ജയറാമിന് ഋഷഭ് ഷെട്ടിയുടെ സ്നേഹചുംബനം; ഏട്ടന് ഇപ്പോഴാണ് ഒരു പാൻ ഇന്ത്യൻ പടം കിട്ടിയതെന്ന് ആരാധകർ

റിലീസ് കേന്ദ്രങ്ങളിലെങ്ങും മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ് ഋഷഭ് ഷെട്ടി ഒരുക്കിയ കാന്താര: ചാപ്റ്റർ 1. മലയാളികളുടെ പ്രിയതാരം ജയറാമാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിലെത്തിയത്. ബാംഗ്രയിലെ മഹാരാജാവായ രാജശേഖരൻ എന്ന കഥാപാത്രമായാണ് അദ്ദേഹമെത്തിയത്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ജയറാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഋഷഭ് ഷെട്ടി തന്നെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന ചിത്രമാണ് ജയറാം പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനുശേഷം ന്യൂഡൽഹിയിൽ വെച്ച് കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും സൗഹൃദം പങ്കുവെച്ചതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജയറാം ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകരുടെ ആവേശം വർദ്ധിച്ചു. ഇരുവരേയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ പ്രതികരണങ്ങളുമായെത്തി. കാന്താരയിൽ രണ്ടുപേരും ഗംഭീരമായെന്ന് ആരാധകർ പറഞ്ഞു. മറ്റുചിലർ സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെയും പ്രശംസിച്ചു.
ജയറാമിന് ഒടുവിൽ ഒരു യഥാർത്ഥ 'പാൻ ഇന്ത്യൻ' പടം (സിനിമ) ലഭിച്ചു എന്നായിരുന്നു ഒരു കമന്റ്. ഇത് സിനിമയുടെ വിശാലമായ സ്വീകാര്യതയ്ക്ക് അടിവരയിടുന്നു. ഈ നടന്മാരെ ഉൾപ്പെടുത്തി കൂടുതൽ പാൻ-ഇന്ത്യൻ പ്രോജക്റ്റുകൾ ചെയ്യണമെന്നാണ് മറ്റുചിലർ ആവശ്യപ്പെട്ടത്. ജയറാം ഇത്രയും കാലം എവിടെയായിരുന്നു. നിങ്ങളുടെ കഴിവുകൾ ഇത്രനാളും തിരിച്ചറിയപ്പെടാതെ കിടക്കുകയായിരുന്നു. ജയറാമിനെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നു എന്നെല്ലാം നീളുന്നു മറ്റു പ്രതികരണങ്ങൾ.
300 കോടിയിലേറെയാണ് കാന്താര: ചാപ്റ്റർ 1-ന്റെ ഇപ്പോഴത്തെ ബോക്സോഫീസ് കളക്ഷൻ. രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, പ്രമോദ് ഷെട്ടി, നവീൻ ഡി പാടീൽ, രാകേഷ് പൂജാരി, പ്രകാശ് തുമിനാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
Content Highlights: Rishab Shetty and Jayaram share a heartwarming reunion in Delhi after the phenomenal success of `Kantara: Chapter 1`. Fans celebrate their pan-Indian hit.