‘പേവിഷബാധയേറ്റവളെന്ന് വിളിച്ചു, നിന്റെയൊക്കെ വീട്ടിൽവന്ന് നീയൊക്കെ ചെയ്തത് ഞാൻ വിളിച്ചുപറയും’

തന്റെ സ്വകാര്യ ജീവിതത്തെയും മുൻ ഭർത്താവ് പവൻ കല്യാണുമായുള്ള ബന്ധത്തെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നടി രേണു ദേശായി. തന്റെ വ്യക്തിത്വത്തെ ഹനിക്കുന്ന രീതിയിലുള്ള അശ്ലീല കമന്റുകളും നിരന്തരമായ വേട്ടയാടലുകളും സഹിക്കാവുന്നതിനപ്പുറമായെന്ന് താരം വ്യക്തമാക്കി. വർഷങ്ങളായി തുടരുന്ന ഈ ആക്രമണം അവസാനിപ്പിക്കാൻ സൈബർ പോലീസിന്റെ സഹായം തേടുമെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും അവർ വീഡിയോയിലൂടെ അറിയിച്ചു.
2012-ൽ നടന്ന വിവാഹമോചനത്തിന് ശേഷം ഓൺലൈൻ വഴിയുള്ള ആക്രമണം വർദ്ധിച്ചുവരികയാണെന്ന് രേണു ദേശായി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരിയിൽ തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന ഒരു പത്രസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം സൈബർ ആക്രമണങ്ങൾ വീണ്ടും ശക്തമായി. ഈ പത്രസമ്മേളനത്തിൽ പങ്കെടുത്താൽ വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. എന്നാൽ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് പരിഹാസമാക്കി മാറ്റുകയായിരുന്നെന്നും അവർ പറഞ്ഞു.
തനിക്ക് ലഭിച്ച സന്ദേശങ്ങൾ അത്യന്തം അലോസരപ്പെടുത്തുന്നതും മര്യാദയില്ലാത്തതുമാണെന്ന് അവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾ വർഷങ്ങളായി തുടരുകയാണെന്നും, തനിക്കെതിരെ ഉപയോഗിക്കുന്ന ഭാഷ അങ്ങേയറ്റം മോശമാണെന്നും അവർ വ്യക്തമാക്കി. അസഭ്യവർഷവും അപകീർത്തികരവുമായ ഭാഷ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു.
"ഇനി എന്റെ നേർക്ക് ആരെങ്കിലും അധിക്ഷേപം ചൊരിഞ്ഞാൽ ഞാൻ വെറുതെയിരിക്കില്ല! സൈബർ പോലീസിനെക്കൊണ്ട് നിങ്ങളുടെ വിലാസം കണ്ടെത്തി അറസ്റ്റ് ചെയ്യിക്കും! അനാവശ്യമായ അധിക്ഷേപങ്ങൾക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇപ്പോൾ. നിങ്ങൾക്ക് മനസ്സില്ലേ? എന്നെ പേവിഷബാധയേറ്റവളെന്ന് വിളിക്കുകയും എന്റെ സ്വകാര്യ ഭാഗങ്ങളിൽ നായ്ക്കൾ കടിക്കട്ടെ എന്ന് പറയുകയും ചെയ്യുന്നു. എന്ത് ഭാഷയാണിത്? ഞാൻ ഇനി മിണ്ടാതിരിക്കില്ല. എന്റെ സ്വാധീനം ഉപയോഗിച്ച് നിങ്ങളുടെ വീടുകളിൽ വന്ന് നിങ്ങൾ ചെയ്ത കാര്യങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് പറയും." രേണുവിന്റെ വാക്കുകൾ.
"2012-ൽ വിവാഹമോചനം നേടിയതിന് ശേഷം പലതരം കാര്യങ്ങൾ എന്നെക്കുറിച്ച് കേൾക്കുന്നു. എന്റെ വ്യക്തിജീവിതത്തിലെ എല്ലാ വശങ്ങളും നിങ്ങൾ പരിശോധിച്ചു. ഞാൻ എത്ര ജീവനാംശം വാങ്ങിയെന്നും ഏത് രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു എന്നതിനെക്കുറിച്ചൊക്കെ അഭിപ്രായം പറയുകയും ചെയ്തു. എന്നെക്കുറിച്ച് പറയാൻ ഇനി ഒന്നും ബാക്കിയില്ലെന്ന് ഞാൻ കരുതി. എന്റെ അഭിനയത്തെ, എന്റെ ജോലിയെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് പറയൂ, അത് അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാൽ ഓരോ തവണയും നിങ്ങൾ എന്റെ വ്യക്തിജീവിതം ചർച്ചയാക്കുന്നു." രേണു ദേശായി കൂട്ടിച്ചേർത്തു.
പവൻ കല്യാണുമായുള്ള 2001 മുതലുള്ള ബന്ധവും 2009-ലെ വിവാഹവും 2012-ലെ വേർപിരിയലും നിരന്തരം ട്രോളർമാർ രേണു ദേശായിക്കെതിരായ അധിക്ഷേപങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയാണിപ്പോൾ അവർ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Renu Desai threatens legal action against online trolls., The harassment is linked to her past with ex-husband Pawan Kalyan., Abuse escalated after her public appearance regarding street dog attacks., She vows to involve cyber police to track down and arrest offenders.