ആരും എനിക്കൊപ്പം ജോലി ചെയ്യാൻ തയ്യാറായില്ല, ആഗ്രഹിച്ചതൊന്നും ലഭിക്കാത്ത അവസ്ഥ വന്നു -റിയ ചക്രബർത്തി

തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ റിയ ചക്രബർത്തി. ആരും തന്നോടൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു കാലഘട്ടമുണ്ടായിരുന്നെന്ന് അവർ പറഞ്ഞു. പത്തു വർഷത്തിലേറെയായി താൻ കെട്ടിപ്പടുത്ത അഭിനയമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ഒരു ഘട്ടത്തിൽ ഭയപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം, ഹൻസൽ മേത്തയുടെ വരാനിരിക്കുന്ന പരമ്പരയിലൂടെ റിയ തിരിച്ചുവരാനൊരുങ്ങുകയാണ്.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രതിസന്ധിഘട്ടത്തേക്കുറിച്ച് റിയ ചക്രബർത്തി തുറന്നുസംസാരിച്ചത്. പത്തു വർഷത്തിലേറെയായി താൻ കെട്ടിപ്പടുത്ത അഭിനയമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ഒരു ഘട്ടത്തിൽ ഭയപ്പെട്ടിരുന്നുവെന്ന് റിയ വെളിപ്പെടുത്തി. അവസരങ്ങൾ പൂർണമായും ഇല്ലാതായ ആ കാലഘട്ടത്തിൽ തന്റെ ആഗ്രഹങ്ങൾ മാറ്റിവെക്കാൻ നിരവധി തെറാപ്പി സെഷനുകൾ ആവശ്യമായി വന്നു. അഭിനയത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും നിർത്താൻ നിർബന്ധിതയായി. ആഗ്രഹിച്ച ഒന്നും ലഭിക്കാത്ത അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നതെന്നും റിയ ഓർക്കുന്നു.
ഹൻസൽ മേത്തയുടെ പ്രോജക്റ്റ് ആദ്യം വന്നപ്പോൾ ആദ്യം അത് നിരസിക്കുകയാണ് ചെയ്തതെന്ന് റിയ ചക്രബർത്തി പറഞ്ഞു. "ഹൻസൽ സാറും എഴുത്തുകാരനും എന്നോട് ചോദിച്ചു എന്താണ് എന്നെ തടയുന്നതെന്ന്. ഞാൻ പറഞ്ഞു, ഞാൻ അഭിനയം ഉപേക്ഷിച്ചെന്ന്. അപ്പോൾ അവർ പറഞ്ഞു അഭിനയിക്കുന്നതിലെ മികവിനേക്കാൾ ഉപരിയായി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുക എന്നതാണ് പ്രധാനമെന്ന്. ആ സിനിമ ചെയ്യാമെന്ന് സമ്മതിച്ചതിൽ സന്തോഷമുണ്ട്. സെറ്റിൽ വരുന്നത് വളരെ വ്യത്യസ്തമായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വളരെ വലിയൊരു ജീവിതം ജീവിച്ചു. ഇത് സൈക്ലിങ് പോലെയാണ്, ഒരിക്കലും മറക്കാത്ത ഒന്ന്." അവർ വ്യക്തമാക്കി.
തന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന സുഹൃത്തുക്കളെക്കുറിച്ച് റിയ വികാരാധീനയായാണ് സംസാരിച്ചത്. തന്നെ പരസ്യമായി പിന്തുണച്ചതിന്റെ പേരിൽ ഗായികയും നടിയുമായ ഷിബാനി ദണ്ഡേക്കർക്ക് പല ബ്രാൻഡ് എൻഡോഴ്സ്‌മെന്റുകളും നഷ്ടമായ വിവരം വൈകിയാണ് അറിഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് മനുഷ്യത്വത്തിന്റെ ക്രൂരമായ വശവും ഏറ്റവും മനോഹരമായ വശവും താൻ അനുഭവിച്ചറിഞ്ഞു. അഭിനയത്തിലേക്ക് ഇനി ഒരിക്കലും മടങ്ങിവരുമെന്ന് താൻ കരുതിയിരുന്നില്ലെന്നും 'ഫാമിലി ബിസിനസ്' എന്ന പരമ്പരയിലൂടെയുള്ള ഈ തിരിച്ചുവരവ് വലിയൊരു മാറ്റമാണെന്നും റിയ കൂട്ടിച്ചേർത്തു.
Content Highlights: Rhea Chakraborty returns to acting after years of no work. Hansal Mehta`s new series marks her comeback. She also praises friends like Shibani Dandekar for their support.