പ്രധാനവേഷത്തിൽ സുധി കോപ്പയും ദേവനന്ദയും, ‘റൂബി’ ടീസർ ലോഞ്ച്

#Movie Desk
റൂബി എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ചടങ്ങിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്
റൂബി എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ചടങ്ങിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജു എസ്, ഫവാസ് എന്നിവർ നിർമ്മിച്ച് സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന റൂബി എന്ന സിനിമയുടെ ടീസർ ലോഞ്ച് എറണാകുളം ഫോറം മാൾ പിവിആർ സിനിമാസിൽ നടന്നു. ചിത്രം അവതരിപ്പിക്കുന്നത് സലാം ബാപ്പുവാണ്. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും അതിഥികളും പങ്കെടുത്ത ചടങ്ങിൽ ടീസർ പ്രദർശിപ്പിച്ചു.

സുധി കോപ്പ, അതിഥി രവി, ഷഫ്ന, ദേവനന്ദ, നന്ദനുണ്ണി, ബേബി ചക്കി തുടങ്ങിയവരും നിർമ്മാതാക്കളായ ഫവാസ്, ഷാജു വന്നിവരും സംസാരിച്ചു. ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമ പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുമെന്ന് സുധി കോപ്പ പറഞ്ഞു. സുധി കോപ്പയും അതിഥി രവിയും ചെയ്ത ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ സിനിമയിലേതെന്ന് ദേവനന്ദ പറഞ്ഞു. സിനിമയിലെ തന്റെ കഥാപാത്രം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് അതിഥി രവിയും പറഞ്ഞു. ചെറിയ ഒരിടവേളക്ക് ശേഷം നല്ലൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞ സന്തോഷം ഷഫ്നയും പങ്കുവെച്ചു.

പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന ഒരു ചിത്രം ഒരുക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ഇഷ്ടപ്പെട്ടാൽ സിനിമയെ പിന്തുണക്കണമെന്നും സംവിധായകൻ സുജൻ ആരോമൽ പറഞ്ഞു.

റൂബിയുടെ കഥ, തിരക്കഥ, എഡിറ്റിംഗ്, ഗാനങ്ങൾ, സംഗീതം എന്നിവയും സംവിധായകൻ ആണ് നിർവഹിച്ചിട്ടുള്ളത്. നല്ലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം സലാം ബാപ്പുവും ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച റെജിൻ സാന്റോയും പങ്കുവെച്ചു. നവംബറിൽ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Presented by Salam Bappu and directed by Sujan Aromal, the official teaser for the upcoming Malayalam thriller Ruby, starring Sudhi Koppa, Aditi Ravi, Shafna, and Devananda, was grandly launched at Ernakulam Forum Mall PVR Cinemas ahead of its November theatrical release.