'ഞാൻ മോദിയുടെ അന്ധഭക്ത'; 'ധുരന്ധർ 2'-ന് പ്രശംസയുമായി നടി രേണു ദേശായി

#Movies Desk
'ധുരന്ധര്‍ 2' പോസ്റ്റര്‍, രേണു ദേശായി | Photo: X/ CineAura, Instagram/ Renu Desai
'ധുരന്ധര്‍ 2' പോസ്റ്റര്‍, രേണു ദേശായി | Photo: X/ CineAura, Instagram/ Renu Desai

രൺവീർ സിങ്- ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദ റിവഞ്ചി'ന് പ്രശംസയുമായി നടിയും പവൻ കല്യാണിന്റെ മുൻഭാര്യയുമായ രേണു ദേശായി. ഇന്ത്യൻ സൈന്യത്തേയും രഹസ്യാന്വേഷണ ഏജൻസികളേയും ബഹുമാനിക്കുന്ന എല്ലാവരും ചിത്രം കാണണമെന്ന് അവർ അഭിപ്രായപ്പെട്ടു. 'ധുരന്ധർ 2-ൽനിന്നുള്ള ഭാഗങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചായിരുന്നു രേണു ദേശായി പ്രശംസ ചൊരിഞ്ഞത്.

'ഇന്ത്യൻ സൈന്യത്തോടും രഹസ്യാന്വേഷണ ഏജൻസികളോടും ഒരുതരിയെങ്കിലും ബഹുമാനമുണ്ടെങ്കിൽ ധുരന്ധർ ഒന്നും രണ്ടുംഭാഗങ്ങൾ കാണണം. അവർ കാരണമാണ് നമുക്ക് വീട്ടിൽ സമാധാനമായി കിടന്നുറങ്ങാനും അതിന്റെ സുഖശീതളിമയിലിരുന്ന് രാജ്യത്തെ കുറ്റം പറയാനും സാധിക്കുന്നത്', എന്നായിരുന്നു രേണു ദേശായിയുടെ ഒരു പോസ്റ്റ്. ചിത്രത്തിൽ ഭഗവദ്ഗീതയെ ഉദ്ധരിക്കുന്ന ഭാഗം പങ്കുവെച്ചായിരുന്നു രേണുദേശായിയുടെ കുറിപ്പ്. സംവിധായകൻ ആദിത്യ ധറിനെ ഉൾപ്പെടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട്.

തുടർന്നുള്ള സ്‌റ്റോറിയിലാണ് നടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചത്. ചിത്രത്തിൽ ബഡാ സാബ് എന്ന ദാവൂദ് ഇബ്രാഹിമിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിനൊപ്പമാണ് കുറിപ്പ്. 'ചായവിൽപ്പനക്കാരൻ അധികാരത്തിൽവന്നതുമുതൽ ഞങ്ങളുടെ ആളുകളുടെയുള്ളിൽ പേടിയാണ്', സംഭാഷണമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. 'പ്രധാനമന്ത്രി മോദിജിയുടേയും ബിജെപിയുടേയും അന്ധഭക്തയാണ് ഞാൻ', എന്നായിരുന്നു രേണു ദേശായി ഇതിനൊപ്പം കുറിച്ചത്.

രേണു ദേശായിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി | Photo: Screen grab/ Instagram: Renu Desai

അതേസമയം, ചിത്രം പുറത്തിറങ്ങി മൂന്നുദിവസം പിന്നിടുമ്പോൾ 500 കോടിയും കടന്ന് കളക്ഷനിൽ കുതിക്കുകയാണ്. 100 കോടിയാണ് ശനിയാഴ്ച ഇന്ത്യയിലെ തിയേറ്ററുകളിൽനിന്ന് മാത്രം ചിത്രം വാരിയത്. 150 കോടിയാണ് ശനിയാഴ്ചത്തെ ആഗോളകളക്ഷൻ.

19-ന് ഔദ്യോഗികറിലീസായി എത്തിയ ചിത്രം, തലേദിവസം നടത്തിയ പെയ്ഡ് പ്രീമിയറിൽനിന്നുമാത്രം 75 കോടി കളക്ഷൻ നേടി. ആദ്യദിവസം 165 കോടിയും ചിത്രം ബോക്‌സ് ഓഫീസിൽനിന്ന് വാരി. ഞായറാഴ്ച 130 കോടിവരെ ഇന്ത്യയിൽനിന്നുമാത്രം ലഭിച്ചേക്കാമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

Content Highlights: Renu Desai expresses admiration for the film Dhurandhar 2. The actress urges citizens to respect the Indian Army and intelligence agencies. Renu Desai publicly declares herself a supporter of PM Narendra Modi. Dhurandhar 2 crosses 500 crores in global box office collections