നിറകണ്ണുകളുമായി ആർ.ജെ. ബാലാജി; സൂര്യ ചിത്രം കറുപ്പ് റിലീസ് വൈകിയതിൽ വൈകാരിക പ്രതികരണം

സൂര്യ ചിത്രം കറുപ്പ് വൈകുന്നതിൽ പ്രതികരണവുമായി സംവിധായകൻ ആർ.ജെ. ബാലാജി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വൈകാരികമായാണ് സംവിധായകൻ പ്രതികരിച്ചത്. നിറകണ്ണുകളോടെ കാണപ്പെട്ട സംവിധായകൻ, ചിത്രം വൈകുന്നതിൽ ആരാധകരോട് ഖേദം പ്രകടിപ്പിച്ചു.
വ്യാഴാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ രാവിലേയും ഉച്ചയ്ക്കും നടക്കേണ്ടിയിരുന്ന പ്രദർശനങ്ങൾ നടന്നിരുന്നില്ല. കാറിനുള്ളിൽ ഇരുന്നുകൊണ്ട് ചിത്രീകരിച്ച വീഡിയോയാണ് ബാലാജി പങ്കുവെച്ചത്. വൈകീട്ട് ആറുമണിയോടെ പ്രതിബന്ധങ്ങൾ തരണംചെയ്ത് ചിത്രം പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർ.ജെ. ബാലാജി വ്യക്തമാക്കി.
'ആരാധകരെ ഓർത്ത് എനിക്ക് ഖേദമുണ്ട്. രാവിലെ ഒൻപതുമണിക്കുള്ള ഷോ കാണാൻ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ആരാധകർ ഏറെ ദൂരം സഞ്ചരിച്ചിരിക്കാം. അങ്ങനെ ഒരിക്കലും സംഭവിക്കരുതായിരുന്നു. എനിക്കതിൽ ഖേദമുണ്ട്', ആർ.ജെ. ബാലാജി പറഞ്ഞു.
'ജീവിതത്തിലെ ദുരിതങ്ങൾ മറക്കാൻ വേണ്ടിയാണ് ആളുകൾ സിനിമ കാണുന്നത്. സിനിമ കാണാൻ കഴിയില്ലെന്ന് അറിഞ്ഞ് വിഷമിച്ച എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇതും ഞാൻ പ്രതീക്ഷിച്ചില്ല. പ്രശ്‌നങ്ങൾ പരിഹരിച്ചതിന് ശേഷം വൈകുന്നേരം ആറുമണിക്ക് ചിത്രം റിലീസ് ചെയ്യുമെന്നും ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു', സംവിധായകൻ കൂട്ടിച്ചേർത്തു.
സാമ്പത്തിക തർക്കത്തെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വൈകിയതെന്നാണ് സൂചന. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിർമാണക്കമ്പനിയുടെ മുൻകാല ചിത്രങ്ങളിൽ സാമ്പത്തിക നഷ്ടം നേരിട്ട ഫിനാൻഷ്യർമാരും വിതരണക്കാരും തിയേറ്റർ ഉടമകളും കടുത്ത നിലപാടുമായെത്തിയതോടെയാണ് ചിത്രത്തിന്റെ റിലീസ് വൈകിയതെന്നാണ് സൂചന. ചെന്നൈയിലെ ഇവിപി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട ലൊക്കേഷൻ വാടക അടയ്ക്കാത്തതും പ്രശ്‌നങ്ങൾ വഷളാക്കി.
രണ്ട് വർഷത്തിലേറെയായി സൂര്യയുടെ ആരാധകർ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കറുപ്പ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിർമാതാക്കൾ ആദ്യം തീരുമാനിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതിയും നൽകിയിരുന്നു.
ഇന്ദ്രൻസ്, നട്ടി സുബ്രഹ്‌മണ്യം, സ്വാസിക, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സായി അഭ്യങ്കർ സംഗീതവും ജി.കെ. വിഷ്ണു ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
Content Highlights: Director RJ Balaji issues emotional apology for the delay of Suriya's film Karuppu. Financial disputes involving producers and financiers caused the cancellation of morning shows. The film was expected to release post-2026 Tamil Nadu Legislative Assembly elections. Despite government permission for 9 AM shows, internal issues halted the premiere. The film features an ensemble cast including Yogi Babu, Indrans, and Swasika