വില്ലൻ വേഷമാണെന്ന് അറിഞ്ഞപ്പോൾ പരിഭ്രമിച്ചു, കരിയറിനെ ബാധിക്കുമോയെന്ന് ഭയന്നു- രുഗ്മിണി വസന്ത്

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ കാന്താര ചാപ്റ്റർ 1-ൽ വില്ലൻ വേഷം ചെയ്യാനുണ്ടായ തീരുമാനത്തേക്കുറിച്ച് മനസ്സ് തുറന്ന് നടി രുഗ്മിണി വസന്ത്. നായികയായി തിളങ്ങി നിൽക്കുന്ന തന്റെ കരിയറിലെ അഞ്ചാം വർഷത്തിൽ ഇത്തരമൊരു നെഗറ്റീവ് വേഷം സ്വീകരിച്ചത് വലിയൊരു തീരുമാനമായിരുന്നുവെന്ന് താരം പറഞ്ഞു.
സംവിധായകൻ ഋഷഭ് ഷെട്ടി തന്നെ വിളിച്ചപ്പോൾ വലിയ സന്തോഷത്തിലായിരുന്നുവെന്നും എന്നാൽ ചിത്രത്തിലെ വില്ലൻ കഥാപാത്രം താനാണെന്ന് അറിഞ്ഞപ്പോൾ അല്പം പരിഭ്രമിച്ചുവെന്നും രുഗ്മിണി പറഞ്ഞു. നടിമാർ ഒരു പ്രത്യേക തരം വേഷങ്ങൾ മാത്രമേ ചെയ്യാവൂ എന്ന തരത്തിലുള്ള മുൻവിധികൾ സിനിമാ മേഖലയിൽ നിലനിൽക്കുന്നതിനാൽ ഇത്തരമൊരു ചുവടുവെപ്പ് തുടക്കത്തിൽ അല്പം സമ്മർദ്ദമുണ്ടാക്കിയതായും രുഗ്മിണി പറയുന്നുണ്ട്.
സിനിമയുടെ റിലീസ് അടുക്കുന്ന സമയം വരെ തനിക്ക് വലിയ ആശങ്കകൾ ഉണ്ടായിരുന്നുവെന്നും ഒരു വില്ലൻ വേഷം ചെയ്യുന്നത് തന്റെ കരിയറിലെ മറ്റ് സിനിമകളെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ ചിത്രം റിലീസ് ചെയ്തതോടെ പ്രേക്ഷകർ തന്റെ പ്രകടനത്തെയും അഭിനയത്തിലെ വൈവിധ്യത്തെയും പ്രശംസിക്കുകയാണുണ്ടായത്. സ്ത്രീ അഭിനേതാക്കൾക്ക് വ്യത്യസ്ത തലങ്ങളുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ആളുകൾ തിരിച്ചറിഞ്ഞത് തനിക്ക് വലിയ പ്രചോദനമായെന്നും രുഗ്മിണി കൂട്ടിച്ചേർത്തു.
കന്നഡ താരം യഷ് നായകനാകുന്ന ടോക്സിക് എന്ന ചിത്രത്തിലും രുഗ്മിണി വസന്ത് അഭിനയിക്കുന്നുണ്ട്. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് താരം ഈ സിനിമയുടെ ഭാഗമാകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാന്താരയിലെ വില്ലൻ വേഷത്തിന് ശേഷം വലിയ സ്വീകാര്യതയാണ് താരത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: Rukmini Vasanth shares the challenges of playing a villain in the hit film Kantara Chapter 1.