണം. അല്ലാതെ അതിന്റെ പഴി മറ്റുള്ളവരുടെ മേൽ ചാരുന്നയാളാകരുത്. വലിയൊരു ലിസ്റ്റ് ഒന്നുമില്ല, എങ്കിലും അദ്ദേഹം നല്ലൊരു വ്യക്തിയായിരിക്കണം. ഒപ്പം പാചകം ചെയ്യാൻ കൂടി അറിയാമെങ്കിൽ വളരെ നല്ലതാണ്!" താരത്തിന്റെ വാക്കുകൾ.

മെഡിക്കൽ പഠനത്തിന് ശേഷം അഭിനയരംഗത്തേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഈ പരിപാടിയിൽ ചോദ്യമുയർന്നു. ദൈവം തനിക്ക് അഭിനയിക്കാനാണ് വിധി എഴുതിയതെന്നാണ് സായി പല്ലവി ഇതിന് മറുപടിയായി പറഞ്ഞത്. "അത് ഭഗവാന്റെ പ്രിസ്ക്രിപ്ഷൻ ആയിരുന്നു, അവൾ അഭിനയിക്കണമെന്ന് ദൈവം കുറിച്ചിരുന്നു," എന്നാണ് രൺബീർ കപൂർ ഇതിനോട് തമാശയായി പ്രതികരിച്ചത്.

Also Read: രാമനും സീതയും രാവണനും തിളങ്ങി; രാമായണം സിനിമയിൽ ഒരുങ്ങിയത് 4,500 ആഭരണങ്ങൾ, നിർമിക്കാൻ ഒന്നര വർഷം

'രാമായണത്തിൽ' സീതയാകാനുള്ള അവസരം ലഭിച്ചപ്പോൾ തനിക്ക് തോന്നിയ ആദ്യ പ്രതികരണത്തെക്കുറിച്ച് സായി തുറന്നുപറഞ്ഞു. "ഈ തവണ എന്റെ ബുദ്ധി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഓരോ തവണയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, 'എനിക്ക് ആ കഥാപാത്രത്തിന് എന്ത് നൽകാൻ കഴിയും?' എന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്നാൽ സീതാമാതാവിനെപ്പോലെയുള്ള ഒരു വേഷം ചെയ്താൽ എനിക്ക് എന്താണ് ലഭിക്കുക? ഇതുപോലൊരു വേഷം ചെയ്യുന്നതിലൂടെ എനിക്ക് എന്ത് അറിവാണ് നേടാനാകുക? എന്ന് ഞാൻ ചിന്തിച്ചത് ഇതാദ്യമായിട്ടാണ്. ഞാൻ മറ്റൊന്നും ചിന്തിക്കാൻ തുനിഞ്ഞില്ല. സീതാമാതാവിനെ പ്രാർത്ഥിച്ച് ഞാൻ മുന്നോട്ട് പോയി."

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന സിനിമയിലാണ് സായി പല്ലവി നിലവിൽ അഭിനയിക്കുന്നത്. സീതയുടെ വേഷത്തിലാണവർ എത്തുന്നത്. ശ്രീരാമനായി രൺബീർ കപൂർ എത്തുന്ന ചിത്രത്തിൽ യഷ്, സണ്ണി ഡിയോൾ, രവി ദുബെ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 4,000 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. യഷും നമിത് മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം 2026 നവംബറിൽ തിയേറ്ററുകളിൽ എത്തും. രണ്ടാം ഭാഗം 2027 ദീപാവലിയോട് അടുത്ത് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Actress Sai Pallavi shared her thoughts on her ideal life partner on the show "Kaun Banega Crorepati 18," hosted by Amitabh Bachchan. She emphasized the importance of her partner being a good human, self-reflective, and willing to admit and correct mistakes.