‘അന്ന് മമ്മൂക്കയുടെ കുട്ടിക്കാലം ചെയ്ത സീൻ കട്ടായിപ്പോയി; ഇന്ന് അദ്ദേഹത്തിനൊപ്പം പ്രധാന വേഷത്തിൽ’

#മൂവീസ് ഡെസ്ക്
ഋതുദേവ് അയ്യപ്പൻ 'ലോ ആൻഡ് ഓർഡർ' സിനിമയിൽ, 'ലോ ആൻഡ് ഓർഡർ' പോസ്റ്റർ | Photo: Instagram/ rithudev ayyappan, Law & Order Movie
ഋതുദേവ് അയ്യപ്പൻ 'ലോ ആൻഡ് ഓർഡർ' സിനിമയിൽ, 'ലോ ആൻഡ് ഓർഡർ' പോസ്റ്റർ | Photo: Instagram/ rithudev ayyappan, Law & Order Movie

പ്രധാന വേഷം അവതരിപ്പിച്ച ചിത്രം തിയേറ്ററിൽ എത്തിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി യുവനടൻ ഋതുദേവ് അയ്യപ്പൻ. നാടകങ്ങളിൽനിന്ന് സിനിമ വരെയുള്ള യാത്ര പങ്കുവെച്ചുകൊണ്ടാണ് ഋതുദേവിന്റെ സാമൂഹികമാധ്യമ കുറിപ്പ്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് നാടകത്തിൽ വേഷമിട്ടതെന്ന് ഋതുദേവ് ഓർത്തെടുത്തു. അന്ന് കയറിയ വേദി 23-ാം വയസ്സിൽ തന്നെ, മമ്മൂട്ടി അതിഥിതാരമായി എത്തിയ ചിത്രംവരെ എത്തിച്ചുവെന്ന് ഋതുദേവ് കുറിച്ചു. 'മംഗ്ലീഷ്' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കുട്ടിക്കാലം അവതരിപ്പിച്ച സീൻ സിനിമയിൽ ഉൾപ്പെടാതെ പോയതും ഋതുദേവ് ഓർത്തെടുത്തു.

പ്രകാശ് വർമയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോ ആൻഡ് ഓർഡർ' വെള്ളിയാഴ്ചയാണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിൽ അരുൺ അയ്യപ്പൻ എന്ന യുവ പോലീസ് എസ്.ഐയുടെ വേഷമാണ് ഋതുദേവ് അവതരിപ്പിച്ചത്. അഭിരാമി നായികയായ ചിത്രത്തിൽ രഞ്ജിത്തിന്റെ തന്നെ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനായി കാമിയോ റോളിൽ മമ്മൂട്ടിയും എത്തുന്നുണ്ട്. ഋതുദേവിന് പുറമേ, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, ഷനൂദ് ഇബ്രാഹിം, നിജാദ് ബാബു തോമസ് എന്നിവർ നായകപ്രാധാന്യമുള്ള വേഷങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.

ഋതുദേവ് അയ്യപ്പന്റെ കുറിപ്പിന്റെ പൂർണരൂപം:

നാടകക്കാരനായ അച്ഛന്റെ നിർബന്ധത്തിന് എന്റെ പത്താം ക്ലാസിൽ ഞാൻ കയറിയ വേദി, ഇന്ന് 23-ാം വയസ്സിൽ മമ്മൂക്ക ഗസ്റ്റ് റോളിൽ എത്തുന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തിലേക്ക് എന്നെ എത്തിച്ചു.

2013 ജൂൺ എട്ടിനാണ് അച്ഛന്റെ നിർബന്ധ പ്രകാരം ഞാൻ ആദ്യമായി നാടകം കളിക്കുന്നത്. അന്നത്തെ അച്ഛന്റെ നിർബന്ധമാണ് പിന്നീട് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായി മാറിയത്. ആദ്യമായി വേദിയിൽ കയറി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാവരും എനിക്കുവേണ്ടി കൈയടിക്കുന്നത് ഞാൻ കേട്ടു. അന്ന് അത് എന്നിൽ ഉണ്ടാക്കിയ കൗതുകവും ആകാംക്ഷയുമാണ്, അഭിനയമാണ് എന്റെ പാഷൻ എന്ന തിരിച്ചറിവ് നൽകിയത്. തുടർച്ചയായി സ്‌കൂൾ കലോത്സവത്തിൽ നാടകങ്ങൾ അവതരിപ്പിച്ചു. അങ്ങനെ പത്താം വയസ്സിൽ ആദ്യമായി മികച്ച നടനുള്ള അവാർഡ് ലഭിച്ചു. തുടർന്ന് 2021-ൽ കേരള യൂണിവേഴ്‌സിറ്റിയിൽ ബെസ്റ്റ് ആക്ടർ വരെ എത്തി. ഇതിനോടകം 300-ലേറെ വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു. 25-ലധികം നാടകങ്ങളിൽ അഭിനയിച്ചു.

ചെറുപ്പം മുതലേ അച്ഛൻ എന്നെ ഓഡിഷനുകൾക്ക് കൊണ്ടുപോവുമായിരുന്നു. അങ്ങനെ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് 2014-ൽ റിലീസായ മമ്മൂക്കയുടെ മംഗ്ലീഷ് എന്ന സിനിമയിൽ ഒരു പാട്ട് സീനിൽ മമ്മൂക്കയുടെ ചെറുപ്പകാലം ചെയ്യാൻ അവസരം ലഭിച്ചത്. എന്നാൽ, ആ പാട്ട് സീൻ കട്ടായിപ്പോവുകയും എന്റെ അവസരം നഷ്ടപ്പെടുകയും ചെയ്തു. അന്ന് എനിക്ക് ഒരുപാട് വിഷമമായി.

എന്നാൽ, വർഷങ്ങൾക്കിപ്പുറം അതേ മമ്മൂക്കയുടെ സിനിമയിൽ തന്നെ എന്റെ ആദ്യത്തെ പ്രധാന കഥാപാത്രമായ അരുൺ അയ്യപ്പനായി അഭിനയിക്കാൻ സാധിച്ചു. ‘അന്ന് ഒരു സീൻ കട്ടായാൽ എന്താ, ഇന്ന് ഒരു പ്രധാന കഥാപാത്രത്തെ ചെയ്യാൻ കഴിഞ്ഞില്ലേ’, എന്ന് പടം കണ്ട് ഇറങ്ങിയപ്പോൾ അമ്മ ചോദിച്ചു.

2025 നവംബറിലാണ് എന്നെ ലോ ആൻഡ് ഓർഡർ സിനിമയുടെ ഓഡിഷനിലേക്ക് വിളിക്കുന്നത്. ഏറ്റവും അവസാനം തിരഞ്ഞെടുക്കപ്പെട്ട് ഞാനായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെ ഒരു അവസരം വന്നത്. ഓഡിഷനുപോയപ്പോൾ ഇത്രയും വലിയ കഥാപാത്രമായിരിക്കും എന്ന് ഒരിക്കലും കരുതിയില്ല. ഒരു എസ്.ഐക്ക് വേണ്ട ഫിസിക് അന്ന് എനിക്ക് ഇല്ലാതിരുന്നിട്ടും എന്റെ അഭിനയത്തെ വിശ്വസിച്ച് അരുൺ അയ്യപ്പൻ എന്ന കഥാപാത്രം തന്ന രഞ്ജിത്ത് സാറിനും കാസ്റ്റിങ് ഡയറക്ടർ ശാലിനിക്കും ഒരുപാട് നന്ദി. അങ്ങനെ ഞാൻ കാത്തിരുന്ന എന്റെ വെള്ളിയാഴ്ച എത്തി.

ഇറങ്ങുന്ന മിക്ക സിനിമകളും തിയേറ്ററിൽ പോയി കാണുന്ന ഞാൻ 2026 സെപ്റ്റംബർ 18 വെള്ളിയാഴ്ച പോയത്, ഞാൻ അഭിനയിച്ച സിനിമ കാണാനാണ്- ലോ ആൻഡ് ഓർഡർ.

സിനിമ കണ്ടതിന് ശേഷം ഒരുപാടുപേർ വിളിച്ചു നല്ല അഭിപ്രായങ്ങൾ പറഞ്ഞു അഭിനന്ദിച്ചു. അരുൺ അയ്യപ്പനെ സ്‌നേഹിച്ച എല്ലാവർക്കും, എന്റെ അച്ഛനും അമ്മയ്ക്കും എന്റെ നാടക ആശാൻ ജോബ് മാമനും എന്റെ നാടകക്കാർക്കും സുഹൃത്തുക്കൾക്കും എന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കും എന്റെ സ്‌നേഹവും നന്ദിയും. ഇവിടെവരെ എത്തിച്ച എന്റെ നാടകങ്ങൾക്കും നന്ദി. ഇത് എന്റെ നല്ലൊരു തുടക്കം മാത്രം.

Content Highlights: Debutant actor Rithudev Ayyappan shared an emotional social media post following the release of 'Law and Order'. He plays Arun Ayyappan, a young police SI, in the Ranjith directorial starring Prakash Varma and Abhirami. Rithudev recalled playing Mammootty's childhood role in the 2014 film 'Manglish', which was cut from the final edit. Mammootty makes a cameo appearance in 'Law and Order' as Karikkamuri Shanmughan from 'Black'. The actor expressed gratitude to director Ranjith, casting director Shalini, and his family for supporting his theater journey.